പരിഭാഷ: പ്രസന്ന കെ വർമ്മ
ഓട്ട്സ് എന്ന വസ്തു ആദ്യമായി കാണുവാൻ മുപ്പതുവയസ്സ് കഴിയേണ്ടിവന്നു എനിയ്ക്ക്.
എന്താണ് ഓട്ട്സ് എന്നറിയാഞ്ഞിട്ടല്ല. തീർച്ചയായും എനിയ്ക്കതറിയാമായിരുന്നു; ചെറുപ്പകാലത്ത് ഞാൻ വായിച്ചുകൂട്ടിയ പുസ്തകങ്ങളിലെല്ലാം ( മിക്കവാറും ബ്രിട്ടീഷ് ) കുതിരകളെ ഓട്ട്സ് തീറ്റുന്ന രംഗങ്ങൾ ധാരാളമായിരുന്നു. വല്ലപ്പോഴുമെങ്കിലും ചില പട്ടിണിപ്പാവങ്ങളായ കർഷകരും ഓട് മീൽ കഴിക്കുന്നതായും വായിച്ചിട്ടുണ്ട്.
സത്യം പറയാമല്ലോ ഓട്ട്സ് തരിമ്പുപോലും എന്നെ മോഹിപ്പിച്ചില്ല. ബ്ലാക്ക് പുഡ്‌ഡിങ്ങും ഹാഗസ്സും , സ്പോട്ടഡ് ഡിക്കും സമ്മർ പുഡ്‌ഡിങ്ങുമെന്നെല്ലാം കേൾക്കാൻ കുറച്ചെങ്കിലും രസമുണ്ട് – ഏറിയും കുറഞ്ഞും അറപ്പുണ്ടാക്കുന്നതാണ് ചിലത്, താരതമ്യേന ആകർഷകത്വമുള്ളതാണ് ചിലത്. ആഹാരത്തിന്റെ കാര്യത്തിൽ എനിക്കൽപ്പം സാഹസികതയൊക്കെയുള്ളതുകൊണ്ട് ഇവയൊക്കെ എന്നെങ്കിലും പരീക്ഷിച്ചുനോക്കണമെന്ന് എനിയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. പക്ഷെ ഓട്ട്സ് അപ്പോഴും അതിൽപ്പെട്ടില്ല.
2006ൽ പെപ്സികോ ഇൻഡ്യ ക്വെക്കർ ഓട്ട്സ് ഇന്ത്യയിൽ എത്തിച്ചു. പുഞ്ചിരിതൂകുന്ന ആ ക്വെക്കർ അമ്മാവൻ ( ലാറി എന്നാണ് കേട്ടോ അദ്ദേഹത്തിന്റെ പേര്) നമ്മുടെ അയൽപക്കത്തെ കടയിലെ ചില്ലലമാരയിലും ഒരു സുപ്രഭാതത്തിൽ ഇരിപ്പുപിടിച്ചു. അതിന്റെപേരിൽ ഇത്രയ്ക്കും കോലാഹലം എന്തിനാണെന്നറിയുവാൻ എനിക്ക് വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല കേട്ടോ. പ്രാതലിന് പഞ്ചസാര ചേർത്ത നല്ല ചൂടു ഗോതമ്പുകഞ്ഞി ഇഷ്ടപ്പെട്ടിരുന്ന പല ഇന്ത്യക്കാർക്കും ഒരുപാടുനേരം അടുപ്പിൽവെക്കാതെ വേഗം തയ്യാറാക്കിയെടുക്കാവുന്ന റോൾഡ് ഓട്ട്സ് ഒരു എളുപ്പപ്പണിയായി. ഒരുകാലത്തും കഞ്ഞി ഇഷ്ടപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയൊരാൾക്ക് അതും ഒരു അനാവശ്യവസ്തുവെന്നേ തോന്നിയുള്ളൂ.
2008ൽ എനിക്ക് അസുഖം ബാധിക്കുകയും തുടർന്ന് ഒരുപിടി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടുപിടിക്കുകയും ചെയ്തതോടെ സംഗതി മാറി. കൊളസ്‌ട്രോൾ കൂടുതൽ, രക്തസമ്മർദ്ദം കൂടുതൽ, രക്തത്തിൽ പഞ്ചസാരയും കൂടുതൽ. ജീവിതശൈലിയിൽ പല മാറ്റങ്ങളും നിർദ്ദേശിച്ച ഡോക്ടർ എന്നെ ഒരു ന്യുട്രിഷ്യനിസ്റ്റിന്റെ അടുത്തേക്കും പറഞ്ഞുവിട്ടു. ഓരോ നേരവും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ആഹാരസാധനങ്ങളുടെ ഒരു പട്ടിക ന്യുട്രീഷ്യനിസ്റ്റ് തയ്യാറാക്കി, പ്രത്യേകിച്ചും പ്രാതൽ കൂടുതൽ കർശനമാക്കി : മുട്ടയുടെ വെള്ള കൊണ്ടുള്ള ഓംലറ്റ്, പല ധാന്യങ്ങൾ അടങ്ങിയ മൾട്ടിഗ്രെയ്‌ൻ ബ്രെഡ് ( ഒരേയൊരു കഷ്ണം). ചീല (കടലമാവുകൊണ്ടുള്ള ദോശ). പച്ചക്കറികൾ ചേർത്ത ഓട്ട്സ്.
പച്ചക്കറികൾ ചേർത്ത ഓട്ട്സോ? എനിക്ക് ഒരുപിടിയും കിട്ടിയില്ല.
