വിവർത്തകൻ: കെ.കെ.ഭാസ്കരൻ പയ്യന്നൂർ
എന്റെ ജീവിതകാലം മുഴുവൻ ഭക്ഷണവുമായി എനിക്കു ഒരു വിശേഷ ബന്ധമുണ്ട്.രുചി, ഗുണം, നിറം, മണം ഇവ എന്റെ ഭക്ഷണത്തോടുള്ള പ്രിയം കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നു. എന്റെ ജീവിതത്തിലെ ചില സമയങ്ങളിൽ എല്ലാ വിഷമങ്ങൾക്കും പരിഹാരം ഭക്ഷണമായിരുന്നു. ചിലപ്പോൾ അതു എങ്ങനെയായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുവോ, ചിലപ്പോൾ എനിക്കെങ്ങനെ അനുഭവപ്പെടണമെന്നു ആഗ്രഹിക്കുന്നുവോ അവയ്ക്കെല്ലാം നേരെ വിപരീതവുമാകാറുണ്ട്. ഒന്നുകൂടി പറയുകയാണെങ്കിൽഅതു എന്റെ ശാരീരികക്ഷമതയ്ക്കുള്ള ഇന്ധനവും മികച്ച നൃത്തത്തിനുള്ള പദാർത്ഥമായും പ്രയോജനപ്പെടുന്നു. മിക്ക ആളുകളെയുംപോലെ വിശക്കുന്നതിനാലും മറ്റു വഴികളില്ലാത്തതിനാലും ഞാൻ ചിലപ്പോൾ ഭക്ഷണം കഴിക്കാറുണ്ട്. എങ്കിലും മിക്കപ്പോഴും ഭക്ഷണം ഒഴിവാക്കുകയും പകരം ധാരാളം വെള്ളം കുടിക്കുകയുമാണ് പതിവ്. അധിക അളവിൽ മസാലയോ എണ്ണയോ നെയ്യോ ചേർത്തുള്ള ആഹാരത്തോടു എനിക്കു രുചി തോന്നാറില്ല. എന്നാൽ അതേ സ്വാദ് തരുന്ന മറ്റു ആഹാരങ്ങൾ ഞാനിഷ്ടപ്പെടുന്നു. വയർ നിറയെ ആഹാരം കഴിക്കുന്നതിൽ എനിക്കു സന്തോഷമുണ്ടാകാറില്ല. പകരം അല്പം വിശന്നാലും മിതമായ ആഹാരമാണ് നല്ലതെന്നു കരുതുന്നവളാണ് ഞാൻ. ഈ.മുൻഗണനകൾ എവിടെനിന്നുണ്ടായി?
എന്റെ അച്ഛൻ വിക്രം സാരാഭായ് ഒരു ജെയിൻ-ഹിന്ദു കുടുംബത്തിലെ, പുരോഗമനപരമായ പന്ഥാവിൽക്കൂടി ചരിക്കുന്ന, ഭാവി എന്നാൽ ലോകപൗരത്വമുള്ളവർ എന്നു വിശ്വസിച്ചിരുന്ന മാതാപിതാക്കളുടെ കൂടെയാണ് വളർന്നുവന്നത്. മുട്ട കഴിക്കുന്ന സസ്യഭുക്കുകളായിരുന്നു ആ കുടുംബക്കാർ. എന്റെ മുത്തശ്ശി-മുത്തശ്ശന്മാരും അവരുടെ എട്ടു മക്കളും, പൂജാദി കർമ്മങ്ങളിൽ ഉപയോഗിക്കാറുള്ളതുപോലുള്ള പലകയിലിരുന്നു വെള്ളിത്തളികകളും കട്ടോറികളും നിലത്തുനിന്നും അൽപം ഉയർത്തിവച്ചുള്ള സ്റ്റൂളിൽ വച്ച് അവയിൽ ഭക്ഷണം വിളമ്പി കഴിക്കുമായിരുന്നു. നെയ്യ് പുരട്ടിയ ചൂടുള്ള കനം കുറഞ്ഞ റൊട്ടിയും രണ്ടോ മൂന്നോ പച്ചക്കറികളുമുണ്ടാകും. കൂടാതെ ടിക്കി അല്ലെങ്കിൽ പാത്ര, പരിപ്പ്, ചോറ് എന്നിവയും ഉണ്ടാകും. പരിപ്പുകറി പ്രത്യേക ദിവസങ്ങളിൽ വ്യത്യസ്ത രുചികളിലാണ് ഉണ്ടാക്കുക. രാത്രി കുടുംബാംഗങ്ങൾ ഒരു തീൻമേശയ്ക്കു ചുറ്റും ഇരിക്കും. മേശപ്പുറത്തു കത്തിയും മുള്ളും, സൂപ്പ് സ്പൂണും, ഡിസേർട്ടു സ്പൂണും വച്ചിരിക്കും. സൂപ്പ് കഴിച്ച ശേഷമാണ് ആഹാരം കഴിക്കുന്നതിന്റെ തുടക്കം. മേശപ്പുറത്ത് ബ്രെഡ്ഡും വെണ്ണയുമുണ്ടായിരിക്കും. മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ചു വെണ്ണ മുറിച്ച് ബ്രെഡ്ഡിൽ പുരട്ടാൻ കുട്ടികൾ പഠിച്ചിരിക്കണം. അതുപോലെ കത്തിയും മുള്ളും ഉപയോഗിക്കാനും, ഒരു കൈകൊണ്ടു മുറിക്കാനും അഥവാ കത്തി ഉപയോഗിക്കുന്നില്ലെന്നാണെങ്കിൽ ഫോർക് മറുകൈയിലേക്ക് മാറ്റി ഉപയോഗപ്പെടുത്താനും അറിഞ്ഞിരിക്കണം.
എന്റെ അമ്മ മൃണാളിനി സാരാഭായ് മദ്രാസിൽ (ഇപ്പോൾ ചെന്നൈ) ബ്രാഹ്മണ ഭരണത്തിന്റെ കടുംപിടുത്തങ്ങൾക്കെതിരെ കലാപം നടത്തുന്ന ഒരു കുടുംബത്തിലാണ് വളർന്നത്. എന്റെ മുത്തച്ഛൻ തമിഴ് ബ്രാഹ്മണനായിരുന്നു. അദ്ദേഹം നിയമം തെറ്റിച്ചു പഠിക്കാൻ വിദേശത്തേക്കു പോയി. അതിനുശേഷം നായർ പാരമ്പര്യത്തിൽ മാംസാഹാരം കഴിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയെ (അവൾക്കു അപ്പോൾ 13 വയസ്സായിരുന്നു) വിവാഹം കഴിച്ചു. അവളെ പഠിപ്പിക്കാമെന്നു വാക്കു നൽകുകയാണെങ്കിൽ ആ വിവാഹത്തിനു സമ്മതിക്കാമെന്നു മുത്തശ്ശി പറഞ്ഞു. അദ്ദേഹം അതനുസരിച്ചു അവളെ പഠിപ്പിച്ചു. വിദ്യാഭ്യാസം, സാധാരണ ഭാഷകൾക്കും, ശാസ്ത്രത്തിനും, ഗണിതത്തിനും പുറമെ കുതിരസവാരി, മേൽമൂടിയോടുകൂടിയ അന്നത്തെ ഒരിനം കാർ ഓടിക്കൽ, ടെന്നീസ്, ബ്രിട്ടീഷ് ആചാര നടപടിക്രമങ്ങൾ പാലിക്കൽ എന്നിവയും ഉൾപ്പെടുന്നു. സഹബ്രാഹ്മണരുടെ അംഗികാരത്തെക്കുറിച്ച് തനിക്കു താത്പര്യമുണ്ടെന്നു കാണിക്കാൻ അദ്ദേഹം സമ്പൂർണ്ണ സസ്യാഹാരിയായി.
