പരിഭാഷ : പ്രസന്ന. കെ. വർമ്മ
ആഹാരത്തെക്കുറിച്ച്, ശാപ്പാടിനെക്കുറിച്ച് എഴുതണമെന്നു പറഞ്ഞാൽ മലയാളിയായ ഒരു എഴുത്തുകാരന് എന്താണ് ഓർമ്മവരിക? ഒരു സംശയവുമില്ല, ഓണവും അതോടൊപ്പമുള്ള ഓണസ്സദ്യയുടെ പെരുമയും എന്നുതന്നെയാണ് ഉത്തരം.
Artwork – Vaishnavi Ramesh, 2024
ഓണമായി എന്നു കേൾക്കുമ്പോൾതന്നെ തെളിയുന്ന ചിത്രം വാട്ടം തട്ടാത്ത പച്ച വാഴയിലകളിൽ വിളമ്പിവെച്ച മലയാള സദ്യയുടെ നിറവാണ്, ഒരു കഥകളിവേഷക്കാരന്റെ ഉടയാടകളെയും മുഖത്തെ തേപ്പിനെയും ഓർമ്മിപ്പിക്കുന്ന അതിന്റെ നിറങ്ങളാണ്. ഒരേസമയം സ്വാഭാവികമായ ലാളിത്യത്തിന്റെയും ഗംഭീരമായ പാചകത്തിന്റെയും ചിത്രമാണത്; ഔഷധഗുണമുള്ള ഞവരച്ചോറും സാമ്പാറും പരിപ്പും എവിടെയും ഇടമുള്ള അവിയലും ( ഇപ്പോൾ അതൊരു റോക്ക് ബാൻഡിന്റെ പേരുകൂടിയാണ്) പച്ചടിയും എല്ലാം ചേർന്നത്. കേരളത്തിന്റെ ഏതുഭാഗത്താണ് നിങ്ങൾ ഉണ്ണാനിരിക്കുന്നത് എന്നതനുസരിച്ച് ഒറ്റയടിയ്ക്ക് മുപ്പതോളം വിഭവങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്വാദോടെ കലർന്ന് നിങ്ങളുടെ മുൻപിലുള്ള ഇലയിലെത്തും. ഒടുവിൽ മധുരത്തിന് പായസവും ഇലയിൽത്തന്നെ വിളമ്പും – ഒഴുകിപ്പരക്കുന്ന മധുരം വിരലുകൾമാത്രമുപയോഗിച്ച് അകത്താക്കി ശീലമില്ലാത്തവർക്ക്, എല്ലാംകൂടി പതിയെ ഒഴുകിനീങ്ങുമ്പോഴുള്ള പരിഭ്രമവും ഉയർത്തിപ്പിടിക്കാൻ മറന്നുപോയ ഇലത്തുമ്പിലൂടെ അത് താഴേക്കിറ്റുന്നതുമൊക്കെ അനുഭവിക്കേണ്ടിവരും.
എന്റെ സഹപ്രവർത്തകനായിരുന്ന മനു. എസ്. പിള്ള ദന്തസിംഹാസനം എന്ന തന്റെ ആധികാരിക ചരിത്രകൃതിയിൽ പറയുന്നുണ്ട് കേരളീയ പാചകത്തിന്റെ പരീക്ഷണശാലകൾ അവിടുത്തെ കൊട്ടാരങ്ങളും കോവിലകങ്ങളും ആയിരുന്നുവെന്ന്; ഓണക്കാലത്തെ ആഹാരവൈവിധ്യത്തിൽ അവർ പരസ്പരം മത്സരിച്ചുകൊണ്ടിരുന്നുവെന്ന്. കൂടാതെ കേരളത്തിലെ വലിയ ക്ഷേത്രങ്ങൾക്കോരോന്നിനും സ്വന്തമായ ഒരു നൈവേദ്യവും ( അവയുടെ രുചികളോരോന്നും ദിവ്യം തന്നെ ) ഉണ്ടായിരുന്നു. ഉദാഹരണമായി അമ്പലപ്പുഴയിലെ കൃഷ്ണന് പാൽപ്പായസമാണ്, ശബരിമലയിലെ ബ്രഹ്മചാരിയായ അയ്യപ്പനു അപ്പവും അരവണയുമാണ്. ഞങ്ങളുടെ ദൈവങ്ങളും സാധാരണക്കാരായ മലയാളികളെപ്പോലെ ഓണക്കാലം ഇഷ്ടപ്പെടുന്നവരാണ്, ഓണമെന്നാൽ കൂടുതൽ ആഹാരമെന്നു മാത്രമല്ല കൂടുതൽ മെച്ചപ്പെട്ട ആഹാരമെന്നുകൂടിയാണ്.