ഓട്ട്സ് കഴിക്കുക എന്നതുതന്നെ എങ്ങനെയെന്നറിയില്ല, അപ്പോഴാണ് അത് കൂടെക്കൂടെ പ്രാതലിന് കഴിക്കണമെന്നു പറയുന്നത്, അതും എങ്ങനെയുണ്ടാക്കണമെന്ന് തീരെ അറിയാത്ത രീതിയിൽ. ഓട്ട്സും പച്ചക്കറികളുംകൂടി എങ്ങനെയാണ് യോജിപ്പിക്കുക? പച്ചക്കറികൾ വേറെ വേവിച്ചിട്ട് ഓട്ട്സ് കഞ്ഞിയിലിട്ട് ഇളക്കണോ ? പച്ചക്കറികൾ എങ്ങനെ വേവിക്കണം? വെറുതെ വേവിക്കുകയോ ആവികയറ്റുകയോ ചെയ്ത പച്ചക്കറിയെന്ന് ആലോചിക്കുമ്പോഴേ എനിക്ക് വിറവന്നു.
ഭാഗ്യംകൊണ്ട് എന്റെ അച്ഛനും അമ്മയുംഅപ്പോഴേക്കും ഓട്ട്സ് കഴിച്ചുതുടങ്ങിയിരുന്നു, ക്വെക്കർ ഓട്ട്സിന്റെ പാക്കറ്റിൽ അമ്മ ഒരു പാചകക്കുറിപ്പും കണ്ടിരുന്നു: ഓട്ട്സ് ഉപ്പുമാവ്. ആദ്യം കറിവേപ്പിലയും കടുകും പൊട്ടിക്കണം; നുറുക്കിയ ഉള്ളിയിട്ടു വഴറ്റണം; പിന്നെ കയ്യിലുള്ള പച്ചക്കറികളൊക്കെ ഇട്ടിളക്കാം. ശേഷം ഉപ്പും മുളകുപൊടിയും ചേർക്കുക പിന്നെ വെള്ളവും ( ഓട്ട്സിന്റെ ഇരട്ടി). വെള്ളം തിളക്കുമ്പോൾ ഓട്ട്സ് ഇടുക. പാകമാകും വരെ , ഏകദേശം രണ്ടുമൂന്നു മിനുട്ട് ഇളക്കുക. റെഡി.
അങ്ങനെ ഇതായി എന്റെ സ്ഥിരം ഓട്ട്സും പച്ചക്കറിയും പാചകം.
പക്ഷെ ഞാനല്ലേ ആൾ, ഇത് മടുക്കുവാൻ അധികകാലമൊന്നും വേണ്ടിവന്നില്ല. എല്ലാ ദിവസവും എന്നപോലെയാവുമ്പോൾ ഒരാൾക്ക് എത്ര ഓട്ട്സ് ഉപ്പുമാവ് കഴിക്കുവാൻപറ്റും ! ഓംലറ്റും ചീലയും മാറിമാറിയുണ്ടെങ്കിലും ഇത് – സ്വാദൊക്കെയുണ്ടെങ്കിലും- മുഷിപ്പനായിത്തുടങ്ങി.
അപ്പോഴാണ് സഫോള ( പാക്കറ്റിൽ വിൽക്കുന്ന ഓട്ട്സ് ബ്രാൻഡുകളിൽ ഇന്ന് ഇന്ത്യയിൽ മുൻപന്തിയിലാണവർ ) മസാല ഓട്ട്സ് ഇറക്കിയത്. മസാലകളും മരവിപ്പിച്ചുണക്കിയെടുത്ത പച്ചക്കറികളും ഇൻസ്റ്റന്റ് ഓട്ട്സും എല്ലാം ഒരൊറ്റ പാക്കറ്റിൽ. നല്ല സൗകര്യം. ഓട്ട്സ് ഉപ്പുമാവിൽനിന്ന് വലിയൊരു മാറ്റവും. എങ്കിലും നിർഭാഗ്യവശാൽ മടുക്കുവാൻ എളുപ്പവും. കുറച്ചു പാക്കറ്റുകൾ അകത്തുചെന്നപ്പോഴേക്കും എനിക്ക് അതിനെക്കുറിച്ച് ആലോചിക്കുവാൻകൂടി വയ്യാതായി: ഒരു റെഡിമെയ്‌ഡ് രുചി, എനിക്കു പറ്റാത്ത തരത്തിലുള്ള മസാലക്കൂട്ടും.
ഓട്ട്സും പച്ചക്കറികളും എന്ന ആശയത്തിൽ വേറെ എന്തൊക്കെ ചെയ്യാമെന്ന് അപ്പോഴാണ് ഞാനൊന്നു തിരയുവാൻ തീരുമാനിച്ചത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ രുചികരമായി ഓട്ട്സ് പാചകം ചെയ്യുവാൻ ശ്രമിക്കുന്ന കുറച്ച് ( കുറച്ചുകൊല്ലം കൊണ്ട് എണ്ണം കൂടിയിട്ടുണ്ടെങ്കിലും അന്ന് വളരെക്കുറച്ചുമാത്രം) ഫുഡ് ബ്ലോഗർമാരെ കിട്ടി. ഞാൻ അവരുടെ ചില പാചകക്കുറിപ്പുകൾ അതേപടി പരീക്ഷിച്ചുനോക്കി, ചിലത് ചില മാറ്റങ്ങൾ ചെയ്തും നോക്കി. ചിലത് ഉപേക്ഷിച്ചു, എന്റെ സ്വന്തം ആശയങ്ങളും ചെയ്തുനോക്കി.
ഓട്ട്സിന്റെ പ്രധാന ആകർഷണം അതുണ്ടാക്കുവാനുള്ള എളുപ്പമാണെന്ന് എനിക്ക് മനസ്സിലായി. തീർച്ചയായും പോഷകങ്ങളുള്ളതാണ് (അതുകൊണ്ടാണല്ലോ എന്നോട് കഴിക്കുവാൻ പറഞ്ഞത്): പലതരം വിറ്റാമിനുകളും ധാതുക്കളും അതിലുണ്ട്, അത് കൊളസ്‌ട്രോൾ കുറയ്ക്കുവാനും ഇൻസുലിൻ പ്രതിരോധം ഉയർത്തുവാനും സഹായിക്കുന്നു എന്നതിനാൽ ആരോഗ്യരക്ഷയ്ക്ക് ഏറ്റവും ഗുണകരം . ഇതൊക്കെയാണെങ്കിലും അതിന്റെ ഏറ്റവും വലിയ ആകർഷകത്വം പാചകം ചെയ്യുവാൻ കുറെയധികം സമയം ആവശ്യമില്ല എന്നതു തന്നെയാണെന്നാണ് എന്റെ അഭിപ്രായം : വേഗം വേവുന്ന സ്റ്റീൽ കട്ട് ഓട്ട്സ് ആണ് ഞാൻ ഉപയോഗിക്കുന്നത്, 7-8 മിനുട്ട് മതി അതു വേവാൻ. പലതരത്തിൽ ഉണ്ടാക്കുകയും ചെയ്യാം.
