പരിഭാഷ: പ്രസന്ന .കെ. വർമ്മ
അടുപ്പിനു മേലെ വെച്ച ഇരുമ്പു മുക്കാലിയിലെ വലിയ കലത്തിന്മേലായിരിക്കും എല്ലാവരുടെയും കണ്ണ്. അതിന്റെ അടപ്പ് കുടുങ്ങാൻ തുടങ്ങുമ്പോൾ കൂട്ടത്തോടെ ഒരു ആർപ്പുയരും. ആരെങ്കിലും ഉടനെ കനമുള്ള ഒരു കല്ലെടുത്ത് അടപ്പിനുമേലെ വെയ്ക്കും, അതോടെ കുടുങ്ങൽ നിന്നുപോവും. ‘പോയിക്കിടന്നുറങ്ങ്, നീങ്ങിയിരിയ്ക്ക്.’ ഏതെങ്കിലും അമ്മയോ അമ്മായിയോ ഞങ്ങളെ അവിടുന്ന് ഓടിച്ചുവിടാൻ ശ്രമിക്കുകയാണ്. അപ്പോൾ ഞങ്ങളെല്ലാവരും ശ്വാസം അടക്കിപ്പിടിച്ചിരിയ്ക്കും. കാൽമുട്ടുകൾ താടിയിൽ മുട്ടുവോളം ചേർത്ത് കെട്ടിപ്പിടിച്ച് അടുപ്പിലെ തീയിലേക്ക് കണ്ണെടുക്കാതെ നോക്കിയിരിയ്ക്കും. എല്ലാവരുടെ നോട്ടവും അടുപ്പിലേക്കാണ്. തീ കെട്ടുപോയാൽ കലത്തിന്റെ വക്കോളം നിറച്ചുവെച്ചത് വേവില്ല. ഏറ്റിങ് എന്ന ആദി (അരുണാചലിലെ ഒരു പ്രധാന ഗോത്രവിഭാഗം) വിഭവം തയ്യാറാക്കുന്നതിലാണ് ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും.
വട്ടത്തിലല്ല, അലങ്കാരപ്പണികളുമില്ല എങ്കിലും അത് അരികൊണ്ടുണ്ടാക്കുന്ന ഒരു കേക്കാണ് എന്നുവേണമെങ്കിൽ പറയാം. അരിപ്പൊടി ചേർത്തുകുഴച്ച് വൃത്തിയുള്ള ഇലയിൽ തട്ടി, വശങ്ങൾ ചതുരത്തിൽ വെടിപ്പായി മടക്കി മീതെ മീതെ ഒരു വലിയ കലത്തിൽ അടുക്കിവെച്ച് തിളപ്പിയ്ക്കും. അകത്ത് ഒന്നും നിറയ്ക്കാറില്ല – മധുരമോ എരിവോ ഒന്നും. ആദ്യമായി കഴിക്കുന്നവർക്ക് അതിന്റെ പരന്ന ആകൃതിയും നിർവികാരമായ സ്വാദും അത്ര പിടിച്ചെന്നുവരില്ല, എങ്കിലും ഞങ്ങൾക്കത് അമൃതുതന്നെയായിരുന്നു. മനോഹരമായ ഫ്രീനിയം പുബിനെർവെ എന്ന എക്കം പത്തയുടെ (കുറുമ്പക്കൂവയുടെ ഇല) ആ പൊതി അഴിക്കുവാൻ തിരക്കാണ്, പലഹാരത്തിന്റെ പതുത്ത മേനിയിൽ ഇലഞരമ്പുകളുടെ പാടുകാണാൻ, വാസനിക്കുവാനും കൊതിയാണ്.
