ഋതുഭേദങ്ങളിലെ ആഹാരവും അതിന്റെ പരിശുദ്ധിയും: ഛത്ത് പൂജയുടെ സൂക്ഷിപ്പിൽ
Volume 6 | Issue 5 [September 2026]

ഋതുഭേദങ്ങളിലെ ആഹാരവും അതിന്റെ പരിശുദ്ധിയും: ഛത്ത് പൂജയുടെ സൂക്ഷിപ്പിൽ
—
പ്രീതി സക്‌സേന

Volume 6 | Issue 5 [September 2026]

പരിഭാഷ: പ്രസന്ന കെ വർമ്മ

 കഴിഞ്ഞകൊല്ലം ദീപാവലിയ്ക്കു മുൻപാണ് – മുംബൈയിലെ ചരിത്രപ്രസിദ്ധമായ ക്രോഫോർഡ് മാർക്കറ്റിൽ  ഷോപ്പിങ്ങിനിറങ്ങിയ ആൾക്കൂട്ടത്തെ തൊട്ടുരുമ്മിക്കൊണ്ട്, ഇറക്കുമതിചെയ്ത ചോക്കോലെറ്റുകളും മറ്റു  നിത്യോപയോഗസാധനങ്ങളുമൊക്കെ കിട്ടുന്ന  കടകൾ കടന്ന്,  തിരക്കുള്ള ഗലികളിലൂടെ നൂണ്ട്,  പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന ഒരു ഭാഗത്ത് ഞാൻ ചെന്നെത്തി. അസാധാരണ വലിപ്പമുള്ള ഒരു നാരങ്ങയിൽ എന്റെ കണ്ണുകൾ ഉടക്കി; കടക്കാരൻ പറഞ്ഞത് അത് ബംബ്ലൂസ് നാരങ്ങ (pomelo) ആണെന്നാണ്, ഗാഗർ നീംബു ആണെന്ന് എന്റെ ഭർത്താവും. ഛത്ത് പൂജയ്ക്ക് അതില്ലാതെ പറ്റില്ല.

 ഛത്തീസ്ഗഡിൽ എന്റെ അയൽവീട്ടിൽ ഇതുകൊണ്ട് സാലഡ് ഉണ്ടാക്കിയിരുന്നു, ഞാൻ കഴിച്ചിട്ടുമുണ്ട്. അവരതിനെ ചകോത്ര എന്നാണ് വിളിച്ചിരുന്നത്. ഒരുകാലത്ത് സർവ്വസാധാരണമായിരുന്ന, സലാഡിലും അച്ചാറിലും ചട്ട്ണിയിലും ധാരാളമായി ഉപയോഗിച്ചിരുന്ന, ഗാഗർ നീംബു എന്നും ചകോത്ര എന്നും ബാട്ടാബീ ലേബു അല്ലെങ്കിൽ പാപനാസ് എന്നുമൊക്കെ അറിയപ്പെടുന്ന,  പൊമേലോ അഥവാ ബംബ്ലൂസ് നാരങ്ങ (citrus grandis) ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ  കമ്പോളങ്ങളിൽ അതിനെ പിൻതള്ളിക്കൊണ്ട് പെഴ്സിമൻ എന്ന കാക്കിപ്പഴവും ഡ്രാഗൺ ഫ്രൂട്ടും അവൊക്കാഡോയും ഇടംപിടിച്ചിരിക്കുന്നു; അവയെല്ലാം പുതുമയുടെയും ഉത്കർഷേച്ഛയുടെയും അടയാളങ്ങളാണ്. എങ്കിലും കച്ചവടസാദ്ധ്യത മാത്രംകൊണ്ടല്ല ബംബ്ലൂസ് നാരങ്ങയും  മറ്റും അതിജീവിക്കുന്നത്.

വിപണികൾ വലിച്ചെറിയുന്നവയെ പലപ്പോഴും സംരക്ഷിക്കുക ആചാരങ്ങളാണ്.

ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾ വഴി ബംബ്ലൂസ് നാരങ്ങയെ – കാലാകാലങ്ങളിൽ ഉണ്ടാകുന്ന മറ്റുപല പഴവർഗ്ഗങ്ങളെയും –  പിടിച്ചുനിർത്തുന്നത് ഛത്ത് പൂജയാണ്. പുരോഹിതന്മാരില്ലാതെ, ക്ഷേത്രങ്ങളില്ലാതെ, വേദപുസ്തകങ്ങളില്ലാതെ ഛത്ത്ഇന്നും  തുടർന്നുപോകുന്നത് ഒരു പരിസ്ഥിതിയോർമ്മ എന്ന നിലയ്ക്കാണ്. ഇന്ത്യയിൽ കൂടുതൽ ഭാഗങ്ങളിലും ദീപാവലിയാണ് ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കുന്നത്, എങ്കിലും  ബീഹാറിലും ഉത്തർപ്രദേശിന്റെ കിഴക്കും നേപ്പാളിലും ഛത്ത് പൂജയ്ക്കുള്ള തയ്യാറെടുപ്പുകളാണ് ഇലപൊഴിയും കാലത്തിന്റെ മദ്ധ്യബിന്ദു. ഇവിടെ  പുരോഹിതന്മാരില്ല, വേദപുസ്തകങ്ങളില്ല, ക്ഷേത്രങ്ങളും ഇല്ല; കാർഷികസമൃദ്ധിയേയും സൂര്യന്റെ തേജസ്സിനെയും വണങ്ങുന്ന  ഭക്തനിൽ തന്നെയാണ് ദൈവികതയും കുടികൊള്ളുന്നത്.

പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ പൂർവികമുള്ള എനിക്ക് ഈ ഉത്സവത്തിന്റെ നിഷ്കർഷകൾ മനസ്സിലായിവരുവാൻ തന്നെ വർഷങ്ങൾ വേണ്ടിവന്നു. ബീഹാറി കുടുംബത്തിൽനിന്ന് വിവാഹം കഴിച്ചതുകൊണ്ടും വളരെക്കാലം പാറ്റ്നയിലും സന്താൾ പർഗാനയിലും താമസിച്ചതുകൊണ്ടും ഓരോ നൈവേദ്യത്തിന്റെയും ഗ്രാമ്യലാളിത്യം പിന്നെപ്പിന്നെ ഞാൻ അറിഞ്ഞാസ്വദിച്ചുതുടങ്ങി.

 

ബീഹാറിന്റെ സംസ്കാരത്തെ ഞാൻ ആദ്യം പരിചയപ്പെടുന്നത്,  ധെക്കുവ  എന്ന ഏറെ വാഴ്ത്തപ്പെട്ട മധുരപലഹാരത്തിലൂടെയാണ്;  മുകളിൽ എരിവും പുളിയുമുള്ള മാങ്ങാ അച്ചാർ ചെറുതായൊന്നു തൂവിയിട്ടാണ് അത് കഴിക്കുക. തരിയുള്ള ഗോതമ്പുപൊടിയും നെയ്യും ശർക്കരയും ഒരുനുള്ള് ഏലക്കയും കൊപ്ര കുനുകുനെ അരിഞ്ഞതും ചേർത്താണ് ധെക്കുവ  ഉണ്ടാക്കുക. ധെക്കുവ  ഉണ്ടാക്കുവാൻ വേണ്ടി  കഴുകി വെയിലത്തുണക്കിയ ഗോതമ്പ്  പൊടിക്കുവാനാണ് ഞാൻ ജീവിതത്തിൽ ആദ്യമായി തിരികല്ല് ഉപയോഗിച്ചത്;  മുത്തശ്ശിമാർ  അവരുടെ  പരുക്കൻ ശബ്ദത്തിൽ തുടങ്ങിവെച്ച   ഛത്ത് പാട്ടുകളുടെ അകമ്പടിയോടെ. മറ്റുള്ളവരും ആ സംഘഗാനത്തിൽ ചേരുന്നതോടെ ജോലിയുടെ താളത്തിലേക്ക് വരികളും വാക്കുകളും ഇഴുകിച്ചേരും; പതിവുവേലകളിൽ ദൈവികത  കലരും. ഉത്സവകാലത്ത് ഉടനീളം ശുദ്ധത്തിനു കൽപ്പിച്ചുകാണുന്ന പ്രാധാന്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വണങ്ങുന്നവർക്ക് വരദായിനിയായ ഛത്തി മയ്യാ അവഗണിച്ചാൽ കോപംകൊള്ളുകയും ചെയ്യുന്നവളാണ്.

സുപ്പയിൽ (മുറം) നിരത്തുന്ന നൈവേദ്യവസ്തുക്കളിൽ ധെക്കുവ  മാത്രമാണ് കുഴച്ചും വറുത്തും ഉണ്ടാക്കുന്ന പലഹാരം. അതിന് ആവശ്യക്കാർ അനവധിയാണ് – പുഴക്കടവിലും അതെ, വീട്ടിലും അതെ. പൂജയ്ക്ക് എത്താൻ സാധിക്കാതെപോയ സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമെല്ലാം വേണം ധെക്കുവ. കുളിച്ചു ശുദ്ധമായി വെറുംവയറ്റിൽ ഉണ്ടാക്കേണ്ട പലഹാരമായതുകൊണ്ട് ഇത്രയും എണ്ണം ഉണ്ടാക്കിയെടുക്കുവാൻ കൂട്ടായ പ്രയത്നം തന്നെ വേണ്ടിവരും. ഇന്നിപ്പോൾ മരംകൊണ്ടുണ്ടാക്കിയ ധെക്കുവ  അച്ചുകൾ കിട്ടാനുണ്ട്, മുൻപൊക്കെ മാവ് കുഴച്ച് പരുവമാക്കിയിട്ട് മെടഞ്ഞ കൂടയുടെ പുറത്ത് അമർത്തുകയാണ് ചെയ്തിരുന്നത്.