പ്രത്യേകിച്ചൊരു സ്വാദോ വികാരമോ ഇല്ല എന്നതുകൊണ്ട് ഓട്ട്സിനോടൊപ്പം പലതരത്തിലുള്ള ചേരുവകളും രുചികളും ചേർക്കാനും, നിലവിലുള്ള പാചകരീതികളിലേയ്ക്ക് ഓട്ട്സിനെ ഉപയോഗിക്കുവാനും സാധിക്കുന്നുണ്ട്. കഞ്ഞിപോലെ ലോകത്തെങ്ങും കണ്ടുവരുന്ന കൊഴുത്ത വിഭവങ്ങൾക്ക് ഓട്ട്സ് നന്നായി ചേരും എന്നതുതന്നെ ഉദാഹരണം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പലതരം കിച്ച്ഡികൾ നോക്കൂ; ഇറ്റലിയിലെ റിസോട്ടോ; ചൈനയിലെയോ കൊറിയയിലെയോ സൂക്ക് അഥവാ ജൂക്ക് ( ഇംഗ്ളീഷ് ലോകത്തിന് കോൻജീ). എല്ലാം അരികൊണ്ടുണ്ടാക്കുന്നതാണ്, അരിക്കുപകരം ഓട്ട്സ് ആക്കിയാൽ കൃത്യം.
ഇത്തരം പാചകങ്ങളിൽ എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്ന് ഓട്ട്സ് പൊങ്കൽ ആണ്, അരിയും ചെറുപരിപ്പും ചേർത്തുണ്ടാക്കുന്ന രുചികരമായ വെൺപൊങ്കലിന്റെ പകരക്കാരൻ. ഇതിൽ അരിക്കുപകരം ഓട്ട്സ് ആണ് ഉപയോഗിക്കുന്നത്, കുറെ പച്ചക്കറികളും ചേർക്കുന്നുണ്ട്. തൊലിയില്ലാത്ത, വേവിച്ച ചെറുപരിപ്പുതന്നെ ഉപയോഗിക്കണമെന്നു മാത്രം. വേറെ എന്തെങ്കിലും ഉണ്ടാക്കുവാൻ ചെറുപരിപ്പ് വേവിക്കുമ്പോൾ അതിൽനിന്ന് അര കപ്പ് മാറ്റി ഫ്രിഡ്ജിൽ വെക്കുകയാണ് എന്റെ പതിവ്; പിറ്റേന്ന് ഞാൻ തീർച്ചയായും പ്രാതലിന് ഓട്ട്സ് പൊങ്കൽ ഉണ്ടാക്കിയിരിക്കും.
ഓട്ട്സ് പൊങ്കൽ
(രണ്ടുപേർക്ക്)
1/ 2 കപ്പ് വേഗം വേവുന്ന സ്റ്റീൽ കട്ട് ഓട്ട്സ് (റോൾഡ് ഓട്ട്സും ഉപയോഗിക്കാം)
1/ 3 കപ്പ് ഉപ്പിടാത്ത പച്ചക്കപ്പലണ്ടി
1 ടീസ്‌പൂൺ ജീരകം
1 ടീസ്പൂൺ കുരുമുളക്
2 ടീസ്പൂൺ വെജിറ്റബിൾ ഓയിൽ
2 തണ്ട് കറിവേപ്പില
1 പച്ചമുളക് ചെറുതായി അരിഞ്ഞത് (ആവശ്യമെങ്കിൽ മാത്രം)
1 ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി
½ കപ്പ് പച്ചക്കറി അരിഞ്ഞത് : കാരറ്റ്, ബീൻസ്, ബ്രോക്കലി, ചോളം, പീസ്, ഇവയെല്ലാം പാകംപോലെ
½ കപ്പ് തൊലികളഞ്ഞ ചെറുപരിപ്പ് വേവിച്ചത്.
- ഉപ്പ് പാകത്തിന്.
- കുരുമുളകും ജീരകവും പതുക്കെ ചതച്ചെടുക്കുക.
- എണ്ണ ചെറുതായി ചൂടാവുമ്പോൾ കപ്പലണ്ടി ഇടുക. ഇളം തവിട്ടുനിറമാകുംവരെയും തൊലി പൊളിഞ്ഞുതുടങ്ങുംവരെയും വറക്കുക. കണ്ണാപ്പകൊണ്ട് കോരിമാറ്റിവെക്കുക. അവസാനം അലങ്കാരത്തിന് ഉപയോഗിക്കാം.
- ബാക്കിയുള്ള എണ്ണയിൽ ചതച്ച കുരുമുളകും ജീരകവും ഇടുക. ഒന്നുരണ്ടുപ്രാവശ്യം ഇളക്കുക.
- അരിഞ്ഞുവെച്ച ഇഞ്ചിയും പച്ചമുളകും (ചേർക്കുന്നുണ്ടെങ്കിൽ) കറിവേപ്പിലയും ഇടുക . കറിവേപ്പില ഞാൻ കീറിയിടുകയാണ് പതിവ് ; കൂടുതൽ വാസനയുണ്ടാവും.
- ഇഞ്ചിക്കഷ്ണങ്ങൾക്ക് വെന്തനിറം വരുംവരെ 15- 20 നിമിഷം ഇടക്കിടെ ഇളക്കിക്കൊണ്ടിരിക്കുക .