ഏറ്റിങ് ഉണ്ടാക്കുന്ന രീതി ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്: അരി കൈകൊണ്ടുകുത്തിപ്പൊടിച്ച് ഏറ്റിങ് ഉണ്ടാക്കിയിരുന്നപ്പോൾ അത് ഒരു ദിവസം നീളുന്ന പരിപാടിയായിരുന്നു; ഇലയിൽ പൊതിഞ്ഞ് അടുപ്പത്തു വെയ്ക്കാറാവുമ്പോഴേക്കും രാത്രിയാവും, പിറ്റേന്നു കാലത്തു കഴിക്കാനേ പറ്റൂ. ഇന്ന് വഴിയോരക്കടകളിലെല്ലാം ഏറ്റിങ് ധാരാളമായി കിട്ടുന്നുണ്ട്. സിയാങ് താഴ്വരയിലൂടെ പോകുന്ന യാത്രക്കാർക്ക് മൂന്നിന്റെയോ അഞ്ചിന്റെയോ കെട്ടുകളായി അതു വാങ്ങിക്കൊണ്ടുപോകാം. അടുക്കളയിൽ ഗ്രൈൻഡറുണ്ടെങ്കിൽ ഏതുസമയത്തും ഉണ്ടാക്കാം; അതുകൊണ്ട് ഏറ്റിങ് ഉണ്ടാക്കുന്നത് ഇപ്പോൾ ഒരു കച്ചവടസംരംഭം പോലെയായിട്ടുണ്ട്. ഇതിനിടയിൽ അതിന്റെ രുചിയും കുറച്ചൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാവാം. യന്ത്രത്തിൽ പൊടിച്ച അരിയാവുമ്പോൾ ഏറ്റിങിന് വല്ലാത്ത മിനുപ്പാണ്. ചില വീടുകളിൽ കുറച്ച് ശർക്കരയോ തേങ്ങയോ, ഒന്നു ചൊടി കൂട്ടുവാൻ കുറച്ച് അച്ചാറോ ഒക്കെ അതിൽ ചേർക്കുന്നുമുണ്ട്. ഏതായാലും വിശേഷാവസരങ്ങളിൽ അതിനുള്ള സ്‌ഥാനം ഇപ്പോഴും നഷ്ടമായിട്ടില്ല – കുഞ്ഞു പിറക്കുമ്പോഴും വിവാഹവേളകളിലും ഉത്സവനാളുകളിലുമെല്ലാം അതുണ്ടാക്കാതെയിരിക്കില്ല. ഈയൊരു പലഹാരം മാത്രമേ ഇലയുടെ മിനുപ്പുള്ള അകവശത്ത് അരിമാവു വെച്ചു പൊതിഞ്ഞ് ഉണ്ടാക്കാറുള്ളൂ – പൊതിയഴിക്കുമ്പോൾ ഇലയിൽ ഒട്ടിപ്പിടിയ്ക്കുന്നത് ഒഴിവാക്കുവാനാണത്. മറ്റെല്ലാ ആഹാരസാധനങ്ങളും പൊതിയുന്ന സമയത്ത് ഇല കമഴ്ത്തിവെച്ച് അതിന്റെ തിളക്കമുള്ള ഭാഗം പൊതിയുടെ പുറത്തുവരുന്ന രീതിയിലാണ് മടക്കാറുള്ളത്. ആചാരങ്ങളുടെ ഭാഗമായി ഉണ്ടാക്കുമ്പോഴും പരേതർക്ക് ബലിയർപ്പിക്കുമ്പോഴും മാത്രമേ മറിച്ചു ചെയ്യുകയുള്ളൂ.

എന്നാൽ ഇന്ന് ആഹാരസാധനങ്ങളുടെ വൈവിദ്ധ്യമാണ് എവിടെയും. ഇറ്റാനഗറിൽ കൊറിയൻ ആഹാരമാണ് തരംഗം. എന്റെ നാടായ പസിഗഡിൽ സിയാങ് നദിയുടെ ഓരംചേർന്നു പോകുന്ന വഴിനീളെ ഗ്രില്ലുകളും ബാർബിക്യൂകളുമാണ്. നമ്മിൽ പലർക്കും ഇന്ന് ആഹാരമെന്നാൽ അതാതുകാലങ്ങളിൽ ഉണ്ടാവുന്ന പഴങ്ങളും പച്ചക്കറികളുമല്ല. വർഷത്തിൽ പന്ത്രണ്ടുമാസവും എല്ലാം കിട്ടും. മാസ്റ്റർ ഷെഫും മൾട്ടിക്യൂസിനും ഫ്യൂഷൻ ഫുഡുമൊക്കെയാണ് അരങ്ങുവാഴുന്നത്. അതേസമയം ഭക്ഷ്യസുരക്ഷയെക്കുറിച്ചും പട്ടിണിയെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചുമെല്ലാം സദാ സംസാരമുണ്ട്, പിന്നെ പ്രാദേശിക ജലസീമകളെക്കുറിച്ചും മത്സ്യം പിടിക്കുവാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെയുള്ള പതിവുപല്ലവികളും – നമ്മുടെ കൊതിയടക്കുവാനായി മണ്ണിലും വെള്ളത്തിലും ഉണ്ടാകുന്നതെല്ലാം വാരിവലിച്ചെടുക്കണം എന്നിട്ട് വലിച്ചെറിഞ്ഞു കളയണം. കയ്യിൽ അധികമുണ്ടാവുന്നതും വേണ്ടത്ര ഇല്ലാതിരിയ്ക്കുന്നതും രണ്ടും ഒന്നുതന്നെയാണെന്ന ചൊല്ലിനെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്.