ഉരുളക്കിഴങ്ങൊഴികെയുള്ള എല്ലാ പച്ചക്കറികളും ഒഴിവാക്കി. അമ്മ മാംസവും മത്സ്യവും കഴിച്ചാണ് വളർന്നത്. പ്ളേറ്റിൽ വിളമ്പിയിരിക്കുന്ന ആഹാരം മുഴുവനും കഴിക്കണമെന്നതിൽ മുത്തശ്ശി വലിയ കണിശക്കാരിയായിരുന്നു. അമ്മ അവരുടെ പ്ളേറ്റിൽനിന്നു പച്ചക്കറികൾ സൂത്രത്തിൽ എടുത്തുമാറ്റി സഹതാപമുള്ള ബട്ലറുടെ കൈകളിൽ രഹസ്യമായി കൊടുക്കുകയും ബട്ലർ അവയുമായി തീൻമുറിയിൽനിന്നു ചെല്ലുകയും പതിവായിരുന്നു.ഓരോ ഭക്ഷണസമയത്തും പച്ചക്കറി വിളമ്പിയാൽ വേണ്ടെന്നു പറഞ്ഞു അവർ മുറുമുറുപ്പു കാട്ടുന്നതു കാണുമ്പോൾ അവരുടെ അമ്മ ശകാരിക്കുമായിരുന്നു.എന്നിട്ടു പറയും “ഈ ചെയ്യുന്ന പാപങ്ങൾക്കു നീ വിവാഹം കഴിക്കുന്നത് ഒരു സസ്യാഹാരിയെയായിരിക്കും.” അതു തന്നെയാണ് പിന്നീട് സംഭവിച്ചതും.
1942-ൽ എന്റെ മാതാപിതാക്കൾ വിവാഹിതരായതിനു തൊട്ടു പിന്നാലെ ഇംഗ്ലണ്ടിലേക്കു പോയി. അവിടെ എന്റെ പിതാവ് കേംബ്രിഡ്ജിലെ സെന്റു ജോർജ് കോളേജിൽ (പി.എച്.ഡി.ക്കുള്ള) ജോലിയിൽ ഈടുപെട്ടിരിക്കുകയായിരുന്നു. താമസിയാതെ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഭക്ഷ്യക്ഷാമം ആരംഭിക്കുകയും ചെയ്തു. ആ വർഷങ്ങളിലും പിന്നീട് പല ദശാബ്ദങ്ങളിലും ബ്രിട്ടനിലും അതുപോലെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും അവർക്കു സസ്യാഹാരിയാകേണ്ടി വന്നത് വലിയ പ്രയാസമായിരുന്നു.യുദ്ധംപൊട്ടിപ്പുറപ്പെട്ടതോടുകൂടി സ്ഥിതി കൂടുതൽ ഗുരുതരമായി. അച്ഛൻ മാംസവും മത്സ്യവും കഴിക്കില്ലെന്നു ദൃഢനിശ്ചയമെടുത്തു. മാർക്കറ്റിൽ മുട്ടപോലും കിട്ടാനില്ലാത്ത ആ നാളുകളിൽ, ബ്രെഡ്ഡിലോ ചോറിലോ പരിപ്പിനു പകരം തക്കാളി സൂപ്പ് ഒഴിച്ചു കഴിച്ചിരുന്ന കഥകൾ ഞാൻ കേട്ടിട്ടുണ്ട്. അമ്മ തനിക്കു കിട്ടിയ ഇറച്ചിയോ മീനോ കഴിക്കാറുണ്ടായിരുന്നോ അതോ അച്ഛനോടുള്ള ഭക്തികൊണ്ടു അവ വേണ്ടെന്നു വെക്കേണ്ടി വന്നതായിരുന്നോഎന്നെനിക്കറിഞ്ഞുകൂടാ.എന്തായാലും യുദ്ധത്തിനു നടുവിൽ അവർക്കു വീട്ടിലേക്കു മടങ്ങാൻ കഴിഞ്ഞു. മദ്രാസിലുള്ള അവരുടെ വീട്ടിൽ മസാലകൾ ചേർത്ത രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അമ്മയ്ക്ക് കാരക്കുറവുള്ള സാത്വികാഹാരമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. സ്വതവേ കൃശഗാത്രയായ അമ്മയുടെ ഭാരം രണ്ടു മാസംകൊണ്ടു ഇരുപതു പൗണ്ട് കുറഞ്ഞു. ഭർത്താവിന്റെ അഞ്ചു സഹോദരിമാരിൽ നാലുപേരോട് അമ്മ മുഷിച്ചലോടെ പറയുമായിരുന്നു: ഞങ്ങൾ ഒരു യാത്ര യ്ക്കിറങ്ങായാൽ അടിക്കടി ഓരോ മൃഗത്തെ കടന്നുപോകാറുണ്ട്. അതു ചിലപ്പോൾ ആടാകാം അല്ലെങ്കിൽ പശുവാകാം, അതുമല്ലെങ്കിൽ എരുമയോ കോഴിയോ ആകാം. അപ്പോഴെല്ലാം അവർ ഉത്സാഹത്തോടെ ചോദിക്കും: “നിനക്കതിനെ തിന്നണമെന്നു