പരിഭാഷ : -പ്രസന്ന കെ വർമ്മ
തുടക്കം 2023ൽ ആണ്; മഹാമാരിയുടെ പിടി അയഞ്ഞുതുടങ്ങിയ കാലം. ജീവിതം വീണ്ടും തുടങ്ങുക എന്നാൽ മുംബൈയിലേക്ക് മാറിത്താമസിക്കുക എന്നായിരുന്നു എന്റെ മനസ്സിൽ. കാരണം നഗരത്തിൽ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷയുണ്ട്, അവിടെ നാടകപ്രവർത്തകർക്ക് വേതനവും ഉണ്ട് – പേരിനേയുള്ളൂ, അത് സാരമില്ല; അതൊക്കെ മാറ്റിയെടുക്കാനാണല്ലോ ഞാൻ പോകുന്നത്. എന്റെ ശുഭാപ്തിവിശ്വാസം തീരെ വറ്റിപ്പോയിരുന്നില്ല.
സ്‌കൂളുകളിൽ നാടകം പഠിപ്പിക്കുവാനുള്ള അദ്ധ്യാപകരെ നൽകുന്ന പ്രശസ്തമായ ഒരു കമ്പനിയിൽ തിയേറ്റർ ഫസിലിറ്റേറ്റർ എന്ന ജോലി കിട്ടി എനിക്ക്. എന്റെ സഹപ്രവർത്തകരിൽ അധികംപേരും നാടകപരിശീലനം കിട്ടാത്തവരായിരുന്നു എന്നതുകൊണ്ട് ആ ജോലി എനിക്കത്ര സുഖകരമായി തോന്നിയില്ല. പരിശീലനം ലഭിച്ച തിയേറ്റർ ആർട്ടിസ്റ്റ് അവിടെ ഞാൻ മാത്രമായിരുന്നിരിയ്ക്കണം, പക്ഷെ കമ്പനി തിയേറ്ററിന്റെ പേരും പറഞ്ഞ് കാശുണ്ടാക്കുന്നുണ്ട്. തിയേറ്റർ രംഗത്ത് യാതൊന്നും ചെയ്യുന്നുമില്ല. എങ്കിലും ആ ജോലി എനിക്ക് ആവശ്യമുണ്ടായിരുന്നു. എന്റെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 11,0000 രൂപയാണ്. ഊർജ്ജതന്ത്രത്തിൽ MSc നേടിയിട്ട് ഒരു കൊല്ലം കഴിഞ്ഞു. NET അല്ലെങ്കിൽ SET എഴുതാൻമാത്രമുള്ള ബന്ധമൊന്നും അദ്ധ്യാപനരംഗവുമായി ഇപ്പോഴില്ല. ആ വഴി അടഞ്ഞുകഴിഞ്ഞു.
ദിവസവും കാലത്ത് ഞാനൊരു നാടക അദ്ധ്യാപികയുടെ വേഷത്തിലേക്ക് കയറും. യുവമനസ്സുകളെ മാറ്റിമറിക്കുവാൻ ശക്തിയുള്ള തിയേറ്റർ പ്രസ്ഥാനത്തെ അവരിലേക്കെത്തിക്കുകയാണ് ഞാൻ എന്ന് സ്വയം വിശ്വസിപ്പിക്കുവാൻ കിണഞ്ഞു ശ്രമിക്കും. ജോലിസമയം രാവിലെ എട്ടുമുതൽ വൈകുന്നേരം നാലുവരെ ആയിരുന്നു. തിങ്കൾ മുതൽ ശനി വരെ. അതിനെനിക്ക് കിട്ടിയിരുന്നത് മാസം 8000 രൂപയും – അതും അവധി എടുത്തില്ല എങ്കിൽ മാത്രം.