സ്വാതന്ത്ര്യലബ്ധിക്കു മുൻപ് 1930 കാലഘട്ടത്തിൽ അന്നത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതു ലക്ഷ്മീബായിയുടെ മേൽനോട്ടത്തിൽ തന്റെ കുടുംബാംഗങ്ങൾക്കും കൊട്ടാരക്കെട്ടിലെ മുന്നൂറില്പരം സേവകർക്കുമായി ഓണസ്സദ്യ ഒരുക്കിയിരുന്നു. അതിനെക്കുറിച്ച് മനു. എസ്. പിള്ള ഇങ്ങനെ പറയുന്നുണ്ട്: പച്ച മാർബിൾ പാകിയ ഒരു വലിയ ഹാളിന്റെ തലപ്പത്ത് പട്ടുവിരിച്ച് മഹാറാണി ഇരുന്നാൽ മുൻപിൽ വലിയൊരു വെള്ളിത്താമ്പാളത്തിൽ ഇലവെയ്ക്കും, പിന്നെ ബ്രാഹ്മണരായ സേവകർ സദ്യ തുടങ്ങുവാൻ വിളിച്ചുപറയും. അതുകഴിഞ്ഞാൽ അഴകുള്ള ഒരു ഘോഷയാത്രയാണ്. മഹാറാണിയുടെ അടുക്കളയിൽ ഇരുപത്തിനാലു പാചകക്കാരാണുണ്ടായിരുന്നത്; ഉച്ചയൂണു സമയത്ത് ഈ രാജസേവകരെല്ലാം വേഷഭൂഷാദികൾ അണിഞ്ഞ് ചൂടാറാത്ത ആഹാരസാധനങ്ങൾ നിറച്ച ചെമ്പുകൾ തലപ്പാവു കെട്ടിയ തലയിൽവെച്ച് അച്ചടക്കത്തോടെ വരിവരിയായി ഊൺതളത്തിലേക്ക് നടക്കും.
ഇനി ആർക്കൊക്കെ എന്തൊക്കെ വിളമ്പണമെന്നതിനുമുണ്ടായിരുന്നു നിയമങ്ങൾ. കേരളത്തിലെ പ്രശസ്തമായ മരുമക്കത്തായസമ്പ്രദായം അനുസരിച്ച് മഹാറാണിയുടെ പാവം ഭർത്താവ് വെറുമൊരു പൗരൻ മാത്രമായിരുന്നു; ഉയർന്നനിലയിൽ രാജപദവിയിലുള്ള ഭാര്യയ്ക്ക് വിഭവസമൃദ്ധമായ ഓണസ്സദ്യയുടെ അവസാനം നാലുതരം പായസം വിളമ്പുമ്പോൾ അദ്ദേഹത്തിനു വിളമ്പുന്നത് രണ്ടു പായസം മാത്രം. തീർച്ചയായും ബാക്കിയുള്ളവർക്ക് ഒരു പായസമേ കിട്ടുകയുള്ളൂ എങ്കിലും അതുതന്നെ വലിയ സന്തോഷം, കാരണം കൊട്ടാരത്തിലെ വെപ്പുകാരനേക്കാൾ കൈപ്പുണ്യം കേരളത്തിൽ മറ്റാർക്കുമില്ലെന്നാണ് കരുതിയിരുന്നത്.
Artwork – Vaishnavi Ramesh, 2024
പാചകത്തിന്റെ കേമത്തവും വിശദമായ ഊണുമൊക്കെ കൊട്ടാരത്തിൽ നിത്യവും നടക്കുന്നതാണെങ്കിൽ സാധാരണക്കാരായ മലയാളികളെല്ലാം കൊല്ലംതോറും ഓണം വരുവാൻ കാത്തുകാത്തിരിയ്ക്കുമായിരുന്നു; അന്ന് അവരെല്ലാം രാജാക്കന്മാരും റാണിമാരുമായി സദ്യയുണ്ണും.
ആയിരത്തിത്തൊള്ളായിരത്തിഅറുപതുകളിലും എഴുപതുകളിലും കൂടി പാലക്കാട് ജില്ലയിലുള്ള ഞങ്ങളുടെ തറവാട്ടിൽ ഓണത്തിന് ( അല്ലെങ്കിൽ ചിലപ്പോൾ തറവാടു ഭരിച്ചിരുന്ന വലിയമ്മയുടെ പിറന്നാളിനാവും) ഞങ്ങൾക്കെല്ലാം വമ്പൻ ഉച്ചയൂണാണ് വിളമ്പിയിരുന്നതെന്ന് ഞാൻ ഓർക്കുന്നു. അന്ന് ഞങ്ങൾ കുട്ടികളെല്ലാം തറവാട്ടിലെ നടുമുറ്റത്ത് ഒത്തുകൂടും, അടുക്കളയിൽ ആകെ തിരക്കും ബഹളവുമായിരിക്കും.