തോന്നുന്നുണ്ടോ?” അവരുടെ ഭാഗ്യത്തിനു അമ്മയും അച്ഛനും അവരുടെ പുതിയ വീട്ടിലേക്ക് താമസം മാറ്റി. അവിടെ അടുക്കളയുടെ ചുമതല അമ്മയ്ക്കായിരുന്നു. വീട്ടിൽ മാംസവും മത്സ്യവും ഇല്ലെങ്കിലും മുട്ടകൾ പ്രത്യക്ഷപ്പെട്ടു. അമ്മലോകപര്യടനത്തിനിറങ്ങിയപ്പോൾ പല രാജ്യങ്ങളിലെയും പാചകക്കുറിപ്പുകൾ പഠിച്ചു ഞങ്ങളുടെ മഹാരാജ്, പാചകക്കാരനെ അവയുടെയെല്ലാം ശൈവവകകളെപ്പറ്റി പഠിപ്പിച്ചു. എന്റെ കുട്ടിക്കാലത്ത് അതായത് രണ്ടോ മൂന്നോ വയസ്സിൽ ആഹാരം കഴിക്കാമെന്ന അവസ്ഥ ഉണ്ടായപ്പോൾ രാത്രിയിലെ ആഹാരത്തിൽ ആർമേനിയൻ സമോസയും എൻചിലാദസും (enchiladas) ചീസ് സൂഫിൾസും (cheese souffles) ഉൾപ്പെടുത്തിയിരുന്നു.
അമ്മയ്ക്കു ഭക്ഷണത്തോടു അത്ര പ്രിയം ഉണ്ടായിരുന്നില്ല. പക്ഷെ അച്ഛന്നങ്ങനെയായിരുന്നില്ല. അതിനാൽ അദ്ദേഹത്തിനുള്ള മെനു പ്രത്യേകം തയ്യാറാക്കി. അദ്ദേഹം ശരീരഭാരത്തെക്കുറിച്ചു ബോധവാനായിരുന്നു. അതിനാൽ കലോറിയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. എന്റെ മുത്തശ്ശി-മുത്തശ്ശന്മാരുടെ രീതികളെ പിന്തുടർന്നു ഉച്ചഭക്ഷണം ഇന്ത്യൻ രീതിയിലും രാത്രിഭക്ഷണം അന്യരീതിയിലുമാക്കി മാറ്റി. ഇന്ത്യൻ രീതിയിലല്ലാത്ത ഭക്ഷണം ലഘുവായിരിക്കുമെന്നതിനാൽ അതു അവരുടെ ജീവിതശൈലിക്കനുകൂലമായി. അത്താഴത്തിനുശേഷം അച്ഛൻ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ ജോലിക്കു പോകും. അമ്മ തോട്ടത്തിനു നെടുകെയുള്ള ദർപ്പണയിൽ നാടകങ്ങളുടെ നിർദ്ദേശത്തിനും നാടക റിഹേഴ്സൽ കാണാനും പോകുമായിരുന്നു.
എന്റെ സഹോദരനും ഞാനും ശ്രേയസ്സിൽ അതായത് അച്ഛന്റെ മൂത്ത സഹോദരി ലീന നടത്തുന്ന മോണ്ടേസറി സ്കൂളിലേക്കു പോയിത്തുടങ്ങി. സ്കൂൾ ദിവസങ്ങളിൽ നിർബ്ബന്ധിത ഉച്ചഭക്ഷണം ഏർപ്പെടുത്തിയിരുന്നു. എനിക്കു ഭക്ഷണത്തോടും വിളമ്പിയതെല്ലാം കഴിക്കണമെന്നതിനോടും കഠിനമായ വെറുപ്പായിരുന്നു. എനിക്കു അഞ്ചു വയസ്സായപ്പോൾ എന്റെ ആഹാരശീലങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും വളരെയേറെ മാറ്റങ്ങളുണ്ടായി. ബ്രെഡ്ഡുന വെണ്ണയും, മിക്ക സാധനങ്ങളിലും വെളുത്ത പഞ്ചസാര, ഉരുളക്കിഴങ്ങ് പിന്നെ ചോറും.അതിനാൽ സ്കൂളിൽ “ആരോഗ്യകരമായ” എന്നാൽ അധികം വേവിച്ച പച്ചക്കറികളും വെള്ളമുള്ള പരിപ്പും കഴിക്കുക എന്നതു വളരെ ദുരിതകരമായിരുന്നു. ഞാൻ ഒരു പായ്ക്കറ്റു പഞ്ചസാര എന്റെ ബാഗിൽ വച്ച് അതു എല്ലാ തീറ്റസാധനങ്ങളിലും വിതറി കഴിക്കാൻ തുടങ്ങി. അമ്മയുടെ കുട്ടിക്കാലത്തെ ബട്ളറെപ്പോലെ, ഞാനും കൈകൊണ്ടുള്ള ചെപ്പടിവിദ്യ പഠിച്ചു. അപ്രകാരം പാത്രം കഴുകാൻ പോകുമ്പോൾ കഴിക്കാത്ത ആഹാരം തളിക പിടിച്ചിരിക്കുന്ന കൈയിൽ അടക്കിപ്പിടിച്ചു കൊണ്ടുപോകാൻ കഴിഞ്ഞു.