അതിജീവനത്തിന്റെ കൂട്ടലും കിഴിക്കലും ആയിരുന്നു പിന്നത്തെ പണി. 11,500 രൂപ വാടകയിനത്തിൽ അപ്രത്യക്ഷമാവും. 2500 രൂപ റെന്റോമോജോ കൊണ്ടുപോവും. ഞാൻ ഒരു എഴുത്തുകാരിയാണെന്ന് മറന്നുപോകാതിരിക്കുവാൻവേണ്ടി ഒരു മുന്തിയ കസേരയും മേശയും ഞാൻ വാടകയ്‌ക്കെടുത്തിരുന്നു. ആരെ ഫോറസ്റ്റ് ഭാഗത്ത് രണ്ടുപേർ പങ്കിട്ടെടുത്തിരുന്ന വാടക ഫ്ലാറ്റിൽ എന്റെ മുറിയിലെ വീട്ടുസാമാനം ആ മേശയും കസേരയും മാത്രമായിരുന്നു . തേർഡ് വേവ് കോഫിയുടെ വിയന്ന റോസ്റ്റിന് മെമ്പർ കിഴിവ് കഴിഞ്ഞ് 453 രൂപ. നല്ല കാപ്പി ഇല്ലാതെ പറ്റില്ല. ഒരു നല്ല കാപ്പി അടുക്കളയിൽ എന്നെ കാത്തിരിപ്പുണ്ട് എന്ന ചിന്ത മാത്രമായിരുന്നു ചില പുലരികളിൽ എന്നെ എഴുന്നേൽപ്പിച്ചിരുന്നത്.
അപ്പോൾ മാസച്ചെലവിന് 3547 രൂപയാണ് ബാക്കി. അതുകൊണ്ട് ഓട്ടോറിക്ഷ ചാർജ്, ബസ് ടിക്കറ്റ്, മെട്രോ ടിക്കറ്റ്, സാനിറ്ററി നാപ്‌കിൻ, സൺസ്‌ക്രീൻ, നാടക ടിക്കറ്റുകൾ ( പതിവായി നാടകം കാണണം, അതേയുള്ളു ഒരു പഠനം ) ഇതെല്ലാം ഒപ്പിക്കണം; പിന്നെ തീർച്ചയായും വേണമല്ലോ … ആഹാരം!
തിയേറ്ററിനു വേണ്ടിയാണ് ഈ കോൺക്രീറ്റ് കാട്ടിലേക്ക് പറിച്ചുനട്ടത്, അത് കൊണ്ടുനടന്നേ പറ്റൂ. ഞാൻ നാടകത്തിൽ അഭിനയിക്കുവാൻ അവസരം തേടിത്തുടങ്ങി. ഞാൻ വിശ്വസിച്ചിരുന്ന തിയേറ്ററിൽ നിന്ന്, ഞാൻ വിശ്വസിച്ചിരുന്ന രാഷ്ട്രീയത്തിൽനിന്ന് എല്ലാം ഏറെ അകലെയായിരുന്നു അതെല്ലാം. ദിവസം ചെല്ലുംതോറും റിഹേഴ്സൽ മുറി ഒട്ടും പ്രൊഫഷണൽ അല്ലാതെയായിത്തുടങ്ങി. എങ്കിലും ഞാൻ വിട്ടുപോയില്ല, റിഹേഴ്സലിന്റെ അവസാനം കിട്ടിയിരുന്ന ഊണായിരുന്നു അതിൻ്റെ കാരണം. അന്നേ ദിവസത്തെ എന്റെ ഒരേയൊരു ശരിയായ ആഹാരം. കുറച്ച് ചോറ്, കുറച്ചു തോരൻ, കുറച്ചു പരിപ്പ്, പിന്നെ ഒപ്പമിരുന്നുണ്ണാനും സംസാരിക്കാനും ചുറ്റും കുറച്ച് ആൾക്കാരും.
ആഹാരം വിനിമയമൂല്യമുള്ള ധനമാണെന്ന് മനസ്സിലാക്കുവാൻ എനിക്ക് കുറച്ചുനാൾകൂടി കഴിയേണ്ടിവന്നു.

മുംബൈയിലേക്ക് താമസം മാറ്റി ഒരുകൊല്ലം കഴിഞ്ഞപ്പോൾ ഞാനെന്റെ ആദ്യത്തെ നാടകമായ ദി അപ്പോളജിയുടെ പണിതുടങ്ങി. ആ നഗരത്തിലെ നാടകപ്രവർത്തനങ്ങളുടെ രീതി എന്താണെന്ന് എനിക്ക് പിടികിട്ടിവരുന്നതേയുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ഒരു പ്രൊഡ്യൂസറെ നിയമിച്ചിരുന്നു ഞാൻ. അദ്ദേഹത്തോടുള്ള വിശ്വാസത്തിന്മേലാണ് കാര്യങ്ങൾ മുന്നോട്ടുപോയിരുന്നത്. അഭിനേതാക്കൾക്ക് വേതനത്തിന് പുറമെ യാത്ര ബത്തയും കൂടി കൊടുത്താലോ എന്ന് സംസാരത്തിനിടയിൽ ഒരു ദിവസം ഞാൻ അഭിപ്രായപ്പെട്ടു; എനിയ്ക്കു കിട്ടിയിരുന്ന ഗ്രാന്റിന്റെ ‘വലിപ്പം’ കൊണ്ട് വേതനം തന്നെ തീരെ കുറവ് – പ്രൊഡ്യൂസറുടെ ആശയം പക്ഷെ മറ്റൊന്നായിരുന്നു.