- എന്തൊക്കെ പച്ചക്കറികളാണ് ഉദ്ദേശിക്കുന്നത്, അവയൊക്കെ ചേർത്തിളക്കുക. പീസും ചോളമണികളും അല്ലാതെ ഏതെങ്കിലും പച്ചക്കറികൾ ( കാരറ്റോ ബീൻസോ ബ്രോക്കലിയോ) ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ പീസിനോളം വലിപ്പത്തിൽ തന്നെ നുറുക്കുവാൻ ശ്രദ്ധിക്കണം, വലിപ്പം കൂടിപ്പോകരുത്.
- പാകത്തിന് ഉപ്പിട്ടിളക്കുക. ഒരു മിനിറ്റ് വഴറ്റിയശേഷം ഒരു കപ്പ് വെള്ളം ഒഴിക്കുക, ഇളക്കുക.
- തീ കൂട്ടിവെച്ച് തിളപ്പിക്കുക. വെള്ളം തിളച്ചുതുടങ്ങുമ്പോൾ ഓട്ട്സ് ചേർക്കുക (സ്റ്റീൽ കട്ട് അല്ലെങ്കിൽ റോൾഡ്), നന്നായി ഇളക്കി യോജിപ്പിക്കുക, വീണ്ടും തിളവരുമ്പോൾ തീ അൽപ്പം കുറയ്ക്കുക.
- അടച്ചുവെക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊടുത്തുകൊണ്ട് ഓട്ട്സ് പാകമാകുംവരെ വേവിക്കുക. വേഗം വേവുന്ന ഓട്ട്സ് ആണ് ഞാൻ സാധാരണ ഉപയോഗിക്കാറ് അത് 7-8 മിനിറ്റുകൊണ്ട് പാകമാകും; റോൾഡ് ഓട്സ് ആണെങ്കിൽ ഏകദേശം മൂന്നുമിനുട്ടുകൊണ്ട് ആവും.
- വേവിച്ച ചെറുപരിപ്പ് ചേർക്കുക. അടുപ്പിൽനിന്നുവാങ്ങിവെച്ച് ചെറിയ ബൗളുകളിലേക്ക് പകരുക. വറുത്തുമാറ്റിവെച്ച കപ്പലണ്ടികൊണ്ട് ഓരോന്നും അലങ്കരിക്കുക.
വേവിച്ച ചെറുപരിപ്പ് എടുക്കാനില്ലാത്ത ദിവസങ്ങളിൽ എന്റെ അടുക്കളത്തോട്ടത്തിൽനിന്ന് ഞാൻ കുറേ ബേസിൽ ഇലകൾ പറിച്ചുകൊണ്ടുവന്ന് മറ്റൊരു ഇഷ്ടവിഭവം ഉണ്ടാക്കാറുണ്ട്; ഇറ്റാലിയൻ ശൈലിയിൽ ഒരു തക്കാളി ബേസിൽ ഓട്ട്സ് വിഭവം. ഇതിൽ വെള്ളത്തിനുപകരം തക്കാളിച്ചാറിലാണ് ഓട്ട്സ് വേവിക്കുക. വാങ്ങാൻ കിട്ടുന്ന പാക്കറ്റ് തക്കാളിച്ചാർ ഉപയോഗിക്കാം നിങ്ങൾക്കുവേണമെങ്കിൽ. എന്നാലും വീട്ടിൽ തന്നെ അപ്പോൾ അടിച്ചെടുക്കുന്ന ചാറിന്റെ അടുത്തൊന്നും വരില്ല അത്. അതുകൊണ്ട് ഞാൻ അങ്ങനെയാണ് ചെയ്യാറുള്ളത്.
ചെയ്യേണ്ടവിധം ഇതാ:
ഇറ്റാലിയൻ സ്റ്റൈൽ ടൊമാറ്റോ ബേസിൽ ഓട്ട്സ്
(രണ്ടുപേർക്ക്)
½ കപ്പ് വേഗം വേവുന്ന സ്റ്റീൽ കട്ട് ഓട്ട്സ് ( അല്ലെങ്കിൽ റോൾഡ് ഓട്ട്സ്)
പഴുത്ത തക്കാളി വലുത് ഒരെണ്ണം
ഉപ്പും, അപ്പോൾ പൊടിച്ചെടുത്ത കുരുമുളകും വേണ്ടത്ര
ധാരാളം ബേസിൽ ഇലകൾ അരിഞ്ഞെടുത്തത്
3-4 വലിയ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞത്
2 ടീസ്പൂൺ ഒലിവ് ഓയിൽ (അല്ലെങ്കിൽ സാധാരണ ഏതെങ്കിലും എണ്ണ എക്സ്ട്രാ വിർജിൻ ഒന്നും വേണ്ട)
ഒരുപിടി വാൽനട്ട് അധികം ചെറുതാക്കാതെ നുറുക്കിയത് അലങ്കാരത്തിന് ( അല്ലെങ്കിൽ വറുത്ത പൈൻ നട്ട് ആയാലും മതി)
ചീവിയ പാർമുസാൻ ചീസ് ( വേണമെങ്കിൽ മാത്രം)
- തക്കാളി കഷ്ണങ്ങളാക്കി ഒരു ബ്ലെൻഡർ ജാറിൽ ഇടുക. സ്റ്റിക്ക് ബ്ലെൻഡർ ഉപയോഗിച്ച് ചതച്ചു നീരെടുക്കുക.
- തക്കാളി ചതച്ചത് ഒരു അളവുപാത്രത്തിലാക്കി വേണ്ടത്ര വെള്ളവും ചേർത്ത് ഒരു കപ്പ് ആക്കുക.
- വെള്ളംചേർത്തു നേർപ്പിച്ച തക്കാളിച്ചാർ ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് ഓട്ട്സ്, ഉപ്പ്, കുരുമുളക് എന്നിവയും ചേർക്കുക. ഇളക്കിക്കൊണ്ട് തിളപ്പിക്കുക.