പഞ്ചാംഗം അനുസരിച്ച് കൊല്ലത്തിൽ രണ്ടുപ്രാവശ്യമാണ് ഛത്ത്: ചൈത്ര ഛത്തും ദീപാവലി കഴിഞ്ഞ് ആറാം ദിവസം വരുന്ന  കാർത്തിക ഛത്തും. കാലത്തും സന്ധ്യക്കും അർഘ്യം കഴിഞ്ഞാൽ സുപ്പ അഥവാ ഡാലയിൽ  (മുറം) നേദിക്കുന്നതുകൊണ്ട് ഡാലാ ഛത്ത് എന്നും പറയാറുണ്ട്. മതപരമായ എല്ലാ ഉപവാസവും പോലെ ഛത്ത് തുടങ്ങുന്നതും നാലാം ദിവസത്തെ ന്ഹായെ-ഖായെ മുതലാണ്; വ്രതി (ഉപവസിക്കുന്നയാൾ) കിണർവെള്ളത്തിലോ പുഴയിലോ കുളിച്ചുവന്നശേഷം ആഹാരം കഴിക്കുന്നത് അന്നാണ്. സാത്വികാഹാരമായിരിക്കും: കടലപ്പരിപ്പ് കൂട്ടാൻ, അർവാ അരികൊണ്ടുള്ള (ഉണക്കലരി) ചോറ്, ലോക്കി അഥവാ ചുരയ്ക്ക. കദ്ദുവും  ( മത്തങ്ങ) ആവാം. ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനായി ഈശ്വരാനുഗ്രഹം തേടുമ്പോൾ ശരീരശുദ്ധി ഉറപ്പുവരുത്തുകയാണ് സാത്വികാഹാരം ചെയ്യുന്നത്.

പരമ്പരാഗതരീതിയിലാണെങ്കിൽ മണ്ണടുപ്പിലാണ് ആഹാരം പാകംചെയ്യേണ്ടത്. മുറ്റമോ വിറകോ ഒന്നും കിട്ടാത്തയിടത്താണെങ്കിൽ പുതിയതരം സ്റ്റൗ ഉപയോഗിക്കാറുണ്ട്. വ്രതി കഴിച്ചുകഴിഞ്ഞാൽ ബാക്കിവെക്കുന്നത് പ്രസാദമായി മറ്റുള്ളവരും പങ്കിട്ടുകഴിക്കും – അനുഗ്രഹം മറ്റുള്ളവരിലേക്ക് പകരുകയും വ്രതിയുടെ നില കുറച്ചുകൂടി ഉയരുകയും ചെയ്യും.

ഘർന എന്നും അറിയപ്പെടുന്ന സൂര്യ ഷഷ്ഠി പൂജയുടെ ദിവസമാണ് അരിയും ശർക്കരയും കൊണ്ടുള്ള പായസം ഉണ്ടാക്കുക. ഉപവാസത്തിനുശേഷം രാത്രിയാണ് അരിയോ ഗോതമ്പോ കൊണ്ടുണ്ടാക്കിയ പൂരിയോടൊപ്പം പ്രസാദമായി പായസവും വിളമ്പുക. ഛത്തി മാതയുടെ മുൻപിൽ വാഴയില വെച്ച് അതിൽ പായസം, പാൽ, വാഴപ്പഴം, മുള്ളങ്കി, വെറ്റില, അടയ്ക്ക എന്നിവ നേദിച്ച ശേഷമാണിത്. 36 മണിക്കൂർ നീളുന്ന ഉപവാസത്തിന്റെ തുടക്കമാണ് അന്ന്.

പിറ്റേന്ന് വലിയ അളവിലാണ് ധെക്കുവ  ഉണ്ടാക്കുക; അതിൽ സഹായിക്കാൻ കൂടുന്നവരുമെല്ലാം ഉപവസിക്കണം. കുടുംബാംഗങ്ങളിൽ ചിലർ ചന്തയിൽ പോയി മുറത്തിൽ നിരത്തുവാനുള്ള സാധനങ്ങൾ വാങ്ങും.

 സൂര്യൻ അസ്തമിക്കുന്ന സമയത്ത് ഭക്തർ അരയോളം വെള്ളത്തിലിറങ്ങിനിന്ന് നിറച്ച മുറം അസ്തമയസൂര്യനുനേരെ ഉയർത്തിപ്പിടിക്കും. കുളക്കരയിലും പുഴക്കടവിലും കുത്തിനിർത്തിയ അഞ്ച് കരിമ്പിൻ തണ്ടുകളാണ് ക്ഷേത്രഭൂമിയുടെ അടയാളം. താത്കാലിക ശ്രീകോവിലിൽ സൂര്യനെ പ്രതിനിധാനം ചെയ്ത് കൊളുത്തിവെയ്ക്കുന്ന വിളക്കുകൾ ഉണ്ടാവും. ഈ വ്രതാനുഷ്ഠാനത്തിൽ ഉപയോഗിക്കുന്ന കരിമ്പിൻ തണ്ടുകൾ പുത്തൻ വിളയുടെ പ്രതീകമാണെന്നും സമൃദ്ധി, ഭൂമിയുടെ വീണ്ടെടുത്ത ഉർവ്വരത തുടങ്ങിയ ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ട്രേസി പിൻച്‌ഛം പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും നിറവ് ഉറപ്പുവരുത്തുന്ന, സൂര്യപ്രകാശത്തിന്റെയും ജലത്തിന്റെയും പ്രതീകാത്മക സംഗമമാണത്.