“ നമുക്ക് ഭക്ഷണം ഏർപ്പാടാക്കാം അവർക്ക്.”
അതൊരു പുതിയ സമ്പ്രദായമായി തോന്നിയതുകൊണ്ട് ഞാനും സമ്മതിച്ചു.
റിഹേഴ്സൽ തുടങ്ങി ഏതാനും ആഴ്ചകൾ കഴിഞ്ഞതോടെ ഭക്ഷണത്തിന്റെ രുചി കുറഞ്ഞുകുറഞ്ഞു വന്നത് എനിക്ക് വിചാരിച്ചതിലധികം മനശ്ശല്യം ഉണ്ടാക്കി. പണം കൊടുക്കേണ്ടിടത്ത് ആഹാരം ഉപയോഗിക്കുകയാണ് ഞങ്ങൾ എന്നതുതന്നെ സുഖമുള്ള കാര്യമായിരുന്നില്ല. ത്യാഗങ്ങൾക്ക് വലിയ കാൽപ്പനിക പരിവേഷം നൽകുന്ന ഒരു രീതി നാടകരംഗത്തുണ്ട്; ഇവിടെ അങ്ങനെയാവരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്റെ നാടകത്തിൽ അഭിനയിക്കുന്നവർക്ക് അർഹമായ പ്രതിഫലം കിട്ടിയേ പറ്റൂ. അതിനുള്ള പണം എന്റെ കൈവശമില്ലതാനും. അവർക്കുവേണ്ടി പാചകം ചെയ്യുക എന്നതായിരുന്നു എന്നെക്കൊണ്ട് സാധിക്കുന്ന ഒരേയൊരു കാര്യം. നാലുമണിക്കൂർ നീണ്ട റിഹേഴ്സൽ തീരുമ്പോൾ അങ്ങനെ ഞാൻ അടുക്കളയിലേക്ക് കടക്കാൻ തുടങ്ങി. മെല്ലെമെല്ലെ എല്ലാവരും കൂട്ടത്തിൽ ചേർന്നു. അഭിനേതാക്കളിൽ ഒരാൾ കുടുംബസമേതം മുംബൈയിൽ താമസിച്ചിരുന്ന ആളായിരുന്നതുകൊണ്ട് വീട്ടിൽനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി. ആരെങ്കിലുമൊരാൾ പച്ചക്കറി അരിയും, ഒരാൾ അടുപ്പത്തുവെച്ച പരിപ്പ് ഇളക്കും, മറ്റൊരാൾ പാത്രം കഴുകും. അവനവന്റെ പാർപ്പിടങ്ങളിലേക്ക് തിരിയ്ക്കുംമുൻപ് ഞങ്ങളെല്ലാം ഒരുമിച്ചിരുന്ന് കഴിക്കും. ശരിയായ പ്രതിഫലത്തിന് പകരമാവില്ല, പങ്കിട്ടു കഴിക്കുന്ന ഊണ് എന്നെനിക്ക് അറിയാം; എങ്കിലും നീളൻ റിഹേഴ്സലുകളെ അത് കുറച്ചെങ്കിലും കരുണയുള്ളതാക്കുമെന്ന് ഞാൻ ആഗ്രഹിച്ചു.
സിനിമാതാരങ്ങളോട് പത്രപ്രവർത്തകർ പലപ്പോഴും ചോദിക്കുന്നതുകേൾക്കാറുണ്ട് അവരെന്തൊക്കെയാണ് ഒരു ദിവസം കഴിക്കുക എന്ന്. എന്നെങ്കിലും ഒരു താരമായശേഷം അങ്ങനെയൊരു അഭിമുഖത്തിൽ ഇരിക്കുന്നതായി സ്വയം സങ്കല്പിക്കാറുണ്ട് ഞാൻ. ഈ ചോദ്യത്തിന് എന്റെ ഉത്തരം “ വടാ പാവ്, വടാ പാവ്, പിന്നെ കാപ്പി” എന്നായിരിക്കും.