എനിക്കു പതിമൂന്നു വയസ്സ്. നല്ല വണ്ണമുണ്ട്. പക്ഷെ, മെലിഞ്ഞു ഭംഗിയുള്ള ഒരു പെൺകുട്ടി ആകണമെന്നായിരുന്നു മോഹം. അമ്മയുടെ ഉപദേശം പ്രയോജനപ്പെട്ടില്ല. ഞാൻ കഴിക്കുന്നതെന്താണെന്നോ, എത്ര കഴിക്കുന്നെന്നോ ഒന്നും നോക്കിയിരുന്നില്ല. അതേസമയം അച്ഛൻ സമീകൃതാഹാരവും ഒപ്പം വ്യായാമവും നിർവ്വിഘ്നം നടത്തിവന്നു. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ചിറകിനടിയിലാക്കി. എന്റെ ആഹാരരീതിയിൽ പതുക്കെപ്പതുക്കെ മാറ്റം വരുത്തി. അങ്ങനെ ഒരു വർഷംകൊണ്ടു ഞാൻ കൂടുതൽ ആരോഗ്യകരവും മെച്ചപ്പെട്ടതുമായ ഭക്ഷണം കഴിച്ചുതുടങ്ങി. കലോറി എണ്ണാൻ പഠിച്ചു. ആഘട്ടത്തിൽ ആരോഗ്യം എന്റെ ആശങ്കയായിരുന്നില്ല. ഞാനേതു വസ്ത്രം ധരിക്കണമെന്നു ആഗ്രഹിച്ചിരുന്നോ അവ ഉപയോഗിക്കാൻ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. അടുത്ത ഇരുപതു വർഷങ്ങളിൽ പത്ഥ്യാഹാരക്രമം, പട്ടിണി, ദിവസം ഒരു ഗ്ലാസ് കോംപ്ലാനും ഒരു മധുരനാരങ്ങയും, അമിതഭക്ഷണം, തുടർച്ചയായി അത്യധികം വിശപ്പ് അങ്ങനെ എല്ലാത്തരം ഭ്രാന്തൻ കാര്യങ്ങൾക്കും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.(ഇതേപ്പറ്റി ഞാൻ In Free Fall: My Experiments With Living) എന്ന എന്റെ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.) ഒരു തൊഴിലായി നൃത്തം ചെയ്യിനാരംഭിച്ചപ്പോഴാണ് ശരീരം ആരോഗ്യകരമായിരിക്കണമെന്നും ചെയ്യുന്ന തൊഴിലിനു ചേർന്നതായിരിക്കണമെന്നും അല്ലാതെ മെലിഞ്ഞതാവരുതെന്നും ബോദ്ധ്യമായത്. എന്റെ ശരീരഭാഷ മനസ്സിലാക്കാനും അതിനെ ബഹുമാനിക്കാനും ഒരു നർത്തകിയുടെ രൂപത്തിൽ അതെന്തു ചെയ്യുന്നു എന്നു മനസ്സിലാക്കാനും, പോഷകാഹാരത്തിന്റെ കാര്യത്തിൽ എന്താണു വേണ്ടതെന്നു എന്നോടു പറയുന്നതു വിശ്വസിക്കാനും പഠിക്കാൻ എനിക്കു വർഷങ്ങൾതന്നെ വേണ്ടിവന്നു.