കൊയ്ത്തുത്സവത്തിന്റെ ഭാഗമായിട്ടും മഹാബലി (മഹാബലിയ്ക്ക് ഒരു ‘മഹാ-ബെല്ലി’ അഥവാ കുടവയർ ഉണ്ടെന്നാണ് സങ്കല്പം) ചക്രവർത്തിയുടെ ഓർമ്മയ്ക്കായിട്ടും ആഘോഷിച്ചുവരുന്ന ഓണത്തിന് മറ്റു പല പ്രത്യേകതകളുമുണ്ട്. മഹാബലി കേരളം വാണിരുന്ന കാലത്തെ സമൃദ്ധിയും (ഒരുപാട് സദ്യ ഉണ്ടായിരുന്നിരിക്കും) ശാന്തിയും കണ്ട് ദൈവങ്ങൾക്കുപോലും അസൂയ തോന്നിയത്രേ. ആഹാരം മാത്രമായിരുന്നില്ല ഓണം ഒരു സമ്പൂർണ്ണമായ സാംസ്കാരിക അനുഭവം കൂടിയായിരുന്നു; കുടിയാന്മാരും കൃഷിക്കാരുമെല്ലാം അന്ന് സ്‌ഥലത്തെ “വലിയ വീട്’ സന്ദർശിക്കുകയും ജന്മികൾ അവരോടുള്ള നന്ദിസൂചകമായി ഓണപ്പുടവയും പണവും സമ്മാനിക്കുകയും സദ്യ നൽകി സത്കരിക്കുകയും ചെയ്തിരുന്നു.
സദ്യ തന്നെയായിരുന്നു ആഘോഷങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവെന്നത് ഉറപ്പാണ്- കേരളത്തിൽ എവിടെയെങ്കിലും ഒരു കല്യാണത്തിന് പോയാൽ മതി, പ്രായംചെന്ന ചില മാന്യർ ‘പൊയ്‌പ്പോയ നല്ലകാലത്തെ’ സദ്യയോളം എത്തിയില്ലെന്ന് പരിഹസിക്കുന്നത് ഇന്നും കേൾക്കാം. തിരുവിതാംകൂറിൽ ചില ഔദ്യോഗികാവസരങ്ങളിൽ ദിവാൻ തന്നെ പല്ലക്കിൽ വന്ന് – പിൽക്കാലത്ത് ലിമോസിൻ കാറിലും – സ്വയം തെരഞ്ഞെടുത്ത ഒരു കുമ്പളങ്ങയോ മറ്റോ ഔപചാരികമായി നുറുക്കുന്നതോടെയാണ് സദ്യക്കുള്ള കഷ്ണം നുറുക്കൽ തുടങ്ങുന്നതുതന്നെ. സദ്യയ്ക്ക് നൽകിയിരുന്ന പ്രാധാന്യം അത്രയ്ക്കുണ്ടായിരുന്നു.
മലയാളിയ്ക്ക് ആഹാരം അത്രമേൽ എന്നും പ്രിയപ്പെട്ടതാണെന്നു വ്യക്തം!