അപ്പോഴാവും എന്റെ ഫോൺ അടിക്കുക.
മറുതലയ്ക്കൽ അമ്മയുടെ ചോദ്യം, “ ഖേയെചിഷ് ?” ( നീ കഴിച്ചോ?)
“ഹ്യേൻ മാ , മാങ്ഷോ ഓർ ബാത് ഖേയെചി.” ( ഉവ്വ് അമ്മാ . ഇറച്ചിയും ചോറും കഴിച്ചു.)

ഒരുവർഷം പിന്നിലേക്കുപോകാം. അത്താഴവും അത്താഴം കഴിക്കുവാൻ കൂട്ടുകാരും ഉണ്ടാകുമെന്ന ഒരേ ഒരു കാരണംകൊണ്ട് അസഹനീയമായ ഒരു നാടകം ഞാൻ ചെയ്തുകൊണ്ടിരുന്ന സമയമാണത്. ഒറ്റയ്ക്കിരുന്നല്ലാതെ ഞാൻ അന്ന് കഴിച്ചിരുന്ന ആഹാരം ദിവസത്തിൽ അതു മാത്രമായിരുന്നു.
ഒരുദിവസം റിഹേഴ്സൽ മുന്നറിയിപ്പില്ലാതെ വേണ്ടെന്നുവെച്ചു.
അന്ന് അത്താഴം സൗജന്യമല്ലെന്നർത്ഥം.
എന്റെ അക്കൗണ്ടിൽ ഇരുന്നൂറു രൂപയിൽ താഴെയേ ഉണ്ടായിരുന്നുള്ളൂ. അതുപോലുള്ള ദിവസങ്ങളിൽ വിശപ്പറിയാതിരിക്കുവാൻ ഞാൻ നേരത്തെ ഉറങ്ങുകയാണ് പതിവ്. പക്ഷെ കുറെ നാളുകൾക്കുശേഷം അന്നു സന്ധ്യയ്ക്ക് എന്റെ വിലപിടിച്ച എഴുത്തുമേശയ്ക്കു പിന്നിൽ ഒന്നിരിക്കുവാൻ സമയംകിട്ടി. ഞാൻ കുറച്ച് മാഗി ഉണ്ടാക്കി. എന്റെ കീശയി ലൊതുങ്ങുന്നത് നെസ്‌ലെ മാത്രമായിരുന്നു. ബെർടോൾഡ് ബ്രെഹ്തിനെ വായിക്കാൻ വേണ്ടി ലാപ്ടോപ്പ് തുറന്നു. ഞാൻ അത്ര കടുത്ത ഒരു ബംഗാളി ആയതുകൊണ്ടല്ല; ബ്രെഹ്തിന്റെ നൂറ്റിരുപത്തഞ്ചാമത് ജന്മവാർഷികമായിരുന്നതുകൊണ്ട് ഒന്ന് പൊടിതട്ടിയെടുക്കാമെന്ന് കരുതിയതാണ്.
പക്ഷെ കണ്ണുകൾ ഉടക്കിയത് വിശപ്പിലാണ്.
ആഹാരത്തെക്കുറിച്ചും ആഹാരംകഴിക്കുന്നതിനെക്കുറിച്ചുമുള്ള എഴുത്തിന്റെ ഒരു നിധിപേടകമാണ് ഞാൻ കണ്ടെത്തിയത്. റെഫ്യൂജി കോൺവെർസേഷൻസിൽ സിഫെൽ ലാഘവത്തോടെ പറയുകയാണ്, “ നല്ലൊരു ബീഫ് സൂപ്പിന്റെ കൂടെ മാനവികത ഭംഗിയായി ചേരും”. പിന്നെ കണ്ടത് ദി ഷോപ്പർ എന്ന കവിതയാണ്.
ആഹാരം വിളമ്പിവെച്ചിടത്ത്
നാം പട്ടിണിപ്പാവങ്ങളാരും ചെന്നില്ലെങ്കിൽ
നമുക്കൊന്നും ആവശ്യമില്ലെന്ന് അവർ കരുതിയേക്കാം
നാം ചെല്ലുകയും നമുക്ക് വാങ്ങാൻ കഴിവില്ലാതിരിക്കുകയും ചെയ്താലോ
അവർക്ക് കാര്യം മനസ്സിലാവും.