ഞാൻ മുട്ട കഴിക്കുന്ന സസ്യാഹാരിയും ഭക്ഷണപ്രിയയും ആയിരുന്നു. പാചകം ചെയ്ത പുതിയ വിഭവങ്ങൾ രുചിക്കാനും വിവിധ രുചികൾ ആസ്വദിക്കാനും ഞാനിഷ്ടപ്പെടുന്നു. അതുപോലെ പാൽക്കട്ടി, കടുപ്പമുള്ള ബ്രെഡ്, സലാഡുകൾ, വൈനുകൾ എന്നിവയും എനിക്കിഷ്ടമാണ്.എനിക്കു പാചകം ചെയ്യാനറിയില്ല.ഞാനൊരു മഠയിയും ക്ഷമയില്ലാത്തവളുമാണ്. ഭാഗ്യവശാൽ എന്റെ ജീവിതത്തിലെ എല്ലാ പുരുഷന്മാരും പാചകം ഇഷ്ടപ്പെടുന്നു. ഞാൻ പാത്രം കഴുകാനുള്ള കഴിവുകൾ പ്രദാനം ചെയ്യുന്നു. അഥവാ ഭക്ഷണം പാകം ചെയ്യാൻ ആരും ഇല്ലെങ്കിൽ എടുത്തു ചെല്ലാനോ കൊണ്ടുവന്നു തരാനോ ആരും ഇല്ലെങ്കിൽ സലാഡും പഴങ്ങളും കഴിക്കാൻ പറ്റിയ സമയമാണിതെന്നു ഞാൻ സ്വയം ആശ്വസിക്കും.
1994-ൽ ഞങ്ങൾ അഹമ്മദാബാദിലെ ആദ്യത്തെ പ്രധാന പ്രകടനവേദി സ്ഥാപിക്കുകയും അമ്മയുടെ ആഘോഷമായി അതിനു ‘നടറാണി’ എന്നു പേരുടെയും ചെയ്തു. 1999-ൽ ഞങ്ങൾ ഗൗഡി പ്രചോദിതമായ ഒരു ഓപൺ എയർ കഫേ നിർമ്മിച്ച. ഇവിടം പൊതുജനങ്ങളുടെയും ഉപയോഗിക്കാവുന്നതാണ്. ഇവിടെ ആരോഗ്യകരവും ജൈവവുമായ പദാർത്ഥങ്ങൾ ലഭിക്കുന്നു. അരികൊണ്ടുള്ള പത്തുതരം വിശേഷ വിഭവങ്ങൾ ഉണ്ടാക്കുന്നു. പുളിമുതൽ കൊത്തമല്ലിവരെ ഉപയോഗിച്ചും തക്കാളി മുതൽ ചെറുനാരങ്ങവരെ ഉപയോഗിച്ചുമാണ് ഈ പദാർത്ഥങ്ങൾ ഉണ്ടാക്കുന്നത്. ഇവയോടൊപ്പം രുചികരമായ സൈഡ് ഡിഷും ഉണ്ടായിരിക്കും. അതായത് എത്തിയ അല്ലെങ്കിൽ ചട്ണി. വിവിധതരം മുട്ടകളും വ്യത്യസ്തമായ പാസ്തകളും കൂടാതെ സാധാരണ സാൻഡ് വിച്ചുകളും ഗ്രിൽഡ് സാൻഡ് വിച്ചുകളും ലഭ്യമാണ്. ഞാനൊരു സലാഡ് ശൃംഖല ഉണ്ടാക്കി അതു അടുത്തുതന്നെ ആരംഭിക്കാനിരിക്കുകയാണ്. നിരീക്ഷിക്കപ്പെടാത്ത ചുരുക്കം ചില പൊതുസ്ഥലങ്ങളിൽ ഒന്നാണിത്. അതിനാൽ ജോടികൾ ഇവിടെ വരികയും മണിക്കൂറുകളോളം ചിലവഴിക്കുകയും ചെയ്യുന്നു. മൺസൂണിനു ശേഷമുള്ള ഞങ്ങളുടെ സീസണിൽ നിങ്ങളുടെ അടുത്ത ടേബിള്‍ വരുൺ ഗ്ലോവറെയോ രേഖാ ഭരദ്വാജിനെയോ അതുമല്ലെങ്കിൽ മൊത്തം കഥകളി ടീമിനെയോ നിങ്ങൾക്കു കാണാൻ കഴിയും.