ഏറ്റിങിന് ധൂർത്ത് തീരെയില്ല. അരിയും വെള്ളവും മാത്രം കൊണ്ട് ലളിതമായി വേവിച്ചുണ്ടാക്കുന്ന ഒരു വിഭവം. സന്തോഷമായിട്ടു കഴിക്കുക എന്നാണു ഞങ്ങളുടെ കാരണവന്മാർ പറയാറുള്ളത്. ആഹാരം സമയമെടുത്ത് രുചിയറിഞ്ഞു കഴിക്കുക. അരി ഇല്ലാതെ ഒരുനേരവുമില്ല. ആദി ഭാഷയിൽ ആപിൻ -എന്നുവെച്ചാൽ അരി – എന്നവാക്കിന് ആഹാരം എന്നുതന്നെയാണർത്ഥം. നെല്ലിന്റെ ഉത്ഭവം ദൈവികമാണെന്നാണ് വിശ്വസിച്ചിരുന്നത്, ഗ്രാമത്തിന്റെ മുഴുവൻ ഊർജ്ജവും ചെലവിട്ടിരുന്നത് നെൽകൃഷിയിലാണ്. ആദ്യമൊക്കെ ഉയരംകൂടിയ ഇടങ്ങളിൽ വളരുന്ന നെല്ലിന്റെ വകഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത്; അന്നൊക്കെ കാടുവെട്ടി, നല്ല വിളവുകിട്ടുവാൻ വേണ്ടി പ്രാർത്ഥനയും വഴിപാടും കഴിച്ചാണ് നിലം കൃഷിക്കു തയ്യാറാക്കിയിരുന്നത്. ഗ്രാമങ്ങളിൽ ഏതെങ്കിലുമൊന്ന് ഏറ്റിങ് ഉണ്ടാക്കുന്ന ദിവസം നിശ്ചയിച്ച് എല്ലാവരെയും അറിയിക്കുന്നതോടെ ഏവരും ആഹ്ളാദഭരിതരാവും – ചെറുപ്പക്കാരിപ്പെണ്ണുങ്ങൾ മാത്രം ഈ വാർത്തകേൾക്കുമ്പോൾ ആവലാതിപ്പെട്ടുവെന്നുവരും, കാരണം അരിപൊടിക്കുക, തയ്യാറാക്കുക തുടങ്ങിയ കഷ്ടപ്പാടുകളൊക്കെ അവർക്കാവും കിട്ടുക. വിശിഷ്ടവും മംഗളകരവുമായ ഏറ്റിങ്ങിന്റെ ആവിപാറുന്ന പൊതികൾ വീട്ടുകാർ തമ്മിൽ പങ്കുവെച്ചു കഴിയ്ക്കും. ഇന്നത്തെ പുതിയ കാലത്ത് നെൽക്കൃഷി താണ നിലങ്ങളിലെ പുഞ്ചകളിലേക്ക് മാറിയിട്ടുണ്ട് (WRC); 1962ലെ ഇൻഡോ ചൈന അതിർത്തിയുദ്ധത്തിനു ശേഷമാണത്. ഉയർന്ന നിലങ്ങളിലെ കടുപ്പമുള്ള നെല്ലിന്റെ അരികൊണ്ടുണ്ടാക്കുന്ന ഏറ്റിങ് ഇന്ന് ഒരു അസുലഭവസ്‌തുവാണ് എങ്കിലും പ്രാദേശിക ആഹാരരീതികളെക്കുറിച്ചു പറയുമ്പോഴെല്ലാം പരാമർശിക്കപ്പെടുന്ന മട്ടിൽ ഏറ്റിങ് അതിന്റെ സവിശേഷപദവി കളയാതെ ഇക്കാലമത്രയും സൂക്ഷിച്ചിട്ടുണ്ട്. യാത്രയിൽ കൂടെകൊണ്ടുപോകാനും, ഫ്രിഡ്ജിൽ വെച്ചു സൂക്ഷിക്കാനും, വീണ്ടും ചൂടാക്കിയെടുക്കുവാനും, ചുട്ടെടുക്കുവാനുമൊക്കെ പറ്റുന്ന വിഭവമാണിത്. ചുടുമ്പോൾ അതിന്റെ വക്കുകൾ മൊരിഞ്ഞുവരും, ചിലർക്ക് അതങ്ങനെ കഴിക്കുവാനാണിഷ്ടം. വഴിഭക്ഷണമായി കയ്യിലെടുക്കുവാൻ എളുപ്പമാണ്, ഇലപ്പൊതി മണ്ണിൽ അലിഞ്ഞുചേരുന്നതുമാണ്.