 അതിന്റെ പിറ്റേദിവസം രാവിലെ (ബിഹാനിയ അർഘ്യ) വെള്ളവും പാലും പുതുതായി നിറച്ച മുറവും ഉദയസൂര്യന് നിവേദിക്കുന്നതോടെ   ഉപവാസം അവസാനിക്കും. മറ്റുള്ളവർ ഛത്തി മയ്യക്ക് ജലം കൊണ്ട് തർപ്പണം ചെയ്തശേഷം സൂര്യഭഗവാന്റെ അനുഗ്രഹം തേടും. വ്രതികളുടെ കഠിനമായ ഉപവാസംകൊണ്ടും സൂര്യന്റെ രശ്മികൾകൊണ്ടും പവിത്രമായ പ്രസാദം വാങ്ങുവാനുള്ള  തിരക്കാണ് പിന്നെ. മിഥിലയിലും പരിസരത്തും ചൗഛന്ദ പൂജയുടെ സമയത്ത്  ഇതുപോലെ ചന്ദ്രന് നേദിക്കാറുണ്ട്  എന്നതാണ് രസകരം – സൗരതാളത്തിനൊപ്പം ചാന്ദ്രതാളത്തെയും അംഗീകരിക്കുന്നുണ്ട്.

 ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഈ ഉപവാസത്തോടുള്ള ആദരവ്  ആഴത്തിൽ വേരോടിയിട്ടുണ്ട്. മറ്റു സമൂഹവിഭാഗങ്ങളിൽപെട്ടവർ പോലും   വിശ്വസിക്കുന്നത്   സൂര്യൻ തന്റെ  അനുഗ്രഹം എല്ലാവരിലും ജാതിമതവർഗ്ഗഭേദങ്ങൾക്കെല്ലാം അതീതമായി വർഷിക്കുന്നുണ്ടെന്നാണ്. മധുബനിയിൽനിന്നുള്ള സഞ്ജീത ഇപ്പോൾ ഡെൽഹിയിലാണ് താമസം, പക്ഷെ മുടങ്ങാതെ എല്ലാ വർഷവും ഛത്ത് ആചരിക്കാറുണ്ട്. പാറ്റ്നയിൽ, എളിയരീതിയിൽ ജീവിക്കുന്ന സീമയും അമ്മയും പതിറ്റാണ്ടുകളായി ഉപവാസം എടുക്കാറുണ്ട്. അവരുടെ പരിസരത്തുള്ള മുഴുവൻ സമൂഹവും അതിൽ പങ്കെടുക്കാറുമുണ്ട്: കൂട നെയ്യുന്നവർ, മണ്ണടുപ്പും ചെരാതും ഉണ്ടാക്കുന്ന കുംഹാറുകൾ (കുംഭാരർ), പച്ചക്കറി വിൽപ്പനക്കാർ എന്നുതുടങ്ങി എത്രയോപേരുടെ അദ്ധ്വാനവും സമർപ്പണവും ഇതിനുപിന്നിലുണ്ട്. ഔപചാരികമായ വേദവാക്യങ്ങളോ ക്ഷേത്രാചാരങ്ങളോ കൂടാതെ തന്നെ ഛത്തി മയ്യാ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് നരവംശ ശാസ്ത്രജ്ഞർ “ചെറു പാരമ്പര്യം” (little tradition) എന്ന് വിളിക്കുന്നതിലാണ് – ഒത്തുചേർന്നുള്ള ആചരണം, ഓർമ്മ, ഭക്തി എന്നിവയിലൂടെ നിലനിർത്തിപ്പോരുന്ന, ജീവിക്കുന്ന ഒരു വിശ്വാസം.

 സൂര്യഭഗവാനോടും ഛത്തി മയ്യയോടും പ്രാർത്ഥിക്കുന്ന ഛത്ത് പാട്ടുകളിൽ ഭൂമിയിലെ സകലവിധ സമൃദ്ധിയ്ക്കും മേലെ സൂര്യപ്രകാശത്തിനുള്ള പ്രാമുഖ്യം പ്രകടമാണ്. ആഘോഷത്തോട് ശക്തമായി  ബന്ധപ്പെട്ട പാട്ടുകളാണെങ്കിൽപ്പോലും കാർഷികവൃത്തികളിൽ സ്ത്രീകളുടെ അദ്ധ്വാനത്തിനുള്ള വലിയ പങ്കിനെക്കുറിച്ചും കർഷകഗൃഹങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ അവരുടെ സംഭവനയെക്കുറിച്ചുമൊക്കെ പറഞ്ഞുവെക്കുന്നുണ്ട് അവ. ഈ പാട്ടുകൾ ഞാൻ  ആദ്യമായി കേൾക്കുന്നത് ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള ദാൽതോൻഗഞ്ചിൽ വെച്ചാണ് – എന്റെ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ.