എന്നാൽ ഞാൻ ഇപ്പറഞ്ഞതെല്ലാം സസ്യാഹാരത്തെക്കുറിച്ചാണ് – വെവ്വേറെ രുചികളിലുള്ള മീൻകറികൾ മുതൽ സ്വാദിഷ്‌ഠമായ മാംസവിഭവങ്ങൾ ( ഞാനൊരു സസ്യാഹാരിയായതുകൊണ്ട് ഊഹിക്കുകയാണ്) അടക്കം പലതരം സസ്യേതര വിഭവങ്ങൾ വിളമ്പുന്ന ഓണവും നിലവിലുണ്ട്. കേരളത്തിലെ ഏതു കുഗ്രാമം സന്ദർശിക്കുന്നയാൾക്കും, അത് മലമുകളിലോ താഴെയോ തെക്കോ വടക്കോ നടുക്കോ എവിടെയുമാകട്ടെ, സ്ഥിരം വിഭവമായ പൊറോട്ടയും (പറാത്തയല്ല) ബീഫും കിട്ടുന്ന സർവ്വവ്യാപിയായ തട്ടുകടകൾ കാണാൻ കഴിയും. കേരളത്തിലെ വഴിയോരഭക്ഷണത്തിന് അതിന്റേതായ സ്വത്വവും ശുദ്ധിയും ഉണ്ട്; പുട്ടും കടലയും അല്ലെങ്കിൽ ആപ്പവും സ്റ്റുവും (എന്നെപ്പോലുള്ളവർക്ക് ഭാഗ്യവശാൽ അതിന്റെ സസ്യാവതാരവും കിട്ടും) ഇടിയപ്പം എന്നറിയപ്പെടുന്ന നാടൻ നൂഡിൽസും കരിമീൻ പൊള്ളിച്ചത് പോലുള്ള മത്സ്യവിഭവങ്ങളും ചെമ്മീൻ കറിയും കോഴിവറുത്തതും ( പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിലും) സ്നേഹത്തോടെ കഴിച്ചുവളർന്ന തലമുറകളാണ് ഇവിടെയുള്ളത്. പിന്നെ ഏറ്റവും ലളിതവും എന്നാൽ അങ്ങേയറ്റം രുചിയുള്ളതുമായ ഒരു വിഭവവുമുണ്ട് – ചോറും തൈരും ഒരു വെറും ചമ്മന്തിയും.
ഓണം എന്നാൽ സസ്യവിഭവങ്ങളുടെ മാത്രം സദ്യയാണ് എന്ന് തോന്നാൻ എളുപ്പമാണ് എങ്കിലും അത് മിക്കവാറും ഹിന്ദുക്കൾക്കു മാത്രമാണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും മഹാബലിയുടെ സ്മരണ ആഘോഷിക്കുവാൻ അവരുടേതായ രീതികളുണ്ട്, കപ്പയും മീനുമടക്കം. കപ്പ ഇന്ന് കേരളത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് – ആവിയിൽ വേവിച്ചോ വറുത്തോ ഉപ്പേരിയാക്കിയോ പുഴുക്കായോ ആവാം, എരിവോടെ എന്തെങ്കിലുമൊന്ന് തൊട്ടുകൂട്ടാനും കാണും. വളരെ പ്രിയപ്പെട്ട ഒരു വിഭവമാണത്; ജനപ്രിയത, മലയാളി അടുക്കളയുടെ അവിഭാജ്യഘടകമെന്ന അതിന്റെ സ്‌ഥാനം ഇതൊക്കെയുണ്ടെങ്കിലും കപ്പ കേരളത്തിലെത്തിയത് 1880നു ഇപ്പുറം മാത്രമാണെന്നറിയുമ്പോൾ അത്ഭുതം തോന്നിയേക്കാം. തന്റെ രാജ്യത്ത് ഒരു ക്ഷാമകാലത്ത് പാവപ്പെട്ടവർക്ക് അരിയേക്കാൾ വിലകുറഞ്ഞ എന്തെങ്കിലും എത്തിച്ചുകൊടുക്കണമെന്നുറച്ച തിരുവിതാംകൂറിലെ ഒരു മഹാരാജാവാണ് ലാറ്റിൻ അമേരിക്കയിൽനിന്ന് കപ്പ ആദ്യമായി കേരളക്കരയിൽ കൊണ്ടുവന്നത്. ഇന്നത് ലോകത്തെങ്ങുമുള്ള മലയാളികളുടെ ഒരു പ്രിയവിഭവമാണ്.