- തിള വന്നാൽ തീ സ്വൽപ്പം കുറച്ച് ഇടക്കിടക്ക് ഇളക്കി ഓട്ട്സ് പാകമാകുംവരെ വേവിക്കുക; റോൾഡ് ഓട്ട്സിന് ഏകദേശം 3 മിനുട്ടും വേഗം വേവുന്ന സ്റ്റീൽ കട്ട് ഓട്ട്സിനു 7-8 മിനുട്ടും വേണ്ടിവരും.
- പാത്രം അടുപ്പിൽനിന്നുവാങ്ങി ഓട്ട്സ് ചെറിയ പാത്രങ്ങളിൽ ആക്കുക. വൃത്തിയുള്ള ഒരു ചെറിയ കരണ്ടിയിൽ എണ്ണ ചെറുതീയിൽ ചൂടാക്കുക.
- അരിഞ്ഞുവെച്ച ബേസിൽ ഇലകൾ എണ്ണയിൽ ഇട്ട് ഇളക്കിക്കൊടുക്കുക, അര മിനിറ്റിനുശേഷം അരിഞ്ഞ വെളുത്തുള്ളിയും ചേർക്കുക.
- ഒരു മിനുട്ടോളം ബേസിലും വെളുത്തുള്ളിയും ചെറുതീയിൽ ഇളക്കുക. വെളുത്തുള്ളിയുടെ കട്ടി ഇല്ലാതാവണം.
- ഈ ബേസിൽ വെളുത്തുള്ളി കൂട്ട് ഓട്ട്സിനു മുകളിൽ തൂവുക. അതിനുമുകളിൽ അരിഞ്ഞുവെച്ച വാൽനട്ടോ പൈൻ നട്ടോ കൊണ്ട് അലങ്കരിക്കാം. വേണമെങ്കിൽ അതിനും മേലെ പാർമുസാൻ ചീസും ചീവിയിടാം ( കലോറി കൂടുതലായതുകൊണ്ട് എന്റെ ന്യൂട്രീഷനിസ്റ്റ് അത് സമ്മതിക്കുമെന്ന് തോന്നുന്നില്ല).
ഓട്ട് മീൽ എന്ന വിഭവത്തിന്റെ അടിസ്ഥാനപരമായ രണ്ടു ഘടകങ്ങൾ ഓട്ട്സും അത് വേവിക്കുവാനുള്ള ദ്രാവകവും ആണെന്നത് മറന്നുപോകരുത്. ഏതുതരത്തിലുള്ള ഓട്ട്സ് തെരഞ്ഞെടുക്കണം ( സ്റ്റീൽ കട്ടോ റോൾഡോ ഇൻസ്റ്റന്റോ ) എന്നതിൽക്കവിഞ്ഞ് അതിന്റെ കാര്യത്തിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല; എന്നാൽ ദ്രാവകത്തിന്റെ കാര്യം വേറെയാണ്. പാൽ അല്ലെങ്കിൽ പാലിന്റെയും തൈരിന്റെയും (പപ്പാതി) മിശ്രിതം മിക്ക മധുരവിഭവങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. സ്വാദിന്റെ കാര്യത്തിൽ കുറച്ച് സാഹസികതയൊക്കെ ആവാമെങ്കിൽ മറ്റു രുചികളും പരീക്ഷിക്കാം: പഴച്ചാറുകളോ തേങ്ങാപ്പാലോ ആവാം. നിങ്ങളൊരു കാപ്പിപ്രിയൻ ആണ്, രാവിലെ കഴിക്കുന്ന ഓട്ട്സിൽ കാപ്പിയുടെ രുചി ഇഷ്ടമാണ് എങ്കിൽ ഒരു ലാറ്റെ തന്നെയാവാം.
അതുപോലെ എരിവുള്ള ഓട്ട്സ് വേണമെങ്കിൽ കടുത്ത രുചിയുള്ള ദ്രാവകങ്ങൾ (തക്കാളി ബേസിൽ ഓട്ട്സിലെ പോലെ ) ഏതെങ്കിലും ഉപയോഗിക്കാം: തക്കാളിച്ചാർ, ചിക്കനോ പച്ചക്കറികളോ വേവിച്ച വെള്ളം, വേണമെങ്കിൽ രസമോ അതുപോലെ കടുംരുചികളുള്ള മറ്റേതെങ്കിലും നേർത്ത സൂപ്പോ പോലും പരീക്ഷിക്കാം – ഞാൻ കുറച്ച് കടന്നുചിന്തിക്കുകയാണ്, എന്താ പാടില്ലെന്നുണ്ടോ?
പിന്നെ, വെറും ഓട്ട്സ് മാത്രമല്ലാതെ അതിൽ മറ്റുപലതും ചേർക്കാവുന്നതാണ്. കുറച്ചുകൂടി സത്തുള്ളതാക്കാൻ, കുറച്ചുകൂടി പോഷകസമ്പുഷ്ടമാക്കാൻ, രുചിയിലും അനുഭവത്തിലും വൈവിധ്യം കൊണ്ടുവരുവാൻ, പൊതുവെ ഒന്നുകൂടി ആകർഷകമാക്കുവാൻ. എരിവുള്ള വിഭവങ്ങളിൽ തീർച്ചയായും പച്ചക്കറികൾ നല്ല ചേർച്ചയാണ്; എന്നാൽ മറ്റുപല ചേരുവകളുമുണ്ട് ഒപ്പംനിൽക്കുവാൻ; വേവിച്ചു ചെറുതായരിഞ്ഞ ചിക്കൻ, വേവിച്ച സോസേജ്, വറുത്ത ബേക്കൺ ഇവയൊക്കെ ഉദാഹരണങ്ങൾ. മുകളിൽ ഒരു വറുത്ത മുട്ടവെയ്ക്കാം (അല്ലെങ്കിൽ പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞത്). വറുത്ത നട്ട്സ്, എള്ള്, വാസനയുള്ള ഇലവർഗ്ഗങ്ങൾ എന്നിവകൊണ്ട് അലങ്കരിക്കാം. ചേർച്ചയുള്ള ഏതെങ്കിലും സോസ് മുകളിലൊഴിച്ചുനോക്കാം: ശ്രിരച, തബാസ്‌കോ അല്ലെങ്കിൽ ചെറുതായി ഒന്ന് എള്ളെണ്ണ തടവാം.