ആർക്കറിയാം, അതിനൊരു തിരിച്ചുവരവും ഉണ്ടായെന്നുവരാം. പൊരിച്ച മാംസവും, അരുണാചലിലെ ഗോത്രാഹാരത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള വിചിത്ര ചട്ട്ണികളുമൊക്കെ നിരക്കുന്ന രുചിമത്സരത്തിൽ ആരോരും ശ്രദ്ധിക്കാതെപോവുന്ന ഒരു വിഭവമാണ് ഏറ്റിങ് ഇന്ന്. പ്രാചീനകാലത്തെ രുചിക്കൂട്ട് എന്നോ ഭൂമിമാതാവിന്റെ സ്വന്തം കലവറയിൽനിന്നെടുത്ത സംശുദ്ധമായ നെല്ലിൽനിന്ന് ഉണ്ടാക്കിയത് എന്നോ, ആദി ഐതിഹ്യം അനുസരിച്ച് ഭൂമിദേവി അമൂല്യമായ ആ നെൽവിത്തുകൾ ഒരു നായുടെ ചെവിമടക്കുകളിൽ വെച്ച് മനുഷ്യർക്കായി കൊടുത്തയച്ചതാണെന്നോ അവകാശപ്പെട്ടുകൊണ്ട് എന്നെങ്കിലുമൊരു സംരംഭകൻ അതിനൊരു സവിശേഷ കച്ചവടമൂല്യം കണ്ടെത്തുമായിരിക്കും.
ഏറ്റിങ് വീട്ടിലുണ്ടാക്കുന്നത് ഇന്നും വിശേഷദിവസം തന്നെയാണ്, എല്ലാവരും ചേർന്നാലേ അത് ശരിയാവുകയുള്ളൂ, അതിനു മാറ്റമൊന്നുമില്ല. നഗരങ്ങളിലെ അടുക്കളകളിൽ പുതിയ യന്ത്രങ്ങളൊക്കെയായെങ്കിലും വീടു നിറയെ ആളുള്ളപ്പോൾ ഏറ്റിങ് ഉണ്ടാക്കുവാനാണ് എനിയ്ക്കിഷ്ടം – കൂടപ്പിറപ്പുകളും അവരുടെ ആണ്മക്കളും പെൺമക്കളും ബന്ധുക്കളുമെല്ലാം ചുറ്റും വേണം. ആദ്യം ചെയ്യേണ്ടത് എക്കം പത്ത ശേഖരിയ്ക്കലാണ്. അതിവിടെ തോട്ടത്തിലുണ്ട്, പക്ഷെ ഒച്ചുകളും പ്രാണികളും നിറഞ്ഞ, ഇരുട്ടും ചോലയുമുള്ള ഇടങ്ങളിലാണ് അതുണ്ടാവുക എന്നതുകൊണ്ട് ഇല കൊണ്ടുവരുവാൻ ഞാനല്ല നല്ലത്. പിന്നെ അരിമാവിന്റെ പാകം ശ്രദ്ധിക്കണം. വെള്ളം എത്രവേണം? അധികമായാൽ മാവ് ഓടിപ്പോവും. കുറഞ്ഞുപോയാൽ മാവ് അവിടവിടെ കട്ടകുത്തി കല്ലുപോലെയാവും. അരി പലതരം എടുക്കാം – ഒട്ടലുള്ള പസിഗഡ് അരിയാവാം, ചുമന്ന അരിയോ, വെളുത്ത അരിയോ രണ്ടിന്റെയും മിശ്രിതമോ ആവാം. പിന്നെ ഒരുരുള അരിമാവെടുത്ത് എക്കം പത്തയിൽവെച്ച്, ഇല നീളത്തിൽ മടക്കി, നടുവിലൂടെ വെടിപ്പായി ഒരു മടക്കിട്ട് മാവ് പരത്തണം. പരത്തുമ്പോൾ കയ്യിന്റെ ബലം കൃത്യമാവണം – ബലം കൂടിപ്പോയാൽ മുകളറ്റവും കീഴറ്റവും മടക്കി രണ്ടറ്റവും അങ്ങോട്ടുമിങ്ങോട്ടും തിരുകി പൊതിയാക്കും മുൻപ് മാവ് പുറത്തുചാടും. കലത്തിന്റെ അടിയിൽ വലിയൊരു ഇല വെച്ചിട്ടുവേണം അരിപ്പൊതികൾ മുകളിൽ അടുക്കിനിറയ്ക്കുവാൻ, ഒടുവിൽ മുകളിലും ഒരു ഇലയിട്ടുമൂടി വെള്ളം നിറച്ച്, അടച്ചുവെച്ച് തിളപ്പിയ്ക്കണം. അത്രേയുള്ളു. കഴിഞ്ഞു. അടപ്പ് കുടുങ്ങിത്തുടങ്ങുമ്പോൾ ഇന്നും ഞാൻ മുകളിൽവെക്കുന്നത് ഒരു പരന്ന കല്ലുതന്നെയാണ്. അരിമാവ് ഇലയിൽനിന്ന് എളുപ്പം വിട്ടുവരു ന്നുണ്ടെങ്കിൽ ഏറ്റിങ് വെന്തിട്ടുണ്ട്. സ്പാഗെറ്റി ചുമരിലെറിഞ്ഞു നോക്കിയിട്ട് പറ്റിയിരുന്നാൽ പാകമായി എന്നുപറയുന്നപോലെ ഇതിന് എളുപ്പവഴിയൊന്നുമില്ല; ഏറ്റിങ്ങിന്റെ കാര്യത്തിൽ ആരെങ്കിലും ഒരു പൊതിയെടുത്തു തുറന്നു കഴിച്ചുനോക്കിയിട്ട് അഞ്ചുമിനിട്ടുകൂടി വെന്തോട്ടെ, നടുഭാഗം കുറച്ച് വേവാനുണ്ട് എന്നോ, മതി, നല്ല പാകം എന്നോ പറയുകയേ തരമുള്ളൂ. ഏകദേശം ഒരു മണിക്കൂറെടുക്കും വെന്തുവരാൻ. പുറത്തെടുത്താലും കുറച്ചുനേരം ആറാൻ വെച്ചാലേ ഇലയുടെ മടക്കുകളിലെ വെള്ളമൊക്കെ വാർന്നുപോയി കഴിക്കാൻ പാകമാവുള്ളൂ.

അരുണാചലിലെ ഭക്ഷ്യവൈവിദ്ധ്യത്തിന്റെ ഏകദേശം രൂപം കിട്ടുവാൻ പരമ്പരാഗത ഉത്സവനാളുകളിലെ ഭക്ഷണം കഴിച്ചുനോക്കണം, കൊല്ലത്തിൽ ഏകദേശം എല്ലാ മാസവും ഉത്സവങ്ങളുണ്ടുതാനും. പണ്ടൊക്കെ തലസ്ഥാനത്തെ ഇന്ദിരാഗാന്ധി പാർക്കിൽ സംസ്ഥാനപ്പിറവിദിവസം ആഹാരവും സംഗീതവും സാഹിത്യവും കച്ചേരികളുമൊക്കെയായി വലിയ ആഘോഷങ്ങൾ നടക്കാറുണ്ടായിരുന്നു. ആർക്കും പങ്കെടുക്കാവുന്ന പരിപാടിയിൽ പ്രാദേശികവിഭവങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും, ഇഞ്ചി, പരിപ്പുകൾ പഴങ്ങൾ മത്സ്യം പച്ചമരുന്നുകൾ തുടങ്ങിയവയുടെയും പ്രദർശനമുണ്ടാവും; സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പാചകക്കാരും വിദഗ്ദ്ധരും കൂടാതെ മോമോയും തുപ്കയും ഉണ്ടാക്കുന്നവർ, സോസേജ്, തവാങിൽനിന്നും മെൻചുകയിൽനിന്നുമുള്ള ഷബാലെ ഇറച്ചിറൊട്ടി പാചകക്കാർ, അരുണാചലിന്റെ മദ്ധ്യഭാഗത്തുനിന്നും കിഴക്കുഭാഗത്തുനിന്നും വന്ന് മുളങ്കൂമ്പും പൈക്കി പിലയും പാചകം ചെയ്യുന്നവർ – ഇവരുടെയെല്ലാം പാചകരീതികളുടെ തത്സമയപ്രദർശനങ്ങളും നടക്കാറുണ്ട്. ഇവിടെനിന്നാണ് ഞാൻ ആദ്യമായി ഖംതി ഗോത്രവിഭാഗക്കാരുടെ പ്രശസ്തമായ പാസാ എന്ന മീൻസൂപ്പിനെക്കുറിച്ചും ഖാവ്ലാം എന്ന മുളങ്കുഴൽ ചോറിനെക്കുറിച്ചും കേട്ടത്.
