അവിയൽ
Volume 5 | Issue 8 [December 2025]

അവിയൽ<br>Volume 5 | Issue 8 [December 2025]

അവിയൽ
എസ്. സതീഷ് കുമാർ

Volume 5 | Issue 8 [December 2025]

പരിഭാഷ: പ്രസന്ന .കെ. വർമ്മ

കൃഷ്ണമണി അവളുടെ ഒറ്റമുറിവീടിന്റെ കോലായയുടെ ഇടത്തേ മൂലയിലാണ് ഇരിക്കുക. വലത്തേ തുടയോടുചേർന്ന് അവളുടെ കൊയ്ത്തരിവാൾ കയ്യെത്തുംദൂരത്ത് വെച്ചിട്ടുണ്ടാവും. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിൽ ഇരുമ്പുകൊണ്ടുള്ള അതിന്റെ വളഞ്ഞ തലയും എത്രയോ കൊല്ലം കൈപ്പിടിയിലിരുന്നു മിനുസപ്പെട്ട  മരപ്പിടിയും മങ്ങിയ തിളക്കം പൊഴിച്ചു. ഇതാണ് വീട്ടിൽ അവളുടെ ഇടം. പകലത്തെ അധ്വാനമെല്ലാം കഴിഞ്ഞ് അവൾ തന്റെ ഇരിപ്പിടത്തിലേക്ക് ചുരുങ്ങും – ഒന്നുരണ്ടു പഴയ ചണച്ചാക്കുകൾ ചതുരത്തിൽ വൃത്തിയായി മടക്കി പിഞ്ഞിയ ഒരു കൽക്കട്ട കോട്ടൺ വിരിപ്പുകൊണ്ട് പൊതിഞ്ഞതാണ് അത്. വൈകുന്നേരങ്ങളിൽ അവൾ തന്റെ സ്വന്തം മൂലയിൽ ഇരിപ്പുപിടിക്കും; നടു ചാരുവാൻ പാകമാണ് അവിടുത്തെ ചുമരിന്റെ വളഞ്ഞ മൂല. പിറ്റേന്ന് വെള്ളകീറുമ്പോൾ വറുത്തുകോരുവാനുള്ള മാവുകൂടി  തയ്യാറാക്കിവെച്ചശേഷം.