1996-ൽ പരിസ്ഥിതി ബന്ധത്തെക്കുറിച്ച് നീണ്ട സമയം സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത ഞാൻ ജൈവകൃഷി പരീക്ഷിക്കാൻ തീർച്ചപ്പെടുത്തി. അതിനായി ഒരു തുണ്ടം ഭൂമി കണ്ടെത്തിയെങ്കിലും പക്ഷെ തീരെ ഉപയോഗശൂന്യമായിരുന്നു. ആർക്കും അവിടെ ഒരു വിളവും ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. ഗാന്ധിനഗറിനപ്പുറം കൃഷിക്കാർ നിറഞ്ഞ ഒരു ഗ്രാമം കണ്ടെത്തി. അവിടം കൃഷിയിറക്കാത്ത കർഷകർ നിറഞ്ഞ ഒരു ഗ്രാമമായിരുന്നു അത്. അവിടെ വെള്ളമില്ല, വൈദ്യുതി ഇല്ല. രാസവളങ്ങൾ അമിതമായി ഉപയോഗിച്ച സ്ഥലം. ബുദ്ധിമാന്മാരുടെ സഹായമില്ലാതെ ഞാനെന്റെ പരീക്ഷണം ആരംഭിച്ചു. ഞങ്ങൾ വെള്ളം കണ്ടെത്തി. ആദ്യത്തെ മൂന്നു വർഷം പ്രോട്ടീൻ സമ്പുഷ്ടമായ ബീൻസും പയറും നട്ടുപിടിപ്പിച്ചു. ഇന്നു അതു കുടുംബത്തിനു ജൈവപച്ചക്കറികളും സലാഡുകളും 750 കിലോഗ്രാം ജൈവഗോതമ്പും പയറും ബാജ്റയും നൽകി വരുന്നു. എനിക്കു വേണമെന്നു തോന്നുമ്പോൾ ഭക്ഷണം വരുന്നതു കഫേയിൽനിന്നോ അല്ലെങ്കിൽ അമ്മയുടെ അടുക്കള എന്നു ഞാൻ ഇപ്പോഴും കരുതുന്ന കഫേയിൽനിന്നോ ആണ്. ദർപ്പണയിൽ പിറന്നാൾ ആഘോഷം എന്നു പറഞ്ഞാൽ കേക്കിനേക്കാൾ ഉപയോഗപ്പെടുത്തുന്നത് മെഴുകുതിരി കുത്തിനിർത്തിയ ദാൽവടകളും പച്ചമുളകും ആയിരിക്കും
അന്താരാഷ്ട്രതലത്തിലുള്ള എന്റെ നിരവധി പര്യടനങ്ങളിൽ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും വീടുകളിൽ ഞാൻ സന്ദർശിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവർ എനിക്കു വീട്ടിൽനിന്നുണ്ടാക്കുന്ന ഭക്ഷണം തരാൻ വളരെ ഉത്സാഹം കാണിക്കാറുണ്ട്. ഞാൻ ഭയപ്പെടുന്നതും അതുതന്നെയാണ്. യാത്രയിൽ അതാതു പ്രദേശത്തെ ഭക്ഷണമാണ് ഞാൻ രുചിക്കാൻ ആഗ്രഹിക്കുന്നത്. നൈജീരിയയിലായിരിക്കുമ്പോൾ എനിക്കിഷ്ടം അവിടുത്തെ വറുത്ത വാഴപ്പഴവും ചുവന്ന ചൂടുള്ള മുളകു ചട്ണി(chilly sauce)യുമാണ്. ജപ്പാനിലാകുമ്പോൾ അതിലോലമായ സെൻ (zen) പാചകം ചെയ്ത ആഹാരം കഴിക്കാൻ എനിക്കു ക്ഷേത്രങ്ങളിലേക്കു പോകണം. പനീർ എനിക്കു ഇഷ്ടമാണ്. ആതിഥേയരോടു ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എനിക്കു ശതാവരിയോ സലാഡോ ആണ് പരിപ്പും ചോറിനേക്കാളും ഇഷ്ടം എന്നും അതിനുള്ള പുതിയ മാർഗ്ഗങ്ങൾ ആരാഞ്ഞുവരികയാണെന്നുമാണ്.