ഖാവ്ലാം ഉണ്ടാക്കുവാൻ തലേന്ന് കുതിർത്തിവെച്ച അരി, വെന്തുമലരുവാനുള്ള സ്‌ഥലംകൂടി കണക്കാക്കി, മുളങ്കുഴലുകളിൽ നിറച്ച് വെള്ളമൊഴിച്ചു വേവിക്കുകയാണ് ചെയ്യുക. കുഴലുകൾ എക്കം പത്ത കൊണ്ട് അടച്ചുകെട്ടി തുറന്ന അടുപ്പിൽ വെയ്ക്കും. ഇതിനായി ഉപയോഗിക്കുന്ന മുള ഖാവ്ലാം-ബാ എന്ന പ്രദേശികജനുസ്സാണ്; അധികം കട്ടിയില്ലാത്ത ഈ മുളയുടെ അകത്തുള്ള നേരിയ പാട അരിയുടെ തനതുരുചി ചോർന്നുപോകാതെ പൊതിഞ്ഞിരിയ്ക്കുകയും വെന്തുകഴിഞ്ഞാൽ ചോറ് കുഴൽരൂപത്തിൽ പൊടിയാതെ പുറത്തുവരാൻ സഹായിക്കുകയും ചെയ്യും. മുളങ്കുഴൽ ചോറുണ്ടാക്കുമ്പോൾ നല്ല ശ്രദ്ധവേണം, ഇല്ലെങ്കിൽ അരി വേവാതിരിക്കുകയോ അടിയിൽപിടിക്കുകയോ ചെയ്യും. വെന്തുകഴിഞ്ഞാൽ മുള അങ്ങനെതന്നെ പിന്നാക്കം വലിച്ച് ചോറ് പുറത്തെടുക്കുകയോ മുള ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുകയോ ചെയ്യാം. സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണിത്; സംസ്ഥാനപ്പിറവി ആഘോഷങ്ങൾ ഇല്ലാതായെങ്കിലും ഇവിടുത്തെ വിഭവങ്ങൾ പുറത്തുള്ളവർക്ക് പരിചയപ്പെടുത്താനും അവരെ ഇങ്ങോട്ട് ആകർഷിക്കുവാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഇപ്പോഴും മുൻപോട്ടുപോകുന്നത് പുതിയതായി അവതരിച്ച ഭക്ഷണശാലകളിലൂടെയും ഗോത്രഭക്ഷ്യശാലകളിലൂടെയുമാണ്. ഖാവ്ലാം മാത്രമല്ല പശയരി കൊണ്ടുള്ള പിടി, ചിക്കൻ സ്റ്റൂവും പൊടിയരിക്കഞ്ഞിയും, സർവ്വവ്യാപിയായ എക്കം പത്തയിൽ പൊതിഞ്ഞ പിൻപു എന്നുപേരുള്ള വെറുംചോറ് എന്നിങ്ങനെ പലതും അവർ വിൽക്കുന്നുണ്ട്. വൻപിച്ച ജനാവലിയെ ആകർഷിക്കുന്ന പുതിയകാലത്തെ ഉത്സവങ്ങളിൽ പ്രാദേശികഭക്ഷണം കിട്ടുന്ന ശാലകൾക്കു മുൻപിൽ എപ്പോഴും നീണ്ട ക്യൂവാണ്; എല്ലാക്കൊല്ലവും നടക്കുന്ന സീറോ മ്യൂസിക് ഫെസ്റ്റിവലും ദാംബുക്കിലെ ഓറഞ്ച് ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ആൻഡ് അഡ്വെഞ്ചറും ഇവയിൽ ചിലതുമാത്രം.