മാവെല്ലാം ഒന്നുതന്നെയാണ്. പക്ഷെ ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകും ഓരോന്നിനും. കുതിർത്തുവെച്ച അരിയും തൊലികളഞ്ഞ ഉഴുന്നും വലിയ ആട്ടുകല്ലിൽ അരച്ചെടുത്ത് മൂന്നു ഭാഗങ്ങളാക്കി തിരിച്ചുവെക്കും. സാധാരണമുറുക്കിന് അതിൽ കുറച്ചു ജീരകവും വെളുത്ത എള്ളും ചേർക്കും, മസാലമുറുക്കിന് ചുവന്നമുളകും കുറച്ചു മഞ്ഞളും കായവും കൂടി ചേർക്കും. അവളുടെ തട്ടയാണ് ഏറ്റവും പേരുകേട്ടത് ; അതിന് ചുവന്നമുളക്, ജീരകം, വെള്ളുള്ളി, ചെറിയ ഉള്ളി, കറിവേപ്പില ഇവയെല്ലാം കൂടി അരച്ചെടുത്താണ് ചേർക്കുക. സൂര്യനുദിക്കും മുൻപ് എഴുന്നേറ്റ് അവൾ  അടുപ്പിൽ തീ കൂട്ടും. പൊതിമടലിൽനിന്ന് തീ പടർന്ന് വിറകിലേക്ക് കത്തിപ്പിടിക്കുന്നതിനിടയിൽ വറുത്തെടുക്കാനുള്ള പലഹാരങ്ങളിൽ പകുതിയെങ്കിലും  തയ്യാറായിട്ടുണ്ടാവും. പിന്നെ ചീനച്ചട്ടിയിലെ എണ്ണ അടുപ്പത്തു വെയ്ക്കും, എണ്ണ ചൂടാവുമ്പോഴേക്കും മുറുക്കിന്റെ ചെറിയ ചുറ്റുകളും  തട്ടയുടെ പരന്ന വൃത്തങ്ങളും ആയിക്കഴിയും. വറുത്തെടുത്ത എണ്ണപ്പലഹാരങ്ങൾ പൊതികളാക്കിയശേഷം അവളുടെ  ഭർത്താവ് പണ്ട് തെങ്ങുകയറ്റത്തിനു പോയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന സൈക്കിൾവണ്ടിയിൽ അടുക്കിയെടുത്തുവെക്കും. ഇടവഴിയിലൂടെ നേരെപോയി  ഇടത്തോട്ട് തിരിഞ്ഞ് അവൾ നേരെ ബസ്സ്റ്റാൻഡിലേക്ക് ചവിട്ടും . ഏറെക്കാലമായി ബസ്സ്റ്റാൻഡിലെ  ഒരു പ്രിയസാന്നിധ്യമാണ് അവൾ. സ്‌കൂൾകുട്ടികളുടെ തിരക്ക് വരുന്നതിനു കുറച്ചുമുൻപാണ് അവൾ എത്തുക. അതുകഴിഞ്ഞാൽ പിന്നെ ഓഫിസുകളിലേക്ക് പോകുന്നവരുടെ തിരക്കാണ്. അതും അവസാനിച്ചാൽ പിന്നെ ഉച്ചതിരിഞ്ഞതിന്റെ മന്ദിപ്പും. പലഹാരമൊക്കെ അപ്പോഴേക്കും ഏറെക്കുറെ വിറ്റുതീർന്നിട്ടുണ്ടാവും. എന്നാലും കുറച്ചുനേരം കൂടി ചുറ്റിപ്പറ്റി നിൽക്കും അവൾ, കാരണം പട്ടണത്തിനു നടുക്കുള്ള പാർവതീക്ഷേത്രത്തിൽ പോയിമടങ്ങുന്ന വീട്ടമ്മമാർ ചിലപ്പോൾ അവളുടെയടുത്തു വരാറുണ്ട്.  അവരും പോയിക്കഴിഞ്ഞാൽ അവൾ തിരിച്ചു വീട്ടിലേക്കു സൈക്കിൾ ചവിട്ടാൻ തുടങ്ങും. പോകുന്ന വഴി പച്ചക്കറി വില്പനക്കാരുടെയടുത്ത് ഒന്നു നിർത്തും. അവരുടെ ചരക്കുകളും അപ്പോഴേക്കും തീർന്നമട്ടായിട്ടുണ്ടാവും. ബാക്കിയുള്ളത് അവർ സഹായവിലയ്ക്ക് കൊടുക്കും. കയ്യിൽ പലഹാരം വല്ലതും ബാക്കിയുള്ളത് അവരുമായി പങ്കുവെച്ച് കുശലം പറഞ്ഞിട്ടാണ് അവൾ മടങ്ങുക.

കുറച്ചുകൂടി ചെറുപ്പമായിരുന്ന കാലത്ത് രണ്ടുതവണ  പോകുമായിരുന്നു അവൾ. ഉച്ചയൂണു കഴിഞ്ഞ് കുറച്ചുകൂടി പലഹാരമുണ്ടാക്കി വൈകുന്നേരത്തെ തിരക്കിൻറെ പാകത്തിന് ബസ്സ്റ്റാൻഡ് എത്തുമായിരുന്നു. അവളുടെ വീട്ടുമ്മറത്തെ ഇടവഴിയിൽ സഹായസന്നദ്ധരായ കുറെ തൊഴിലില്ലാത്ത ചെറുപ്പക്കാർ ചുറ്റിത്തിരിയുന്നുണ്ടാവും; വൈകുന്നേരത്തെ പണി അവരിൽ ആരെയെങ്കിലും ഏൽപ്പിച്ചാലോ എന്നവൾ ചിന്തിക്കായ്കയല്ല, പക്ഷെ കൃഷ്ണമണിക്ക് ആരെയും അത്ര വിശ്വാസമില്ല. വെട്ടിപ്പു നടത്തിയാൽ എന്തുചെയ്യും, അല്ലെങ്കിൽ അവളുടെ പ്രിയപ്പെട്ട വണ്ടി കേടുവരുത്തിയാൽ എന്തുചെയ്യും? പോരെങ്കിൽ ഇപ്പോൾ ഒരുതവണ പോകുന്നതുകൊണ്ട് മതിയാവുന്നുമുണ്ട്. പണം അധികം കിട്ടിയാൽ നല്ലതുതന്നെ, എന്നാലും ഇപ്പോൾ കുട്ടികളുടെ പള്ളിക്കൂടത്തിന്റെ ചെലവൊന്നുമില്ലല്ലോ. അവരൊക്കെ വളർന്ന് ഓരോ വഴിക്കു പോയിക്കഴിഞ്ഞു.

അങ്ങനെ, ഉച്ചയൂണിനു വെയ്ക്കാനുള്ള  കായ്കറികൾ കിട്ടിയതും വാങ്ങി കൃഷ്ണമണി വീട്ടിലേക്ക് സൈക്കിൾ ചവിട്ടും. ഭർത്താവ് സ്‌ഥലത്തുണ്ടെങ്കിൽ ഒരുപിടി ചോറ് കൂടുതൽ വെയ്ക്കും, ഇല്ലെങ്കിൽ ഒരാൾക്കുള്ളതു മതിയാവും. ചിലദിവസം ബസ്സ്റ്റാൻഡിൽ നിന്ന് മടങ്ങുന്ന വഴിയ്ക്ക് അവിയലിനു വേണ്ട കഷണങ്ങളൊക്കെ ഒപ്പിക്കും അവൾ. എന്നുമില്ല അത്, വിശേഷപ്പെട്ട വിഭവമാണ്. വെയ്ക്കാനും കഴിക്കാനും അവിയൽ പോലെ അവൾക്കിഷ്ടം മറ്റൊന്നുമില്ല. അവളുടെ സ്വന്തം എളിയ അഭിപ്രായത്തിൽ താൻ വെയ്ക്കുന്ന അവിയലോളം നല്ല അവിയൽ മനുഷ്യരാശിയിൽ തന്നെ വേറെയില്ല! അതിന്റെ  ചേരുവകളുടെ കാര്യത്തിലോ പാചകരീതിയുടെ നിഷ്കർഷയിലോ യാതൊരു വിട്ടുവീഴ്ചക്കും അവൾ തയ്യാറായിരുന്നില്ലല്ലോ. കയ്യിൽകിട്ടിയതെല്ലാം എടുത്ത് അവിയലുണ്ടാക്കാൻ പറ്റില്ല. കട്ടിയുള്ളതും ഇല്ലാത്തതും ആയ പച്ചക്കറികളുടെ കൃത്യമായ ഒരു കൂട്ടായിരിക്കണം അത്. മുരിങ്ങക്കായ വേണം, ചേന വേണം, പച്ചക്കായ വേണം, ചെറിയ ഉരുണ്ടജാതി കത്തിരിക്ക വേണം. വലിയ വഴുതനങ്ങ കാര്യത്തിൽ നല്ലതൊക്കെയാണ്, പക്ഷെ അതിനു  വേവിന്റെ പാകം അത്ര  ശരിയല്ല. പിന്നെ, അരയ്ക്കാനുള്ള തേങ്ങ കുറച്ച് പച്ചയായിരിക്കണം. വല്ലാതെ കടുപ്പവും ഉറപ്പുമുള്ള തേങ്ങയാണെങ്കിൽ കഴിച്ചുകഴിയുമ്പോൾ വായിലൊരു എണ്ണച്ചുവയും  തരുതരുപ്പും തോന്നും.  അമ്മയും അമ്മൂമ്മയുമാണ് അവളെ പാചകം പഠിപ്പിച്ചത്. പക്ഷെ അവിയൽ മാത്രം ഏറെ പണിപ്പെട്ട് കുറെ വർഷംകൊണ്ട്  അവൾ തന്നെ നന്നാക്കിയെടുത്തതാണ്.