ഇത്തരത്തിലുള്ള അന്താരാഷ്‌ട്രസ്വാധീനങ്ങൾ ഒരുകാലത്തും പുതുമയായിരുന്നില്ല ഇവിടെ. നൂറ്റാണ്ടുകളായി ഞങ്ങളുടെ മുക്കുവർ ചീനവലകൾ ഉപയോഗിച്ചാണ് മീൻപിടിച്ചുപോരുന്നത്, കൊച്ചിയുടെ തീരത്ത് ഒന്ന് കണ്ണോടിച്ചാൽ ഇപ്പോഴും കാണാവുന്നതേയുള്ളൂ അവ; അങ്ങനെ പിടിക്കുന്ന മീനുകളെ പൊരിച്ചുതിന്നുവാൻ ചീനച്ചട്ടിയുമുണ്ട്. ഇവിടെ വളർത്തിയിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ അറബികൾ ലോകമെങ്ങും എത്തിച്ചുകൊണ്ടിരുന്നു; അതേസമയം മലബാറിലെ മാപ്പിളമാർ തങ്ങളുടെ പാചകരീതിയിൽ അറബിനാടിന്റെ സ്വാധീനങ്ങൾ കൊണ്ടുവരികയും ചെയ്തു. ചരിത്രത്തിന്റെ ഏടുകളിലെല്ലാം, ഫിനീഷ്യൻസിന്റെയും റോമക്കാരുടെയും കാലം മുതൽ അടുത്ത് യൂറോപ്പ്യന്മാരുടെ കാലം വരെ കേരളം പുറംലോകവുമായി കച്ചവടത്തിലേർപ്പെടുകയും കടൽ വഴി വന്ന ഏതു സാംസ്കാരിക അനുഭവത്തെയും സ്വാഗതം ചെയ്യുകയും ചെയ്തുപോന്നിട്ടുണ്ട്. കച്ചവടത്തിനായി വന്ന ഓരോ സന്ദർശകനും ഇന്നാട്ടിലെ പാചകസംസ്കാരത്തിൽ സ്വന്തമായ ഒരു മുദ്രയെങ്കിലും പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് – അവയോരോന്നും മലയാളിയുടെ അന്തസ്സത്തയുള്ളതും എന്നാൽ അന്താരാഷ്‌ട്രതലത്തിൽ നീങ്ങാൻ കെൽപ്പുള്ളവയുമാണ്. ഓണസ്സദ്യയുടെ നിറക്കൂട്ടുകൾ കേരളത്തിന്റെ ആഗോളപരമ്പര്യത്തിന്റെ നിറക്കൂട്ടുകൾ കൂടിയാണ്.
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെല്ലാം കടൽത്തീരങ്ങൾ കാണുകയും ഇവിടുത്തെ ആയുർവേദപാരമ്പര്യത്തിന്റെ ഗുണമനുഭവിക്കുകയും ചെയ്യുന്നതുകൂടാതെ നാടൻ ഭക്ഷണം – അത് മിക്കപ്പോഴും ആയുർവേദചര്യയുടെ ഭാഗവുമാണ് – പരീക്ഷിക്കണമെന്നുകൂടി തീരുമാനിക്കുന്നത് അതുകൊണ്ടായിരിക്കാം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും – ഉദാഹരണമായി ബോംബെ – നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്ന മലയാളി വീട്ടമ്മമാർ വീട്ടിലുണ്ടാക്കുന്ന സദ്യ പുറത്തുള്ളവർക്ക് കൊടുത്തുതുടങ്ങിയിട്ടുണ്ട്, അതിൽനിന്ന് നല്ല വരുമാനവും ഉണ്ടാക്കുന്നുണ്ട് എന്ന് ഈയിടെ ഒരാൾ പറയുകയുണ്ടായി; ഏറെപ്പേർക്ക് ഇത് വലിയ സന്തോഷമാണ് സമ്മാനിക്കുന്നത്, വാഴയിലയ്ക്കും അതിൽ വിളമ്പുന്ന സ്വാദേറും വിഭവങ്ങൾക്കും ആവശ്യം കൂടിവരികയാണ്. സാധാരണ ദിവസങ്ങളിലെ കാര്യമാണ് ഇപ്പറഞ്ഞത്. ഓണക്കാലത്ത് ഇവരുടെ സ്വീകരണമുറികളിലേക്ക് ഡസൻ കണക്കിലാണ് ആളുകൾ ഒഴുകുന്നത്.
കേരളത്തിന്റെ ഭക്ഷണം വയറു നിറയെയാണ്, മലയാളിയുടെ കുടവയർ എന്നൊന്നുണ്ടെങ്കിൽ അതിന്റെ അളവുകൾക്കുപിന്നിൽ ഞങ്ങൾ മലയാളികൾ കഴിച്ചു ശീലിച്ച ഭക്ഷണത്തിന്റെ സമൃദ്ധിയാണ്. വികസിച്ചുവരുന്ന എന്റെ വയറിന്റെ വ്യാസം, ഓണാഘോഷത്തോടും മഹാബലിയോടും ചേർത്തുവെക്കുന്ന ആ ‘മഹാ-ബെല്ലി’, ശോകത്തോടെ സ്വയം പരിശോധിക്കവേ ഞാൻ ഒരു തീരുമാനത്തിലെത്തുകയാണ്, പറ്റുമെങ്കിൽ ഇക്കൊല്ലം ഞാൻ ഓണസ്സദ്യ വേണ്ടെന്നുവെക്കുമെന്ന് .. കഴിക്കുന്നവരുടെ സ്വാദറിവുകളെ അത് തീർച്ചയായും സമ്പന്നമാക്കും, പക്ഷെ അരയ്ക്കുചുറ്റും കനപ്പെട്ട ചില നിക്ഷേപങ്ങളും സമ്മാനിക്കും.
Artwork – Vaishnavi Ramesh, 2024