എള്ളെണ്ണയുടെ കാര്യം പറഞ്ഞപ്പോഴാണ്, എനിക്കറിയാവുന്നതിൽ ഏറ്റവും ലളിതമായ, എരിവും ഉപ്പുമുള്ള ഒരു ഓട് മീൽ വിഭവം അരിഞ്ഞ പച്ചക്കറിയും ഓട്ട്സും വേവിച്ച് സ്പ്രിങ് ഒനിയൻ അരിഞ്ഞതും വറുത്ത എള്ളും ഇട്ട് ഏതാനും തുള്ളി എള്ളെണ്ണയും ചേർത്ത് ഉണ്ടാക്കുന്നതാണ്. അത് സ്റ്റീൽ കട്ട് ഓട്ട്സോ റോൾഡ് ഓട്ട്സോ കൊണ്ട് ഉണ്ടാക്കിനോക്കിക്കോളൂ, രണ്ടും നല്ലതാണ്:
ഈസ്റ്റ് ഏഷ്യൻ സ്റ്റൈൽ ഓട്ട്സും പച്ചക്കറിയും
(രണ്ടുപേർക്ക് )
½ കപ്പ് ഓട്ട്സ് (വേഗം വേവുന്ന സ്റ്റീൽ കട്ട് അല്ലെങ്കിൽ റോൾഡ് )
1 കപ്പ് ചിക്കനോ പച്ചക്കറിയോ വേവിച്ച വെള്ളം ( 1 സ്റ്റോക്ക് ക്യൂബ് ഒരുകപ്പ് വെള്ളത്തിൽ കലക്കിയതായാലും മതി)
½ കപ്പ് നുറുക്കിയ ബീൻസ്, കാരറ്റ് , പീസ്, ബ്രോക്കലി തുടങ്ങിയ പച്ചക്കറികൾ; എല്ലാം ഏകദേശം പീസിന്റെ വലിപ്പത്തിൽ വേണം നുറുക്കുവാൻ.
കടുപ്പമില്ലാത്ത സോയ സോസ് സ്വാദിനനുസരിച്ച് (വേണമെങ്കിൽ മാത്രം)
അലങ്കരിക്കുവാൻ ഒരുപിടി സ്പ്രിങ് ഒനിയൻ കുനുകുനെ അരിഞ്ഞത്.
ഒരു ടേബിൾ സ്പൂൺ വറുത്ത എള്ള് (കറുപ്പോ വെളുപ്പോ രണ്ടുംകൂടിയോ)
ഏകദേശം ½ ടീസ്പൂൺ എള്ളെണ്ണ
- ഓട്ട്സും പച്ചക്കറികളും സ്റ്റോക്കും ഒരു പാത്രത്തിലാക്കുക. തിള വന്നുകഴിഞ്ഞാൽ തീ താഴ്ത്തിവെച്ച് ഇടക്കൊന്ന് ഇളക്കിക്കൊടുത്തുകൊണ്ട് ഓട്ട്സും പച്ചക്കറികളും വേവിക്കുക.: റോൾഡ് ഓട്ട്സ് ആണെങ്കിൽ 2-3 മിനുട്ട്, വേഗം വേവുന്ന സ്റ്റീൽ കട്ട് ഓട്ട്സ് ആണെങ്കിൽ ഏകദേശം 8 മിനുട്ട്.
- ആവശ്യമെങ്കിൽ സോയ സോസ് മേമ്പൊടി ചേർക്കാം. സ്റ്റോക്ക് ക്യൂബ് അല്ലെങ്കിൽ കടയിൽനിന്നു വാങ്ങുന്ന മറ്റേതെങ്കിലും തരം സ്റ്റോക്ക് ആണെങ്കിൽ ഉപ്പ് ചേർത്തിട്ടുണ്ടാവും – സോഡിയം കുറവുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ. അതുകൊണ്ട് സോയ സോസ് ശ്രദ്ധിച്ചുവേണം ചേർക്കുവാൻ, അതും സ്വാദുനോക്കിയ ശേഷം മാത്രം.
- പാത്രങ്ങളിലേക്ക് പകരുക. ഓരോന്നിന്റെയും മുകളിൽ വറുത്ത എള്ളും അരിഞ്ഞ സ്പ്രിങ് ഒനിയനും വിതറുക. ഓരോ തുള്ളി എള്ളെണ്ണയും മീതെ ഇറ്റിച്ചാൽ സെർവ് ചെയ്യാം.
ഇവിടെ അടിസ്ഥാനമാക്കിയിരിക്കുന്നത് ചൈനീസ്/ ഈസ്റ്റ് ഏഷ്യൻ ജനപ്രിയവിഭവമായ കോൺജി തന്നെയാണ് ( അല്ലെങ്കിൽ ഏഷ്യയാകെ കാണാവുന്ന അതിന്റെ പലതരം രൂപഭേദങ്ങൾ). പച്ചക്കറിമുതൽ സമുദ്രവിഭവങ്ങളും പന്നിമാംസക്കഷ്ണങ്ങളും വരെ എന്തും ഉപയോഗിച്ച്, ഇഞ്ചിയും വെളുത്തുള്ളിയും പോലുള്ള സുഗന്ധദായകങ്ങളും ഉപയോഗിച്ച് ദ്രവരൂപത്തിലുള്ള കോൺജി ഉണ്ടാക്കാമെന്നതുപോലെതന്നെ ഓട്ട്സ് കൊണ്ടും ആവാം. ഓട്ട്സും ഇവയിൽ ഏതും ചേർത്ത് പാചകംചെയ്യാം, അങ്ങനെയുണ്ടാക്കിയ വിഭവം നിങ്ങളുടെ ഭാവനയിൽ ഉദിക്കുന്ന എന്തുകൊണ്ടും കൂടുതൽ സമ്പന്നമാക്കാം; ചെറിയ ഉള്ളി വറുത്തിട്ടോ, മല്ലിയില വിതറിയോ, ഉപ്പിലിട്ട പച്ചക്കറികൾ കൊണ്ടോ വറുത്ത കടൽപ്പായൽ കൊണ്ടോ പോലും.