ഭർത്താവിനും ഇഷ്ടമാണ്  അവിയൽ. ഇപ്പോൾ കുറേക്കൊല്ലമായി അവർക്കിടയിൽ ആകെയുള്ള  സംസാരം ആഹാരത്തെച്ചുറ്റിപ്പറ്റിയായിട്ടുണ്ട്. ദാമ്പത്യജീവിതത്തിലെ പ്രണയമൊക്കെ രണ്ടുപേർക്കും വേഗം അവസാനിച്ചിരുന്നു. ആദ്യത്തെ കുട്ടി ഉടനെ പിറന്നു. അത് പെൺകുഞ്ഞായതിന്റെ നിരാശ അന്തരീക്ഷത്തിൽ കട്ടപിടിച്ചുനിന്നത് അലിഞ്ഞുപോകും മുൻപേതന്നെ രണ്ടാമതും ഒരു പെൺകുട്ടി ജനിച്ചു. പിന്നെയൊന്ന് അലസിപ്പോയി, പിന്നെ ഒരു പെൺകുഞ്ഞുകൂടി വന്നു. അതോടെ ഭർത്താവ് കുടിച്ചു കുന്തംമറിഞ്ഞു വരുന്നത് പതിവായി; അയാൾക്ക് വേണ്ടത്ര ഊർജ്ജം സംഭരിക്കുവാൻ പറ്റുന്ന രാത്രികളിൽ അവൾ മിണ്ടാതെ മലർന്നു കിടക്കുകയും ഒരാൺകുഞ്ഞിനെ കിട്ടുമെന്ന മോഹത്തിൽ അയാൾ പക മുഴുവൻ അവളിലേക്ക് അടിച്ചുകേറ്റുകയും ചെയ്തുകൊണ്ടിരുന്നു. വീണ്ടും ഒരു പെൺകുഞ്ഞിനും അലസിപ്പോയ മൂന്നു ഗർഭങ്ങൾക്കും പിറകെ കൃഷ്ണമണി ഒരു ആൺകുട്ടിയെയും പ്രസവിച്ചു. പിന്നെയൊരു ഇടവേള കിട്ടി. ആൺകുട്ടിയെ പ്രസവിക്കുക എന്ന ലക്‌ഷ്യം നിറവേറിയതുകൊണ്ട് ഇനി കിടപ്പറയിലെ പരാക്രമങ്ങളുടെ ആവശ്യമില്ല, വെറുപ്പോടെയാണെങ്കിലും അല്ലെങ്കിലും. ഭർത്താവുമതെ, കുറച്ചുകാലത്തേക്ക് നന്നാവാൻ ശ്രമിക്കുകയും കുടി കുറയ്ക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ കാര്യത്തിൽ അയാൾ കുറച്ചൊക്കെ താത്പര്യം കാണിച്ചുതുടങ്ങി, പ്രത്യേകിച്ചും ഒടുവിൽ പിറന്ന ആൺകുഞ്ഞിന്റെ കാര്യത്തിൽ. എന്നാൽ, വെളിവുള്ള കാലമായിരുന്നതുകൊണ്ട് കുട്ടികൾ നല്ല ചെലവുള്ള സംഗതിയാണെന്ന് അയാൾക്ക് പിടികിട്ടി. തെങ്ങുകയറ്റമായിരുന്നു ഭർത്താവിന്റെ പ്രധാനജോലി. ഒപ്പം ചകിരിയും  ഓലയുമൊക്കെ വിറ്റ് കുറച്ചു ലാഭമുണ്ടാക്കിയിരുന്നു അയാൾ. സ്വാതന്ത്ര്യം ലഭിച്ച് പതിനഞ്ചുകൊല്ലത്തോളം കഴിഞ്ഞപ്പോൾ യുദ്ധകാലത്ത്  പുരോഗതിയെക്കുറിച്ചുള്ള വാഗ്ദാനങ്ങളൊക്കെ വെറുംവാക്കായി. കൃഷ്ണമണിയേയും അവളുടെ ഭർത്താവിനെയുംപോലുള്ള മനുഷ്യർ ‘മിശ്ര സമ്പദ്‌വ്യവസ്ഥ’യുടെ മിശ്രിതത്തിൽ വീണുപോയി. കേരളത്തിലെ കമ്യൂണിസ്റ്റുകൾ അനുഭാവം കാണിച്ചിരുന്നു, ശരിതന്നെ. എങ്കിലും അവരുടെ കടംകൊണ്ട ആശയങ്ങളുടെ ചട്ടക്കൂട്ടിനുള്ളിൽ  വ്യാവസായിക തൊഴിലാളിയുടെയും കർഷകന്റെയും അന്തസ്സുമാത്രമേ പാകമായുള്ളൂ, അതിൽ രണ്ടിലും പെട്ടവരായിരുന്നില്ലല്ലോ അവർ. ആ ദുരിതകാലത്ത് ഇല്ലാത്ത പണംകൊണ്ട് കള്ളുഷാപ്പുടമയുടെ പോക്കറ്റ് നിറയ്ക്കൽ മാത്രമായിരുന്നു അവളുടെ ഭർത്താവിന്റെ തൊഴിൽ.

അവിടുന്നാണ് ഒരു പുതിയ രസകരമായ ആചാരം രാത്രികാലങ്ങളിൽ അരങ്ങേറാൻ തുടങ്ങിയത്. ലക്കില്ലാതെ കയറിവരുന്ന ഭർത്താവ് കൃഷ്ണമണിയെ അടിച്ചുചമ്മന്തിയാക്കാനും ഷാപ്പിലെ കടംതീർക്കുവാനായി പണം ആവശ്യപ്പെടാനും തുടങ്ങി. അവൾ പലഹാരം വിറ്റ് പണമുണ്ടാക്കാൻ തുടങ്ങുന്നതിനു മുൻപായിരുന്നു ഇത്. കൊടുക്കാൻ പണമൊന്നും കയ്യിലില്ലാഞ്ഞതുകൊണ്ട് അവൾ അടിയും ഇടിയും സഹിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആകെയുള്ള തരി സ്വർണ്ണം പണയംവെക്കാൻ കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും തന്റെ കമ്മൽ തൊടാൻ അവൾ സമ്മതിച്ചില്ല. മുരിങ്ങയുടെ പൂവുപോലെയുള്ള ആ ചെറിയ കമ്മൽ അവളുടെ അമ്മൂമ്മയുടേതായിരുന്നു. കാതിൽനിന്ന് അയാളത് പറിച്ചെടുക്കാൻ നോക്കിയപ്പോൾ അവൾ പല്ലും നഖവും കൊണ്ടെതിർത്തു. കൈത്തണ്ടയിൽനിന്ന് ചോരവാർന്നപ്പോൾ അയാൾ അവളുടെ മുഖമടച്ച് ഒരടികൊടുത്തു, തത്കാലം കഴുത്തിലുണ്ടായിരുന്ന നേരിയ മാലയുംകൊണ്ട് അയാൾ പോവുകയുംചെയ്തു. സ്വന്തമായി അവൾ  പണമുണ്ടാക്കുവാൻ തുടങ്ങിയതോടെ സംഗതി മാറി. പിന്നെ തല്ലുകൊള്ളാൻ നിൽക്കേണ്ട കാര്യമില്ലല്ലോ. അവളുടെ കയ്യിൽ പണമുണ്ട് എന്നുവെച്ചാൽ അയാൾക്കാവശ്യമുള്ള ചിലത് അവളുടെപക്കലുണ്ട് എന്നാണ്; അത് അയാൾക്ക് കൊടുക്കേണ്ട കടമയൊന്നും അവൾക്കില്ലതാനും. പുതിയ ആചാരം തുടങ്ങിയ രാത്രി അവൾക്കിന്നും ഓർമ്മയുണ്ട്. പകലത്തെ പണിയെല്ലാം തീർത്ത് അരിവാളും അടുത്തുവെച്ച് അന്നവൾ ഉറപ്പോടെ മിണ്ടാതെ കാത്തിരുന്നു. ഷാപ്പിൽ നിന്നെത്തി അയാൾ അവളെ തല്ലാൻ ചെന്നപ്പോൾ ഒരൊറ്റ വീശിന് അരിവാളെടുത്ത് അതിന്റെ മൂർച്ചയില്ലാത്ത വശം അയാളുടെ കഴുത്തിൽ ചേർത്തുവെച്ച് പിന്നാക്കം തള്ളി അവൾ. ഒരു നിമിഷം അന്ധാളിച്ചുപോയ അയാൾ കിട്ടാവുന്ന മനസ്സാന്നിധ്യം ഒക്കെ സംഭരിച്ച് വീണ്ടും അവളുടെ നേരെ ആഞ്ഞു. ഇത്തവണ കൃഷ്ണമണി നിശ്ശബ്ദമായി അരിവാൾ വീശിയത് ഉന്നംവെച്ചുതന്നെയാണ്. തലനാരിഴയ്ക്കാണ് അയാൾ ഒഴിഞ്ഞുമാറിയത്. വീണ്ടും വീണ്ടും അരിവാൾ വീശിയ അവൾ കുറച്ചുനേരംകൊണ്ട് അവളറിയാതെ തന്നെ വീടിനുചുറ്റും അയാളെ ഓടിച്ചുതുടങ്ങി. ഒടുവിൽ മുറ്റത്തിന്റെ മൂലയ്ക്കുള്ള തെങ്ങിലേക്ക് അയാൾ അവളെപ്പേടിച്ച് വലിഞ്ഞുകയറുകയാണ് ചെയ്തത്. അവിടെയിരുന്ന് ഉറക്കെയുറക്കെ തെറി പറഞ്ഞുകൊണ്ടിരുന്നു അയാൾ.