ഞാൻ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു.
എന്റെ രക്തത്തിലുള്ള വിശപ്പിന്റെ കഥകളോരോന്നും ആ കവിത എന്നെ ഓർമ്മിപ്പിച്ചു. ബംഗാളിലെ മഹാക്ഷാമത്തിന്റെ കഥകൾ; കുറച്ചു ഫേന ചോദിച്ച് (കഞ്ഞിവെള്ളം) ഓരോ വാതിലിലും മുട്ടിയിരുന്ന മനുഷ്യരുടെ കഥകൾ. മറ്റൊന്നും കഴിക്കാൻ ഇല്ലാഞ്ഞതുകൊണ്ട് ബംഗാളി പാചകത്തിലേക്ക് പോപ്പി വിത്തുകൾ കടന്നുകൂടിയ കഥകൾ. വിഭജനകാലത്ത് എന്റെ കുടുംബം ബംഗ്ലാദേശിൽനിന്ന് കുടിയേറിയതിന്റെ കഥകൾ. ബാബ ജോലി ചെയ്തിരുന്ന ഐ ടി കമ്പനി അടച്ചുപൂട്ടിയതിന് ശേഷം അമ്മയും ബാബയും എനിയ്ക്കുള്ള പാലിനുവേണ്ടി കടം വാങ്ങിയതിന്റെ കഥകൾ.

അതെല്ലാം നോക്കുമ്പോൾ എന്റെ വിശപ്പ് വെറുമൊരു നാട്യം പോലെ തോന്നിച്ചു.
അവരുടെ കുടിയേറ്റം അവർ തെരഞ്ഞെടുത്തതായിരുന്നില്ല. അവരുടെ വിശപ്പ് അവർ തെരഞ്ഞെടുത്തതായിരുന്നില്ല. എന്റേത് ഞാൻ സ്വയം വരിച്ചതാണ്.
എന്നുവെച്ച് എന്റെ വിശപ്പ് ഇല്ലാത്തതാണോ?
ആ നിമിഷം എന്റെ ഫോൺ അടിച്ചു.
“ അമ്മാ”
“ഖേയെചിഷ്?”
പകുതി കഴിച്ച മാഗിയുടെ പാത്രത്തിലേക്ക് നോക്കി സ്വല്പം ഫേന ബാത്തും പോസ്തോയും ( കഞ്ഞിയും പോപ്പി സീഡ് ചേർത്ത കറിയും) കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.
എന്നിട്ടും നുണപറയുകയാണ് ഞാൻ ചെയ്തത്.
“ ഹ്യേൻ മാ, ഖേയെചി. കുറച്ചു തിരക്കിലാണ്, അത്രേയുള്ളു.”
അല്പസമയം കഴിഞ്ഞപ്പോൾ അമ്മ എന്റെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചു. അമ്മയ്ക്ക് എന്റെ ശബ്ദത്തിലെ വിശപ്പ് തിരിച്ചറിയാൻ കഴിഞ്ഞുകാണും. അല്ലെങ്കിൽ അമ്മ പാചകക്കാരി ആയതുകൊണ്ടാവും. ബാബ ജോലിയിൽനിന്ന് വിരമിച്ചശേഷം അമ്മ ബംഗാളി വിഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു ബിസിനസ്സ് തുടങ്ങിയിരുന്നു. ആളുകളെ ഊട്ടുകയായിരുന്നു അമ്മയുടെ ജീവിതമാർഗ്ഗം.
ആ പൈസ ഞാൻ ഉടനെ ചെലവാക്കിയില്ല. ഇനി എന്നെങ്കിലും റിഹേഴ്സൽ വേണ്ടെന്നുവെച്ചാൽ അന്നത്തേക്കായി കരുതിവെച്ചു.
“ എന്റെ വിശപ്പിന് സാധുത പോലുമില്ലേ?”
ആ ചോദ്യം എന്റെ മനസ്സിൽനിന്ന് പോയതേയില്ല.