 “എഴുന്നേൽക്കൂ, എല്ലാവരും ഛത്ത് പാട്ട് പാടാൻ ഇപ്പോൾ നമ്മുടെ വീട്ടിലേക്കെത്തും,” എന്റെ അമ്മായിയമ്മ വിളിച്ചുപറഞ്ഞു. സാരി തോളിലൂടെ മുറുകെ ചുറ്റി ഞാനും  സ്ത്രീകളുടെ – പെങ്ങൾ  സ്‌ഥാനത്തുള്ളവരും അമ്മായിമാരും അയൽപക്കക്കാരും –  കൂടെ ചേർന്നു. അവരുടെ ശബ്ദം തിരമാലകൾപോലെ പൊങ്ങിയും താഴ്ന്നും കേട്ടുകൊണ്ടിരുന്നു. ദിനനാഥ്, ഛത്ത് മയ്യാ, ദൗര, സുഗ എന്നിങ്ങനെ ചില വാക്കുകൾ എന്റെ കാതിലേക്ക് ഒഴുകിവന്നിരുന്നു. പാട്ടുകളിൽ സൂര്യൻ തെങ്ങോലകൾക്കിടയിലൂടെ എത്തിനോക്കുകയും പഴുത്ത വാഴക്കുലകളിൽ കൊതിപൂണ്ട തത്തകൾ കണ്ണിടുകയും ചെയ്തു; പലതരം പഴങ്ങൾ വാങ്ങേണ്ടത് ഏതൊക്കെ ചന്തകളിൽനിന്നാണെന്ന് സ്ത്രീകൾ പേരെടുത്തു  പറഞ്ഞു; വരങ്ങൾ ആവശ്യപ്പെട്ടു – ആൺമക്കൾക്കുവേണ്ടിയും, പൊന്നോമനയായ മകൾക്കുവേണ്ടിയും കുടുംബത്തിന്റെ എല്ലാ ഐശ്വര്യങ്ങൾക്കു വേണ്ടിയും.

 വർഷങ്ങൾക്കുശേഷം, ഒരു ഛത്ത് ഉത്സവവേളയിൽ  പാറ്റ്നയിലെ എന്റെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ നിൽക്കുകയാണ് ഞാൻ;  പ്രശസ്ത ഗായിക ശാരദ സിൻഹയുടെയും ഭോജ്പുരി സംഗീതത്തിലെ ഉദയതാരകങ്ങളായ വേറെയും ഗായകരുടെയും പാട്ടുകൾ ഉച്ചഭാഷിണിയിലൂടെ കേൾക്കാം. തലമുറകൾ മാറിയിട്ടും അവയിലെ വാക്കുകൾ പക്ഷെ മാറിയിട്ടില്ല. നഗരം ഒത്തൊരുമയുള്ള സ്വച്ഛമായ ഒരു ആനന്ദത്തിൽ മുങ്ങിക്കിടക്കുന്നു.

 ഛത്ത് പൂജ പാട്ടുകളിൽ ഒന്ന് ഇങ്ങനെയാണ്:

സാതോൻ കോതാലിയ ജി ദീനാനാഥ്

സാതോൻ മെ കെബാർ തൊഹ്‌രാ

ദൂബാതെ ഹോ ദീനാനാഥ് ദുനിയാ അൻഹാർ

തൊഹ്രാ ഉഗാതെ ജി ദീനാനാഥ് ദുനിയാ ഇഞ്ചോർ …

ഏഴ് മുറികളുണ്ട്, ഓരോന്നിലും ഏഴുണ്ട് വാതിൽ

നീ മറയുമ്പോൾ , ഓ സൂര്യഭഗവാൻ, ലോകമെല്ലാം ഇരുളാകുന്നു

നീ ഉയരുമ്പോൾ, ഓ സൂര്യഭഗവാൻ, ലോകമെല്ലാം വെളിച്ചമാകുന്നു

ഛത്ത് പൂജയുടെ പാരിസ്ഥിതിക യുക്തി കാച്ചിക്കുറുക്കിയതാണ് ഈ വരികൾ: സൂര്യപ്രകാശമില്ലാതെ ആഹാരമില്ല, സമൂഹത്തിന് തുടർച്ചയുമില്ല. ഛത്ത് പൂജയുടെ പൂർവികം പ്രകൃത്യാരാധനയുടേതാണ്; മഹാഭാരതത്തിൽ കർണ്ണൻ ഉദയസൂര്യന് അർഘ്യം നൽകുന്നതിനെക്കുറിച്ച് പരാമർശമുണ്ട്. ഈ പാട്ടുകളിലും , പൂജയുടെ വ്യത്യസ്തങ്ങളായ നൈവേദ്യങ്ങളിലും  മറഞ്ഞിരിക്കുന്നത് പ്രകൃതിസംരക്ഷണശീലങ്ങളും പ്രാദേശിക ഉപജീവനത്തിന്റെ നിലനിൽപ്പുമാണ്. നാടൻ പഴവർഗ്ഗങ്ങളുടെ വൈവിദ്ധ്യത്തെക്കുറിച്ച് 2016ൽ നടന്ന ഒരു പഠനം കണ്ടെത്തിയത് ചില പഴവർഗ്ഗങ്ങൾ വീടുകളിൽ വളർത്തുന്നത് ഛത്ത് പൂജയ്ക്കു വേണ്ടി മാത്രമാണെന്നാണ്. പഠനം നടത്തിയവർ പറയുന്നത് ബംബ്ലൂസ് നാരങ്ങയാണ് ഇതിന്റെ ഒരു നല്ല ഉദാഹരണമെന്നാണ്; മിക്ക വീടുകളിലും അത് വളർത്തുന്നുണ്ട്, പക്ഷെ ഛത്ത് പൂജയ്ക്ക് അല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറില്ല. ബീഹാറിലെ ബംബ്ലൂസ് നാരങ്ങ ഇനങ്ങളുടെ സംരക്ഷണത്തിൽ ഈ ആഘോഷം വഹിക്കുന്ന പങ്ക് ചെറുതല്ല.വീടുകളിലെ തോട്ടങ്ങൾ കുടുംബത്തിന്റെ ആഹാരാവശ്യങ്ങൾക്ക് മാത്രമല്ല ഉതകുന്നത്, ഉത്സവവേളകളിൽ, പ്രത്യേകിച്ച് ഛത്ത് കാലത്ത്, ഏറെ ആവശ്യക്കാരുള്ള പഴങ്ങൾ ഉത്പാദിപ്പിക്കുക വഴി അത്  കുടുംബത്തിന്റെ ആദായം വർദ്ധിപ്പിക്കുന്നുമുണ്ട്.