ഭക്ഷണം, ഓർമ്മകൾ, മാറ്റങ്ങൾ.. തീന്മേശകളിൽ മാറിക്കൊണ്ടിരിക്കുന്ന താത്പര്യങ്ങൾക്കും ശീലങ്ങൾക്കും ഇടയിൽ കാലത്തെയും മാറ്റങ്ങളെയും ചെറുത്തുനിന്ന മറ്റൊരു പ്രാദേശികവിഭവം കൂടിയുണ്ട്. റൈസ് ബിയർ. അരുണാചലിലെ എല്ലാ സമൂഹവിഭാഗങ്ങളും ഈ മദ്യം വെവ്വേറെ പേരുകളിൽ ഉണ്ടാക്കാറുണ്ട് എങ്കിലും പൊതു സംസാരഭാഷയിൽ ഉപയോഗിക്കാറുള്ള ആദി വാക്കായ അപോങ് ആണ് പരക്കെ അംഗീകാരം നേടിയിട്ടുള്ളത്, സന്ദർശകരുടെ ഇടയിലായാലും വ്യത്യസ്ത സമൂഹങ്ങൾക്കിടയിലായാലും. അപോങ് മുഴുവൻ അരുണാചലിനും സ്വന്തമാണ്.
അപോങ് ഉണ്ടാക്കിനോക്കണമെന്നൊരു തോന്നൽ ഒരിയ്ക്കൽ എന്റെ തലയ്ക്കുപിടിച്ചു. അപോങ്ങിലെ പ്രധാന ചേരുവ അരിയായതുകൊണ്ട് ഞാൻ കഷ്ടപ്പെട്ട് കുറെയധികം അരി വേവിച്ചു. ഞാൻ ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നത് പിഴിഞ്ഞെടുക്കുന്ന, പാൽനിറമുള്ള അപോങ്ങിൽനിന്ന് വളരെ വ്യത്യസ്തമായ കറുത്ത അരികൊണ്ടുണ്ടാക്കുന്ന, ഞങ്ങൾ എന്നൊഗ് എന്നുവിളിക്കുന്ന ബിയർ ആയിരുന്നു; അതുകൊണ്ട് ചൂടത്ത് ഏറെ കഷ്ടപ്പെട്ടു പണിയെടുക്കേണ്ടിവന്നു. കറുത്ത അപോങിന്റെ പാചകവിധിയിൽ അത് ഊറിത്തെളിയുവാൻവേണ്ടി ഉമിക്കരി ചേർക്കണം, പിന്നെ വെന്ത ചോറ് ആറിത്തണുത്തുകഴിഞ്ഞിട്ടേ യീസ്റ്റ് ചേർക്കാവൂ, അല്ലെങ്കിൽ കയ്പുണ്ടാവും. എന്റെ സഹോദരിമാരും ഞാനും കൂടി വീണ്ടും കുറെ ചൂടു സഹിച്ച് ചാക്കുകണക്കിന് ഉമിക്കരി ആസാമിലെ ഒരു മില്ലിൽനിന്ന് കൊണ്ടുവെച്ചിരുന്നു. അടുക്കള നിറയെ സാമാനങ്ങളും കശപിശയും. അടുത്തപടി വെന്ത ചോറ് തഴപ്പായയിൽ നിരത്തിയിട്ട് ആറ്റലാണ്. അപോങ് ഉണ്ടാക്കാനുള്ള നിർദ്ദേശങ്ങളൊക്കെ വ്യക്തമായിരുന്നു എങ്കിലും എനിക്ക് തോന്നുന്നു ഇക്കാര്യത്തിൽ നമ്മുടെ ഉൾവിളി കൂടി കണക്കിലെടുക്കണമെന്ന്; സ്പർശം, ചോറിന്റെയും പുളിപ്പിക്കാൻ പൊടിച്ചു ചേർക്കുന്ന സിയെ എന്ന യീസ്റ്റിന്റെയും വിരൽകൊണ്ടറിയുന്ന പാകം ഇതൊക്കെ അറിയാൻ സാധിക്കണം. ഈ യീസ്റ്റ് എങ്ങനെയുണ്ടായി, എങ്ങനെയാണത് തയ്യാറാക്കുന്നത്, എല്ലാം കുറച്ചു നിഗൂഢമാണ്. അപോങ് വിദഗ്ധർ പറയുന്നത് ആദ്യത്തെ സിയെ ഭൂമിയിൽ പ്രത്യക്ഷമായത് ആദ്യത്തെ മനുഷ്യൻ ഉണ്ടായ സമയത്തുതന്നെയാണെന്നാണ്. ഉണങ്ങിയ വെള്ളക്കട്ടകൾ ആയിട്ടാണ് അത് മാർക്കറ്റിൽ കിട്ടുന്നത്; ചെറിയ ബിസ്ക്കറ്റ് വലിപ്പം മുതൽ കുറച്ചുകൂടി വലിയ, ദോശവലിപ്പം വരെയുള്ള വട്ടങ്ങൾ. സിയെ കുറഞ്ഞുപോയാൽ ചോറിന് അനക്കമൊന്നും തട്ടില്ല. കൂടിപ്പോയാൽ ആകെ കയ്ക്കുകയും ചെയ്യും. അപോങ് വാറ്റുന്ന ഓരോരുത്തർക്കും അവരുടെ പ്രിയപ്പെട്ട സിയെ കച്ചവടക്കാരനുണ്ടാകും, അല്ലെങ്കിൽ അവരുടെ രഹസ്യകുറിപ്പടിയുണ്ടാകും; പുളിച്ച റൊട്ടിമാവ് എടുത്തുവെച്ച് വീണ്ടും മാവ് പുളിപ്പിക്കാൻ ഉപയോഗിക്കുന്നപോലെ സിയെ ബിസ്‌ക്കറ്റിന്റെ ഒരു കഷ്ണം എടുത്തുവെച്ച് സ്വന്തമായി സിയെ ഉണ്ടാക്കും അവർ. ചോറുമിശ്രിതം വലിയ കൂടകളിലാക്കി എടുത്തുവെക്കുകയാണ് അവസാനപടി- പിന്നെ സിയെ അതിന്റെ മായാജാലം നിർബാധം നടത്തിക്കോളും.
കറുത്ത അപോങ് സിയാങ് താഴ്വരയുടെ വിശിഷ്ടപാനീയമാണ്. ഗ്രാമങ്ങളിൽ അത് നിത്യേന ഉണ്ടാക്കുന്നുണ്ട് ഇന്നും. നടുവൊടിക്കുന്ന പണിയാണതെന്ന് എന്റെ സഹോദരിമാർ പറയുന്നുണ്ട് എങ്കിലും അവർക്ക് നെല്ലുണ്ട്, അരിയുണ്ട്, പിന്നെ ലോകത്തേറ്റവും നല്ല അപോങ് ഉണ്ടാക്കാനുള്ള അറിവും കഴിവുമുണ്ട്. വീട്ടിൽ അപോങ് ഉണ്ടാക്കാനുള്ള എന്റെ ഏറെക്കുറെ പാളിപ്പോയ ശ്രമത്തിനുശേഷം ഞങ്ങൾ കൂടകളിൽ നിറച്ച റെഡിമെയ്‌ഡ് അപോങ് മിശ്രിതമാണ് വാങ്ങിയ്ക്കാറ്, ഊറ്റുന്നത് മാത്രം വീട്ടിൽ. കുപ്പികളിലും അപോങ് വാങ്ങാൻ കിട്ടും പക്ഷെ വീഞ്ഞുപോലെ കാലംചെല്ലുംതോറും അതിന് വീര്യം കൂടില്ല. ചിലപ്പോൾ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടും കേടാകാതിരിക്കാനുള്ള പുതിയ ചേരുവകൾകൊണ്ടും അത് കുറേക്കാലംകൂടി അലമാരയിൽ അന്തസ്സോടെ ഇരുന്നുവെന്നുവരാം. ഇപ്പോൾ പക്ഷെ അത് ഊറ്റിയ ഉടനെതന്നെയാണ് ഉപയോഗിക്കുന്നത്; ഒരു ജഗ്ഗ് നിറഞ്ഞാൽ എല്ലാവരും പങ്കിട്ടെടുക്കും. അതെത്രകാലമിരിയ്ക്കും എന്നു കണ്ടുപിടിക്കേണ്ട കാര്യമൊന്നുമില്ലെന്നാണ് അപോങ്ങിന്റെ ആശാന്മാർ പറയുന്നത്. കൊടുമുടികളും പുഴകളും ചൂഴുന്ന ഈ നാട്ടിൽ ഒരുമിച്ചുകൂടിയിരുന്ന് നല്ലതിനെല്ലാം നന്ദിപറഞ്ഞുകൊണ്ട് ഒരു കോപ്പ മോന്തിയാൽ അതുമതിയല്ലോ – കാരണം, മനുഷ്യനെ ദൈവതുല്യനാക്കിയ ഒരു കണ്ടുപിടിത്തമാണ് അപോങ്.