ഖേയെചിഷ് ? 90 മിനുട്ട് ദൈർഘ്യമുള്ള , സ്റ്റേജിൽ പാചകവും കൂടി അവതരിപ്പിക്കുന്ന ഒരു നാടകമാണ് ; അതിന്റെ തുടക്കം പക്ഷെ നാടകമായിട്ടല്ലായിരുന്നു. ആ ചോദ്യത്തിൽ നിന്നാണ് അതുണ്ടായത്.
വിശപ്പ് എന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് ഞാൻ എന്റെ സഹപ്രവർത്തകരോട് സംസാരിക്കാൻ തുടങ്ങി. വാടക കൊടുക്കാൻവേണ്ടി കഴിക്കാതിരുന്ന ഊണുകളെക്കുറിച്ച്, ഫോണിൽ അച്ഛനമ്മമാരോട് പറയാറുള്ള നുണകളെക്കുറിച്ച്, സ്റ്റീൽ ഡബ്ബകളിൽ നഗരം മുറിച്ചു പായുന്ന ആഹാരത്തെക്കുറിച്ച്, റിഹേഴ്സലിനൊപ്പം കിട്ടുന്ന അത്താഴങ്ങളെക്കുറിച്ച്, റിഹേഴ്സൽ വേണ്ടെന്നുവെച്ചാൽ ഇല്ലാതാകുന്ന അത്താഴങ്ങളെക്കുറിച്ച് എല്ലാം ഞങ്ങൾ ചർച്ചചെയ്തു. ചില കൊമേർഷ്യൽ നാടകങ്ങളിൽ പ്രധാന വേഷക്കാർക്കും അപ്രധാനവേഷക്കാർക്കും വെവ്വേറെ ഭക്ഷണമാണ് കൊടുക്കാറുള്ളത് എന്ന് ഞാൻ മനസ്സിലാക്കി. ഡോക്ടറെ കാണേണ്ടിവന്നാൽ അത് വീട്ടിൽ പോയിട്ടാകാമെന്ന് വെച്ചുനീട്ടുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു; അവിടെ അച്ഛനമ്മമാർ ഭക്ഷണവും സാമ്പത്തികവും ഏറ്റെടുത്തോളുമല്ലോ. ഞങ്ങളുടെ തെരഞ്ഞെടുപ്പു തെറ്റായിപ്പോയോ എന്ന് പലപ്പോഴും സ്വയം ചോദിച്ചെങ്കിലും അതൊന്നും വീട്ടിൽ പറയാതിരുന്നു, കാരണം ഈ ജീവിതത്തിനുവേണ്ടി ഞങ്ങൾ അത്രയേറെ സമരം ചെയ്തവരാണ്. ഇത് ഭരതമുനിയുടെ ശാപമാണ്, അത് അനുഭവിച്ചേ തീരൂ.

തെരഞ്ഞെടുപ്പിന് അവസരമുണ്ടെന്ന കാര്യംതന്നെ ഒരു സവിശേഷാധികാരം ആണെന്നും ഞങ്ങൾ ഉറപ്പായും തിരിച്ചറിഞ്ഞിരുന്നു. ക്ഷാമത്തിന്റെയും വിഭജനത്തിന്റെയും പുറന്തള്ളലിന്റെയും കഥകളിലൂടെ പൈതൃകസ്വത്തായി ഞങ്ങൾക്കു കിട്ടിയ വിശപ്പുകളിൽനിന്ന് വ്യത്യസ്തമായി ഞങ്ങളുടേത് സ്വയം തെരഞ്ഞെടുത്ത വിശപ്പാണ്. എന്നാൽ തെരഞ്ഞെടുത്തതാണ് എന്നതുകൊണ്ട് അത് വിശപ്പല്ലാതാകുന്നുമില്ല. ഈ സംവാദങ്ങൾക്കിടയിലെവിടെയോ വെച്ച് ആഹാരവും നാടകവായനയുടെ ഒരു മാർഗ്ഗമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. തിയേറ്ററിന്റെ വലിപ്പച്ചെറുപ്പങ്ങൾ, സാമ്പത്തികവശങ്ങൾ, സ്നേഹവാത്സല്യങ്ങൾ, ഒപ്പം അതിന്റെ വൈരുദ്ധ്യങ്ങളും പുറത്തുകൊണ്ടുവരുന്ന ഒരു മാർഗ്ഗം.
പുതിയൊരു നാടകത്തിന് തിരശ്ശീല ഉയർന്നു.