 ഊർജ്ജസമ്പുഷ്ടമായ, ലോകത്തെമ്പാടും 300 ദശലക്ഷം മനുഷ്യർ ആഹരിക്കുന്നതും എന്നാൽ നാട്ടിലെ ഹാത്തുകളിൽ (ചന്ത) ഛത്ത് കാലത്തു മാത്രം ലഭിക്കുന്നതുമായ മറ്റൊരു കിഴങ്ങുവർഗ്ഗമാണ് സുതനി (ചെറുകിഴങ്ങ്) –  രോമമുള്ള ഉരുളക്കിഴങ്ങുപോലെയിരിക്കും അത്. പണ്ട് നിത്യാഹാരത്തിൽ പെട്ടിരുന്ന കിഴങ്ങാണെങ്കിലും ഇപ്പോൾ ഇഷ്ടാനിഷ്ടങ്ങൾ മാറിവരുന്നതുകൊണ്ട് ഇത് ആർക്കും അത്ര വേണ്ട. മുപ്പതുകൊല്ലത്തിലധികമായി ഛത്ത് വ്രതം അനുഷ്ഠിച്ചുപോരുന്ന ശ്രീമതി പൂനം സിൻഹ പറയുന്നത് അവരുടെ അമ്മായിയമ്മ മാത്രമേ സുതനി കൊണ്ടുള്ള ചട്ണി കഴിക്കാറുള്ളൂ എന്നാണ്, പുതിയ തലമുറയ്ക്ക് അത് ഇഷ്ടമല്ല.

ഛത്ത് പൂജയുമായി ബന്ധമുള്ളതുകൊണ്ട് നിലനിൽക്കുന്ന ഒരുതരം അരിയാണ് സീതമർഹി പരിസരത്ത് കൃഷിചെയ്യുന്ന ഗംഹാരി അരി. വലിയ വിലയുള്ള ഈ ഇനം അരി ഉത്പാദിപ്പിക്കുവാനുള്ള പ്രധാന പ്രേരണ ഈയൊരു മതാനുഷ്ഠാനമാണ് – കിലോയ്ക്ക് 900 രൂപയിലധികമാണ് ഇതിന്റെ വില. ഉരലും ഉലയ്ക്കയും ഉപയോഗിച്ചുമാത്രം കുത്തിയെടുക്കുന്ന സവിശേഷമായ അരിയാണത്; കേടുവരാതിരിക്കുവാൻ ഒന്നും പ്രത്യേകിച്ച് ചെയ്യാറില്ല, സ്വാഭാവികമായ കാലാവധിയെ അതിനുള്ളൂ. പൊക്കാളി പാടങ്ങൾ ധാരാളമായുള്ള സീതമർഹി, സിംഗാര എന്ന ധാന്യേതര ആഹാരത്തിന്റെയും മുഖ്യ ഉത്പാദകരാണ്. സിംഗാര ഉപവാസങ്ങൾക്കും ആചാരങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ്, പ്രത്യേകിച്ചും ഛത്ത് ഉത്സവക്കാലത്തെ മുറം നിവേദ്യത്തിൽ. ഏറ്റവും ഉത്പാദനക്ഷമതയുള്ള ജലസസ്യങ്ങളിൽ ഒന്നാണ് സിംഗാര, എന്തെന്നാൽ അതിന്റെ വേരുകളും പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്നവയാണ്. വർഷത്തിൽ ഏതാനും  ദിവസങ്ങൾ മാത്രമേ വേണ്ടൂ എങ്കിലും അക്കാലത്ത് അത് ഇല്ലാതെയും പറ്റില്ല എന്നതുകൊണ്ട് സിംഗാരച്ചെടി വളരുന്ന  അതിലോലമായ ജല ആവാസവ്യവസ്ഥയെ നാട്ടുകാർ സംരക്ഷിക്കുന്നുണ്ട്.