2012-ൽ ഭക്ഷണത്തോടുള്ള എന്റെ താത്പര്യവും ഫുഡ് പായ്ക്കറ്റിൽനിന്നു ലഭിക്കുന്ന വർദ്ധിച്ചു വരുന്ന ചപ്പുചവറുകളും മനസ്സിലാക്കി ഭക്ഷണത്തെക്കുറിച്ചു Let Us Talk about Food എന്ന ഒരു ഡോക്യുമെന്ററിക്കായി ചില ഗവേഷണങ്ങൾ നടത്താൻ ഞാൻ പ്രേരിതയായി. പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിംങ് ട്രസ്റ്റി (PSBT) നുവേണ്ടി നിർമ്മിച്ച ഈ ഫിലിം വച്ചുകൊണ്ട് പോഷകാഹാരം, കൃഷി,ആരോഗ്യം, പരി സ്ഥിതിവാദികൾ, സന്ദർശിച്ച ഓർഗാനിക് ഫാമുകൾ, ആഹാര ഗവേഷണ ലബോറട്ടറി എന്നിവയിലെ വിദഗ്ദ്ധരുമായി സംസാരിക്കാൻ അവസരം ലഭിച്ചു. ഈ ചിത്രം PSBTയുടെ വെബ്സൈറ്റിൽ ഉള്ളതും കണ്ണു തുറപ്പിക്കാൻ പോന്നവയുമാണ്. അന്നു മോശമായത് ഇന്നു അതിനേക്കാൾ മോശമായ അവസ്ഥയിലെത്തിയിരിക്കുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഞാൻ സ്വയം പതിനഞ്ചു ദിവസത്തെ ആയുർവേദ ചികിത്സയിലാണ്. ഞാൻ സസ്യാഹാരം കഴിക്കുകയോ അല്ലെങ്കിൽ അഞ്ചോ ഏഴോ ദിവസത്തെ ദ്രാവക ഉപവാസം അനുഷ്ഠിക്കുകയോ ചെയ്യുന്നു. ഈ ഉപവാസസമയം വെജിറ്റബിൾ സൂപ്പുകളും ജൂസുകളും അടിക്കടി ഇളന്നീരും കഴിക്കുന്നു. ഇക്കാരണത്താൽ എന്റെ ചർമ്മം ശുചിയാകുന്നു. കണ്ണുകൾക്ക് കൂടുതൽ തിളക്കമുണ്ടാകുന്നു. യൗവനപ്രാപ്തി നേടിയ അനുഭൂതി ഉളവാകുന്നു. നിശ്ചിതവും വ്യത്യസ്തവുമായ ചികിത്സകൾമൂലം വേദനകളും ശാരീരിക പീഡകളും ഇല്ലാതാവുന്നു.
ഇന്ന് എനിക്കു എന്റെ ശരീരവുമായും ആഹാരവും നല്ല ബന്ധമുണ്ട് . എന്റെ ശരീരം ഇഷ്ടപ്പെടുന്നതെന്താണെന്നും എന്റെ രുചി എന്തിനുവേണ്ടിയാണ് ഏങ്ങുന്നതെന്നും എനിക്കു നല്ല നിശ്ചയമുണ്ട്. ഞാൻ കഴിക്കുന്നതെന്തെന്നും കുടിക്കുന്നതെന്തെന്നും എനിക്കു അറിയാം. അതു എന്നെ സംബന്ധിച്ചേടത്തോളം ഭയാനകമാണ്. നകാരാത്മകം സകാരാത്മകവുമായി സന്തുലിതമാക്കാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ വല്ലപ്പോഴുമൊക്കെ അമിതമായി മദ്യപിച്ചാൽ എനിക്കു കുറ്റബോധം തോന്നാറില്ല. അപ്പോഴൊക്കെ ആ ശീലം ശരിയാക്കുകയോ സന്തുലിതമാക്കുകയോ ചെയ്യുന്നു. പരിസ്ഥിതി, ഭക്ഷണം, ഒരാളുടെ ശരീരം, മനസ്സ് എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവയെല്ലാം സന്തുലിതാവസ്ഥയിൽ കൊണ്ടുവരേണ്ടത് പരമപ്രധാനമാണ്. അതു നേടിയെടുക്കാനുള്ള ശ്രമത്തിലാണു ഞാൻ