നാടകം അവതരണത്തിന് തയ്യാറാവുംതോറും എന്റെ പരിഭ്രമം കൂടിക്കൂടി വന്നു. എന്റെ ടീം അംഗങ്ങളായ ധനേഷ്, സിദ്ധേഷ്, ഉത്കർഷ്, സാഗർ എന്നിവരെല്ലാം തുടർച്ചയായി അഭിപ്രായങ്ങൾ പറയുകയും മിനുക്കുപണികൾ ചെയ്യുകയും ചെയ്തിട്ടും നാടകം വല്ലാത്ത ആത്മപ്രഘോഷണം ആകുന്നുവെന്ന തോന്നലായിരുന്നു എനിക്ക്.
ഇന്ന് ഞങ്ങൾ ഖേയെചിഷ്? പലയിടങ്ങളിൽ പല പശ്ചാത്തലങ്ങളിൽ നിന്നുള്ള പലതരക്കാരായ മനുഷ്യർക്കു മുൻപിൽ അവതരിപ്പിച്ചുകഴിഞ്ഞു. നാടകത്തിനുശേഷം നടക്കുന്നതാണ് എപ്പോഴും എന്നെ പിടിച്ചിരുത്തുക. കാണികൾ പോവില്ല. അവർ ആഹാരം കഴിക്കും. എന്നിട്ട് അവരുടെ വിശപ്പിന്റെ കഥകൾ ഞങ്ങൾക്ക് പറഞ്ഞുതരും. കൊണ്ടുവന്ന കഥകളേക്കാൾ കൂടുതൽ കഥകളുമായാണ് ഞങ്ങൾ എല്ലാ തവണയും മടങ്ങുക. അതിശയകരമായ ആ കഥകൾ എന്തുചെയ്യുമെന്നാണ് ഞാൻ ആലോചിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷെ, ഇപ്പോൾ ഞാൻ ഇതാ ഇവിടെയാണ്. കൂടുതൽ കഥകളെ സൃഷ്ടിക്കുന്ന ഒരു സംഗതി ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
എന്റെ അച്ഛനും അമ്മയും നാടകം കണ്ടുതീർന്നപ്പോൾ ഞങ്ങൾക്കിടയിലെ ഒരു വിടവ് നിശ്ശബ്ദം നികന്നുപോയി.
താൻ കടന്നുവന്ന ദുരിതകാലത്തെക്കുറിച്ച് നവാസുദ്ദിൻ സിദ്ദിഖി പറയുന്ന വീഡിയോകൾ അവർ എനിക്ക് അയച്ചുതരാൻ തുടങ്ങി. അദ്ദേഹത്തെപ്പോലൊരാൾക്ക് വ്യവസ്ഥിതിയുടെ കോട്ട തകർക്കാൻ കഴിഞ്ഞെങ്കിൽ നന്നായി പരിശ്രമിച്ചാൽ എനിക്കും അതു സാധിക്കുമെന്നായിരിക്കും അവർ കരുതുന്നത്. ഈയിടെ ഞാൻ വീട്ടിൽചെല്ലുമ്പോൾ എനിക്ക് കഴിച്ചുതീർക്കുവാൻ കഴിയാത്തത്ര ഭക്ഷണം അമ്മ ഉണ്ടാക്കുന്നുണ്ട്; നിറഞ്ഞ വയറിന് പരിഹരിക്കുവാൻ പറ്റാത്ത പ്രശ്നങ്ങളില്ല എന്നാണ് അമ്മയുടെ വിശ്വാസം. ഓരോ തവണ മടങ്ങുമ്പോഴും വീട്ടിലുള്ള സ്റ്റീൽ ഡബ്ബകളിലെല്ലാം പറ്റാവുന്നത്ര ആഹാരം കുത്തിനിറച്ചുതരുന്നുമുണ്ട്, പക്ഷെ ഒരു ഉടമ്പടിയിൽ മാത്രം: അടുത്തപ്രാവശ്യം ചെല്ലുമ്പോൾ ഒറ്റ ഡബ്ബ പോലും വിടാതെ തിരികെ കൊണ്ടുവരണം.
ദിവസത്തിൽ മൂന്നു പ്രാവശ്യം അമ്മ ഇപ്പോഴും ചോദിക്കുന്നുണ്ട്, “ഖേയെചിഷ്?”