പിന്നെ രാത്രിതോറും അതൊരു ചടങ്ങായി. ആദ്യമൊക്കെ കുട്ടികൾ പരിഭ്രമിച്ചിരുന്നു, ഈ രാക്കാഴ്ച  കണ്ട് അയൽക്കാർ അമ്പരന്നിരുന്നു, പിന്നെ മറ്റെല്ലാത്തിനെയുംപോലെ ശീലം ഇതിൻെറയും പുതുമയില്ലാതാക്കി. ഈ ആചാരം തുടങ്ങിയിട്ട് കൊല്ലങ്ങൾ പലതു കഴിഞ്ഞ് ഒരു രാത്രിയിൽ, കുട്ടികളെല്ലാം വളർന്നു ദൂരെയായിക്കഴിഞ്ഞ് ഒരു രാത്രിയിൽ കൃഷ്ണമണി അവളുടെ പതിവ് ഇരിപ്പിടത്തിൽ വന്നിരുന്നതേയുള്ളൂ. തന്റെ വലംകയ്യായ അരിവാൾ അതിന്റെ സ്ഥാനത്തുതന്നെ വെച്ചു അവൾ. ഭർത്താവ്  തെങ്ങിൽനിന്ന് ഇറങ്ങിവരുമ്പോൾ എങ്ങാനും രണ്ടാമതൊരു അങ്കം കുറിച്ചാലോ.. അവളൊരു ബീഡിക്ക് തീകൊളുത്തി ഒന്നുരണ്ടു പുകയെടുത്തു. ഉച്ചമുതൽ നിർത്താതെ മഴയാണ്. അവൾ പതുക്കെയിരുന്നു ഉറക്കംതൂങ്ങിത്തുടങ്ങി. എന്തോ വീഴുന്നപോലെ ഉച്ചത്തിലൊരു ശബ്ദം കേട്ടാണ് ഉറക്കം ഞെട്ടിയത്. വല്ല ചക്കയോ തേങ്ങയോ വീണതാകുമെന്നേ അവൾ കരുതിയുള്ളൂ. അപ്പോഴാണ് അയലത്തെ പെൺകുട്ടി അലമുറയിടുന്നതു കേട്ടത്. കൃഷ്ണമണി തിമിർത്തു പെയ്യുന്ന മഴയത്ത് മുറ്റത്തേക്കിറങ്ങിച്ചെന്ന് ഒച്ചയിട്ടു,

“എന്താ പെണ്ണേ ? അലറണത് ?

ഇരുട്ടത്ത് പെൺകുട്ടിയുടെ രൂപം നിഴൽപോലെ കണ്ടയിടത്തേക്ക് കൃഷ്ണമണി നടന്നെത്തി. കാര്യമെന്താണെന്ന് ഒന്നുകൂടി ചോദിച്ചു. പെൺകുട്ടി നിലത്തേക്ക് കൈചൂണ്ടി വിക്കിവിക്കിപ്പറഞ്ഞു :

“ചത്തു … അമ്മാവൻ ചത്തു.”

കൃഷ്ണമണി നിലത്തുനോക്കി. ഏതാനും നിമിഷത്തെ മൗനത്തിനൊടുവിൽ അവൾക്കു വന്ന വാക്കുകൾ “ഓ, നാശം!” എന്നുമാത്രമായിരുന്നു.