 പലതരം ആഹാരസാധനങ്ങളുടെ മാത്രമല്ല ഉപജീവനമാർഗ്ഗങ്ങളുടെയും നിലനിൽപ്പ് ഇത്തരം ആചാരങ്ങളിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. കാലവർഷവും കരകവിഞ്ഞൊഴുകുന്ന പുഴകളും ചേർന്ന് പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാകാറുള്ള  മിഥിലയിൽ, ഛത്ത് പൂജയ്ക്കുവേണ്ടി പുഴവക്കത്ത് രാമച്ചം നടുന്ന സമ്പ്രദായം പാരിസ്ഥിതികമാറ്റങ്ങൾ  മാത്രമല്ല സാമ്പത്തികമാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകൾ രാമച്ചം ഉപയോഗിച്ച് സിക്കി കലാവസ്തുക്കൾ ഉണ്ടാക്കുന്നത് അവരുടെ കലാവാസനകൾ വെളിച്ചത്തുകൊണ്ടുവരുവാനും ഒപ്പം കുടുംബവരുമാനം കൂട്ടുവാനും സഹായിക്കുന്നുണ്ട്. പ്രാദേശിക കർഷകർ പാടവരമ്പുകളോട് ചേർന്ന് രാമച്ചം നടുന്നത് വെള്ളപ്പൊക്കത്തിൽനിന്ന് വിളകളെ രക്ഷിക്കുന്നു.

 ഹിന്ദുമതത്തിന്റെ ജാതിശ്രേണിയിൽ അരികുവൽക്കരിക്കപ്പെട്ടവരായ ദോം സമൂഹത്തിന്റെ കൂടനെയ്ത്തിലുള്ള പ്രാവീണ്യത്തിന് ഈ ഉത്സവവേളയിൽ നിരവധി ആവശ്യക്കാരുണ്ട്. അവരാണ് സുപ്പ, ദോറി എന്നെല്ലാം അറിയപ്പെടുന്ന മുറം നെയ്യുന്നവർ. പെട്ടെന്ന് വളരുകയും എത്ര വെട്ടിയാലും പൂർവ്വസ്‌ഥിതിയിലേക്ക് മടങ്ങുകയും ചെയ്യുന്ന ഈറ്റയ്ക്ക്  ഹിന്ദുക്കളുടെ എല്ലാ ചടങ്ങുകളിലും വലിയ സ്‌ഥാനമുണ്ട്. ഛത്ത് അനുഷ്ഠാനരീതികളിൽ അലിഞ്ഞുചേർന്നിട്ടുള്ള പാരിസ്ഥിതികജ്ഞാനത്തിലേക്ക് ഈറ്റയെന്ന പ്രകൃതിവിഭവത്തിന്റെ  വളർച്ച, വിളവെടുപ്പ്, ഉപയോഗം ഇവയോരോന്നും മെടഞ്ഞുചേർത്തിരിക്കുകയാണ്. സുപ്പ  അഥവാ മുറത്തിൽ കുങ്കുമം ചാർത്തിയാണ് പഴവർഗ്ഗങ്ങളും ധാന്യവും പൂജാപുഷ്പങ്ങളും നിറയ്ക്കുവാൻ തയ്യാറാക്കുന്നത്; അതിന്റെ പ്രാധാന്യം ഒരു ഛത്ത് പാട്ടിൽ ഇങ്ങനെ വർണ്ണിക്കുന്നുണ്ട്:

 ബഹാൻഗോയ് ലച്കത് ജയ്, അരഖ് കെ ബേരിയാ ഹോ ഛത്തി മയ്യാ

ഗഗർ നിംബുവാ സുഗന്ധ് ബിഖേരത് ഘാട്ടെ സുഹാഗൻ ജായെ

സൂരജ് ദേവ്ത കെ അർഘ് ദേബ്, ഗോദ് മേ ജൽ ഭരീ ലേ

നദിയാ കേ കിനാരെ ഗുൻജെ ഗീത്, ഭക്തി രസ് ബർസായി .

സുപ്പ  ധോവ കേ തയ്യാർ ഭേയ്ൽ,

ഫൽ-ഫൂൽ സജാവ്ലെ അംഗാന

നദിയാ കേ പഥ് പർ നിക്ലി ബാരാതിൻ

 സൂര്യനെയും ഛത്തി മയ്യയെയും ആരാധിക്കുന്നതിൽ ശുദ്ധത്തിനും ജലാശയങ്ങൾക്കും നൽകുന്ന പ്രാധാന്യം മൂലം എല്ലാ വർഷവും ജലാശയങ്ങൾ വൃത്തിയാക്കേണ്ടതുണ്ട്. പൂജ ആഘോഷിക്കുന്നതിലേക്കായി ജലാശയങ്ങളും ചുറ്റുപാടുകളും വൃത്തിയാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ആരോഗ്യമുള്ള ആവാസവ്യവസ്ഥകൾ, പ്രത്യേകിച്ചും നീർത്തടങ്ങളിൽ, നിലനിർത്തുവാൻ പരക്കെ സഹായിക്കുന്നുണ്ട് (കേസരി, 2009). താഴെക്കൊടുത്തിരിക്കുന്ന വരികളിൽ, കടവുകളിൽ ചിലന്തിവലകളും (മക്രീ ബസേര) പുല്ലും (ദുബിയ) വളർന്നിരിക്കുന്നുവെന്നും ഉത്സവമാവുമ്പോഴേക്കും എല്ലാം വൃത്തിയാക്കണമെന്നും  ഛത്തി മയ്യ തന്റെ ഭക്തരോട് പറയുകയാണ്:

 കോപി കോപി ബോലേലി ഛത്തി മയ്യാ,

സുനിയെ സേവക് ലോഗ്, മോരാ ഘാട്ടെ ദുബിയാ ഉപജ്‌ ഗൈലെ,

മക്രീ ബസേര ലിഹേലെ,

ആയി ഹാത് ജോഡി കഹെ ലെ സേവക്,

രൗർ ഘാട്ടെ ദുബിയാ ചിലായ് ദെബോ,

മക്രീ ഉജാദി ദെബോ …

 പക്ഷെ, ഛത്ത് ഏതൊക്കെ ആവാസവ്യവസ്ഥകളെയാണോ ആശ്രയിച്ചു നിലകൊള്ളുന്നത്, അവയെല്ലാം സമ്മർദ്ദങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. തണ്ണീർത്തടങ്ങൾ ചുരുങ്ങുന്നു, പുഴകളുടെ ഓരങ്ങളിൽ കോൺക്രീറ്റ് കയ്യേറ്റങ്ങൾ കൂടിവരുന്നു, ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള  വീടുകളിൽ തോട്ടങ്ങൾ ഇല്ലാതാകുന്നു. സുതനി എന്ന ചെറുകിഴങ്ങിനെ പുറംതള്ളുവാൻ ഇനി അധികകാലം വേണ്ടിവരില്ല, കാരണം ധാരാളിത്തത്തിന്റെ നടുവിൽ തിളക്കമറ്റ, സ്വാദുകുറഞ്ഞ, വിചിത്രരൂപിയായ ഈ കിഴങ്ങിന് സംരക്ഷകരാരുമില്ല. മാറിവരുന്ന ഇഷ്ടങ്ങളിൽ ബംബ്ലൂസ് നാരങ്ങയും സിംഗാരയും പിടിച്ചുനിന്നെന്നു വരില്ല.

 കാലാവസ്ഥയുടെ സമ്മർദ്ദങ്ങളും ഏകസ്വഭാവമുള്ള ആഹാരരീതികളും വർദ്ധിച്ചുവരുമ്പോൾ ആഘോഷങ്ങൾ പ്രധാനപ്പെട്ട ഒരു ചോദ്യമുയർത്തുന്നുണ്ട്: പിന്തുണയ്ക്കുന്ന ഭൂമികകൾക്ക് നിലനില്പില്ലാതെയാവുമ്പോൾ ഇത്തരം അനൗപചാരികമായ സംരക്ഷണവ്യവസ്ഥകൾക്ക് എന്തു സംഭവിക്കും?

Endnotes

  1. Research on tropical fruit diversity in eastern India indicates that certain fruits, including pomelo (Citrus grandis), are conserved in home gardens primarily due to ritual requirements associated with Chhath Puja.
  2. Arnau, G., et al. (2010). Yams (Dioscorea spp.): A neglected crop with high nutritional and medicinal value.
  3. Nayaboga, G., et al. (2014). Dioscorea species as energy sources in tropical diets.
  4. Lev, E., & Shriver, A. (1998). Ethnobotanical perspectives on root and tuber crops.
  5. Kesari, K. (2009). Ritual ecology and water-body maintenance during Chhath Puja.
  6. Verma, A. B. (2019). Role of aquatic plants in the livelihood purposes in the wetlands of north Bihar. Journal of Medicinal Plants Studies, 7(1), 120–123.
  7. Jha, Vidyanath, A. B. Verma, Rajeev Kumar and Mani Shankar Jha. 2016. Chrysopogon zizanioides (L.) Roberty (Katara jhar) as a tool for rural development in the floodplains of Mithila, north Bihar. Journal of Traditional and Folk Practices, 4(2): 104–116.
  8. Singh, Harsha, and Aanchal Malhotra. “The Ridges of a Thekua Mould.” Museum of Material Memory, 2024.

https://museumofmaterialmemory.com/the-ridges-of-a-thekua-mould

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *

oneating-border
Scroll to Top
  • The views expressed through this site are those of the individual authors writing in their individual capacities only and not those of the owners and/or editors of this website. All liability with respect to actions taken or not taken based on the contents of this site are hereby expressly disclaimed. The content on this posting is provided “as is”; no representations are made that the content is error-free.

    The visitor/reader/contributor of this website acknowledges and agrees that when he/she reads or posts content on this website or views content provided by others, they are doing so at their own discretion and risk, including any reliance on the accuracy or completeness of that content. The visitor/contributor further acknowledges and agrees that the views expressed by them in their content do not necessarily reflect the views of oneating.in, and we do not support or endorse any user content. The visitor/contributor acknowledges that oneating.in has no obligation to pre-screen, monitor, review, or edit any content posted by the visitor/contributor and other users of this Site.

    No content/artwork/image used in this site may be reproduced in any form without obtaining explicit prior permission from the owners of oneating.in.