വിഷയം കോൺജീ ആവുമ്പോൾ ആ വാക്ക് ( ഇംഗ്ലീഷ് സംസാരിക്കുന്നവർ ഉപയോഗിക്കുന്നതാണത്, ഈസ്റ്റ് ഏഷ്യയിലെ ആരും അതിനെ അങ്ങനെ വിളിക്കാറില്ല) ഇന്ത്യയിൽനിന്ന് ഉണ്ടായതാണെന്ന കാര്യം മറക്കാതെ പറയണം. തമിഴിൽ കഞ്ഞി എന്ന വാക്ക് സൂചിപ്പിക്കുന്നത് അരി വേവിച്ച് അതിന്റെ വെള്ളത്തോടെതന്നെ കഴിക്കുന്ന വിഭവത്തെയാണ്; അതിൽ നിന്നാണ് ‘കോൺജീ’ എന്ന വാക്കുണ്ടായത്. സ്വാഭാവികമായും കഞ്ഞിയുടെ പല ഇന്ത്യൻ വകഭേദങ്ങളിലും ഓട്ട്സിന് പകരക്കാരനാകുവാൻ വിഷമമില്ല.
ഫെന ബാത് എന്ന ബംഗാളി വിഭവം എടുക്കാം. ഷെധോ ബാത് എന്നും അറിയപ്പെടുന്ന ഫെന ബാത് ബംഗാളികളുടെ ജീവശ്വാസമാണ്: പലതരം പച്ചക്കറികളും അരിയും കൂടെ കുഴയുംവരെ വേവിക്കുന്ന രീതിയാണ് അതിന്റേത്. ചിലപ്പോൾ അരിയുടെകൂടെ മസൂർ പരിപ്പും വേവിക്കാറുണ്ട്, ചേർക്കുന്ന പച്ചക്കറികളാണെങ്കിൽ ഓരോ വീട്ടിലും ( ഓരോ കാലത്തും) വെവ്വേറെയാവും. എന്നാലും ആകപ്പാടെ നോക്കുമ്പോൾ അത് നിരുപദ്രവിയും സൗമ്യവുമായ ഒരു വിഭവമാണ് , ഓട്ട്സിന്റെ സ്വഭാവത്തിന് ഏറ്റവും അനുയോജ്യവും. ഇതിന്റെ കൂടെ നിങ്ങൾക്കുവേണമെങ്കിൽ നല്ല നറുനെയ്യ് ഒരു സ്പൂൺ ചേർക്കാം, പക്ഷെ എനിക്ക് സന്ദീപ മുഖർജി ( ബോങ് മോംസ് കുക്ക് ബുക്ക് എന്ന അതുല്യമായ ബ്ലോഗ് ഇവരുടേതാണ് ) നിർദ്ദേശിക്കുന്ന മേമ്പൊടിയാണിഷ്ടം: നീളത്തിൽ നനുനനെ അരിഞ്ഞ ഇഞ്ചിയും പച്ചമുളകും കടുകെണ്ണയിൽ വറുത്തത്.
ഓട്ട്സ് ഫെന ബാത് സ്റ്റൈൽ
(രണ്ടുപേർക്ക്)
½ കപ്പ് ഓട്ട്സ് (വേഗം വേവുന്ന സ്റ്റീൽ കട്ട് അല്ലെങ്കിൽ റോൾഡ് )
ഉപ്പ് പാകത്തിന്
പലതരം പച്ചക്കറികൾ അരിഞ്ഞത് 1 കപ്പ്: മത്തങ്ങ, ഉരുളക്കിഴങ്ങ്,അമരയ്ക്ക ( ഹിന്ദിയിൽ സേം, ബംഗാളിയിൽ ഷേം ), വഴുതനങ്ങ എന്നിവ നല്ല ചേർച്ചയാണ്: ഇവയെല്ലാം 1” ചതുരങ്ങളായി നുറുക്കുക. ഓരോ കഷ്ണത്തിനും ഏകദേശം അമരക്കയുടെ വീതിവേണം.
പച്ചക്കറി വേവിക്കുവാൻ ആവശ്യമായ വെള്ളം
2 മുട്ട
1 ടേബിൾ സ്പൂൺ കടുകെണ്ണ, വറക്കുവാൻ
1 ടേബിൾ സ്പൂൺ ഇഞ്ചി നീളത്തിൽ അരിഞ്ഞത്
2-3 പച്ചമുളക് നീളത്തിൽ അരിഞ്ഞത്
- പച്ചക്കറികൾ കുഴയും വരെ വേവിക്കേണ്ടതുകൊണ്ട് ( ഓട്ട്സിന് ആവശ്യമുള്ള സമയത്തേക്കാൾ കൂടുതൽ സമയം വേണം) അവ മുൻപേ വേവിച്ചുവെക്കണം. ഒരു പാത്രത്തിൽ പച്ചക്കറിയെല്ലാം ഇട്ട് മൂടുംവരെ വെള്ളം ഒഴിച്ച് അടച്ചുവെക്കുക. തിളച്ചാൽ തീ താഴ്ത്തിവെച്ച് നന്നായി വേവും വരെ അടച്ചുതന്നെ വെക്കുക.