മകൻ ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. എന്നാലും അച്ഛന്റെ സംസ്കാരത്തിനു പാകത്തിനെത്തി. പതിമൂന്നാം ദിവസം, അടിയന്തിരത്തിന്റെ തലേന്നാണ് മൂത്തമകൾ കൽക്കട്ടയിൽനിന്ന് ഭർത്താവും രണ്ടുകുട്ടികളുമായി വന്നത്. അതിനു താഴെയുള്ള രണ്ടു പെൺകുട്ടികൾ കല്യാണം കഴിഞ്ഞു ഗൾഫിലാണ്. അവർ ഇക്കൊല്ലം ഒടുവിലേ വരുള്ളൂ. അടിയന്തിരത്തിന് ഊണുകഴിക്കാൻ അധികംപേരൊന്നുമില്ലാഞ്ഞതുകൊണ്ട്  വീട്ടിൽ തന്നെയായിരുന്നു വെച്ചത്. അയലത്തെ പെൺകുട്ടി സഹായത്തിനു വന്നു. അവിയൽ വേണമെന്ന് കൃഷ്ണമണിക്കായിരുന്നു നിർബന്ധം. അവൾ ആദ്യം കടുപ്പമുള്ള കഷ്ണങ്ങൾ നുറുക്കിയെടുത്തു – പച്ച വാഴയ്ക്ക, ചേന, മുരിങ്ങക്കായ എല്ലാം വൃത്തിയായി ഒരേ നീളത്തിൽ അരിഞ്ഞെടുത്തു, പിന്നെ കുറച്ചു ചക്കക്കുരുവും. ഉപ്പും മഞ്ഞൾപ്പൊടിയും കറിവേപ്പിലയുമിട്ടു തിളയ്ക്കുന്ന വെള്ളത്തിലേക്ക് അരിഞ്ഞുവെച്ച കഷ്ണങ്ങൾ ഇട്ടു. വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിൽ കഷ്ണങ്ങൾ വേവുന്നതിനിടയ്ക്ക് രണ്ടു പച്ചത്തേങ്ങ ചിരകിയെടുത്ത് ജീരകവും വെള്ളുള്ളിയും പച്ചമുളകും കൂട്ടി തരിയില്ലാതെ അരച്ചെടുത്തു. കടുപ്പമുള്ള കഷ്ണങ്ങൾ പാതിവെന്തപ്പോൾ അതിലേക്ക് ചെറിയ കത്തിരിക്ക കഷ്ണങ്ങളാക്കിയതും നീളത്തിലരിഞ്ഞ കുമ്പളങ്ങയും കുറച്ച് ഉള്ളി അരിഞ്ഞതുംകൂടി ചേർത്തുകൊടുത്തു. പിന്നെ സ്വൽപ്പം  പുളിയും പിഴിഞ്ഞൊഴിച്ചു. എല്ലാ കഷ്ണങ്ങളും തൊട്ടാൽ ഉടയുന്ന പാകമായപ്പോൾ അരച്ചുവെച്ച തേങ്ങ ചേർത്തിളക്കി. പതുക്കെ തിള വന്നുതുടങ്ങിയ സമയത്ത് ഒരു ചെറിയ കിണ്ണം തൈര് ഒന്നിളക്കിച്ചേർത്തു, മേലെ വെളിച്ചെണ്ണയും തൂവിക്കൊടുത്തു. പാത്രം അടച്ച് അടുപ്പത്തുനിന്ന് വാങ്ങിവെച്ചു. ചൂടോടെ കുറച്ചുനേരം ഇരുന്നുപിടിക്കണം. അപ്പോഴെല്ലാം  മകനും മൂത്തമകളും  ഭർത്താവും ചേർന്ന് അടക്കം പറയുന്നത് അവൾ കേട്ടുകൊണ്ടിരുന്നു. ഇനി അവൾക്കെന്താവും? അവളുടെ വീടിനെന്താവും?

*ചിത്രങ്ങൾ – എസ്. സതീഷ് കുമാർ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *

oneating-border
Scroll to Top
  • The views expressed through this site are those of the individual authors writing in their individual capacities only and not those of the owners and/or editors of this website. All liability with respect to actions taken or not taken based on the contents of this site are hereby expressly disclaimed. The content on this posting is provided “as is”; no representations are made that the content is error-free.

    The visitor/reader/contributor of this website acknowledges and agrees that when he/she reads or posts content on this website or views content provided by others, they are doing so at their own discretion and risk, including any reliance on the accuracy or completeness of that content. The visitor/contributor further acknowledges and agrees that the views expressed by them in their content do not necessarily reflect the views of oneating.in, and we do not support or endorse any user content. The visitor/contributor acknowledges that oneating.in has no obligation to pre-screen, monitor, review, or edit any content posted by the visitor/contributor and other users of this Site.

    No content/artwork/image used in this site may be reproduced in any form without obtaining explicit prior permission from the owners of oneating.in.