- വെള്ളം ഊറ്റി പച്ചക്കറികൾ മാറ്റിവെക്കുക. വെള്ളം കളയരുത്; അത് ഒരു കപ്പ് തികച്ചില്ലെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് ഒരു കപ്പ് ആക്കിവെക്കണം.
- ഈ വെള്ളത്തിലേക്ക് ഉപ്പും ഓട്ട്സും ചേർത്ത് അടുപ്പത്തുവെക്കുക. ഓട്ട്സ് വേവുന്നതുവരെ ഇടക്ക് ഇളക്കിക്കൊടുക്കണം. റോൾഡ് ഓട്ട്സ് ആണെങ്കിൽ 2-3 മിനുട്ടും വേഗം വേവുന്ന സ്റ്റീൽ കട്ട് ഓട്ട്സ് ആണെങ്കിൽ 8 മിനുട്ട് വരെയും വേണ്ടിവരും.
- ഓട്ട്സ് പാകമായാൽ വേവിച്ച പച്ചക്കറികളും ചേർത്തിളക്കുക. ചെറിയ പാത്രങ്ങളിലേക്ക് മാറ്റുക.
- ഒരു ചീനച്ചട്ടിയിൽ കടുകെണ്ണ ചൂടാക്കുക. വെള്ളക്കരു ഉറയ്ക്കും വരെ മാത്രം മുട്ട വറക്കുക; ഓട്ട്സ് വിളമ്പിവെച്ചതിനു മുകളിൽ വറുത്ത മുട്ടയും വെയ്ക്കുക.
- ബാക്കിയുള്ള കടുകെണ്ണയിൽ ഇഞ്ചിയും പച്ചമുളകും വറത്തെടുക്കുക. ഇഞ്ചിക്കഷ്ണങ്ങളുടെ വക്കുകൾ മൊരിഞ്ഞുതുടങ്ങുംവരെയാണ് വറക്കേണ്ടത്. കടുകെണ്ണയോടെ തന്നെ മുട്ടയുടെ മുകളിലേക്ക് സ്പൂൺ കൊണ്ട് കോരിയൊഴിക്കുക. ചൂടോടെ കഴിക്കാം.
ഓട് മീൽ എന്ന വിഭവത്തിന് വീട്ടുപാചകത്തിന്റേതായ എന്തോ ഒന്ന് ഉള്ളതുകൊണ്ടാവാം ( പ്രത്യേകിച്ചും അതിന്റെ എരിവു രൂപഭാവങ്ങളിൽ) അത് റെസ്റ്റോറന്റുകളിൽ വളരെ വിരളമായേ കാണാറുള്ളൂ. ശരിയാണ്, ഓവർനൈറ്റ് ഓട്ട്സ് കാണാറുണ്ട് – ഏറെക്കുറെ ആരോഗ്യകരമായ ഒരു മധുരവിഭവം എന്ന സ്ഥാനമുള്ളതുകൊണ്ട് റെസ്റ്റോറന്റ് മെനുവിൽ കയറിപ്പറ്റാനുള്ള യോഗ്യത അതിനുണ്ട്. ന്യൂ ഡൽഹിയിലെ ചില റെസ്റ്റോറന്റുകളും വീട്ടിൽ ഭക്ഷണം എത്തിച്ചുതരുന്ന കൊലോക്കൽ, സാലഡ് ഡേയ്സ് മുതലായ സ്ഥാപനങ്ങളും ഓവർനൈറ്റ് ഓട്ട്സ് കൊടുക്കുന്നുണ്ട്; പഴങ്ങളും നട്സും ചോക്കലേറ്റും അതുപോലുള്ള പല പതിവ് ചേരുവകളും ചേർത്ത്.
മറ്റു ചിലയിടങ്ങളിലെ മെനുകാർഡുകളിലും ഓട്ട്സ് ഉണ്ട്, പക്ഷെ കുറച്ചുകൂടി ആകർഷകമായ ചില ചേരുവകൾകൊണ്ട് മറഞ്ഞമട്ടിലാണ് പലപ്പോഴും. ഉദാഹരണമായി ഏതെങ്കിലും മധുരപലഹാരത്തിനു മുകളിലെ ഗ്ലൂട്ടൻ ഫ്രീ മേൽപ്പാളിയായി; അല്ലെങ്കിൽ ചിക്കന്റെ കറുമുറെയുള്ള പുറംപാളിയായി. ആരോഗ്യംകരുതുന്ന ചില, ചുരുക്കം ചില, റെസ്റ്റോറന്റുകളിൽ ഓട്ട്സ് പറാത്തയും ഓട്ട്സ് റോട്ടിയും കൊടുക്കുന്നുണ്ട് എങ്കിലും എരിവും ഉശിരുമുള്ള ഓട് മീൽ ആരുടേയും കണ്ണിൽപ്പെടുന്നില്ലെന്നാണ് തോന്നുന്നത്. ഒരിക്കൽ അടുത്തുള്ള ഒരു പെട്ടിക്കടയിൽ ബ്രെഡ് ഓംലെറ്റും സാൻഡ്‌വിച്ചും മാഗിയും കൂടാതെ എരിവുള്ള ഓട് മീലും കൊടുക്കുന്നുണ്ടെന്നറിഞ്ഞു ഞാൻ – പക്ഷെ കഷ്ടമായിപ്പോയി. ഓട്ട്സ് എന്നുപറഞ്ഞത് സഫോളയുടെ മസാല ഓട്ട്സ് ആയിരുന്നു , ഒരുപിടി പച്ചക്കറിയും നുറുക്കിയിട്ടിട്ടുണ്ട്. നിരാശയായിപ്പോയി.
ഓട്ട്സും പച്ചക്കറിയും വീട്ടിൽത്തന്നെ ഉണ്ടാക്കുകയേ ഗതിയുള്ളൂ. വേറെ ഒരു വഴിയുമില്ല. പലതരത്തിൽ അത് ചെയ്യാമെന്നത് നല്ലകാര്യം, ഉണ്ടാക്കിയാൽ നല്ല സ്വാദുമുണ്ട്.