—വിവർത്തനം സി ബി മോഹൻദാസ്
മോൺട്രിയോൾ, 1981.
തിരിച്ചറിയാനെളുപ്പമല്ലാത്ത വിഭവങ്ങൾ മേശയിലേക്കു കൊണ്ടുവരുന്നതിനിടയിൽ റോളി നെറ്റി ചുളിച്ചുകൊണ്ട് പെട്ടെന്നു നിന്നു.
“ഓ, യോഗെട് ഒട്ടും ബാക്കിയില്ല,” അവൾ പറഞ്ഞു.
“അതു സാരമില്ല,” ഞാൻ സന്തോഷം വിടാതെ പറഞ്ഞു. ഇതിനിടെ യോഗെട്ടിന് ഇത്ര പ്രാധാന്യം കൈവന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലായില്ല.
മോൺട്രിയോളിൽ ഒരു കുട്ടിയായിരിക്കുമ്പോൾ സാരി ധരിച്ചുവരുന്ന ഇൻഡ്യൻ സ്ത്രീകളെ ഞാൻ ആരാധനയോടെയാണ് നോക്കിയിരുന്നത്; മറ്റൊരു ദേശത്തുനിന്നുള്ളവരാണെന്ന് ശരിക്കും തോന്നിപ്പിച്ചിരുന്നത് അവർ മാത്രമാണ്. ഞാൻ ആദ്യം പരിചയപ്പെട്ട ഇൻഡ്യക്കാരി റോളിയായിരുന്നു, ഒരു പൊളിറ്റിക്കൽ സയൻസ് ക്ലാസ്സിൽ. അവിടെ ഞങ്ങൾ ഒരുമിച്ച് ഒരു വിപ്ലവം പഠിച്ചു. പരസ്പരം കൂടുതൽ അറിയുന്നതിന്റെ ഭാഗമായാണ് അവൾ എന്നെ എന്റെ ആദ്യത്തെ ഇൻഡ്യൻ ഭക്ഷണത്തിനു ക്ഷണിച്ചത്. അമിതസുരക്ഷിതത്വത്തിൽ ജീവിച്ചുശീലിച്ച ഒരു പതിനെട്ടുകാരി എന്ന നിലയിൽ എനിക്കത് വിപ്ലവകരമായ ഒരു കാൽവയ്പായിരുന്നു. അതുകൊണ്ടാണ് യൊഗെട്ടിന്റെ പ്രാധാന്യം എനിക്കു മനസ്സിലാകാതെപോയത്.
അടുത്തകാലത്തായി എന്റെ സ്വദേശീയ ഭക്ഷണസംസ്കാരം തന്നെ കട്ടിയും കൊഴുപ്പുമുള്ള യോഗെട് ഉപയോഗിക്കുന്നുണ്ട്. അവിടെയത് ലഘുഭക്ഷണമായോ തേൻ ചേർത്ത് ഡിസ്സേട്ടായോ ആണു കഴിക്കുക. ചാറ്റ്ചികി എന്നു വിളിക്കുന്ന വെള്ളരിക്ക സാലഡുണ്ടാക്കാനും യോഗെട് ഉപയോഗിക്കാറുണ്ട്; സാധാരണഗതിയിൽ മുഖ്യഭക്ഷണത്തോടൊപ്പം അതു വിളമ്പാറില്ല. അന്നു കഴിച്ച ഇൻഡ്യൻ ആഹാരം ഞങ്ങളുടെ ഭോജനരീതികൾ താരതമ്യം ചെയ്യുന്നതിള്ള നിരവധി അവസരങ്ങളിൽ ആദ്യത്തേതായിരുന്നു. ലോകവുമായി ചേർന്നുപോകുന്നതിനുള്ള ഞങ്ങളുടേതായ വ്യത്യസ്തമാർഗ്ഗങ്ങളെക്കുറിച്ച് അവ എന്തെങ്കിലും വെളിപെടുത്തുന്നുണ്ടോ എന്ന് അന്വേഷിക്കുവാനും ലോകം പൊതുവെ ഞങ്ങളെ എങ്ങനെയാണുമാറ്റുന്നതെന്നു നിരീക്ഷിക്കുവാനും ഞാനാരംഭിച്ചു.
ആ ദിവസം എന്റെ സുഹൃത്ത് എന്താണ് പാചകം ചെയ്തതെന്ന് എനിക്കിപ്പോൾ ഓർമ്മയില്ല. പക്ഷെ, എല്ലാറ്റിനും ഞെട്ടിക്കുന്ന എരിവുണ്ടായിരുന്നു. അവൾക്ക് തടയാൻ കഴിയുന്നതിനു മുൻപ് ഞാൻ ഒരു മുഴുവൻ മുളകെടുത്തു കടിച്ചു; അപ്പോൾ എന്റെ മുഖത്തുണ്ടായ ഭാവം കണ്ട് അവൾ പൊട്ടിച്ചിരിച്ചത് എനിക്കു നല്ല ഓർമ്മയുണ്ട്. വായ് മുഴുവൻ തീപിടിച്ചതായി തോന്നിയ ആ അനുഭവം എനിക്ക് ആദ്യത്തേതായിരുന്നു. കുടിക്കാനായി വെള്ളമെടുക്കാൻ കൈനീട്ടിയപ്പോൾ—വെള്ളം കൊണ്ട് പ്രയോജനമില്ലെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു—അവൾ പറഞ്ഞു, “ഇതിനാണ് യോഗെട് വേണ്ടത്.”
അത് ദശാബ്ദങ്ങൾക്കു മുൻപായിരുന്നു. അതിനു ശേഷം ഞാൻ നിരവധി പ്രാവശ്യം ഇൻഡ്യയിൽ പോവുകയും എനിക്കു മുൻപിലെത്തിയ പുതുവിഭവങ്ങളോരോന്നും താല്പര്യത്തോടെ രുചിക്കുകയും ചെയ്തിട്ടുണ്ട്. കൊൽകത്തയിലോ, ഡെൽഹിയിലോ, മുംബൈയിലോ ചെന്നൈയിലോ (ലഖ്നോയിൽ ഞാൻ പോയിട്ടില്ല, പക്ഷേ അവിടെപ്പോലും) ഏതു വിഭവമാണ് അന്വേഷിക്കേണ്ടത് എന്നതിനെപ്പറ്റി എനിക്ക് ഒരു ധാരണയുണ്ട്. നിരവധി ഇൻഡ്യൻ ഭവനങ്ങളിൽ ഞാൻ ഭക്ഷണത്തിനു ക്ഷണിക്കപ്പെട്ടിട്ടുണ്ട്; വിവാഹങ്ങളിലും പൂജകളിലുമുള്ള സസ്യാഹാരസദ്യകൾ ഞാൻ ആസ്വദിച്ചിട്ടുമുണ്ട്. ശങ്കയില്ലാതെ തെരുവുഭക്ഷണശാലകളിൽ പോകുന്നതിനും എനിക്കു മടിയില്ല. പല സുഹൃത്തുക്കളെയും ഞാനൊരുക്കിയ ഇൻഡ്യൻ ഡിന്നർ പാർട്ടികൾക്ക് ക്ഷണിക്കുന്നതും പതിവാണ്.
ജിജ്ഞാസുവായ ഒരു സഞ്ചാരി അറിയുന്നതിനെക്കാൾ കൂടുതലെന്തെങ്കിലും എനിക്ക് ഇൻഡ്യൻ ഭക്ഷണത്തെക്കുറിച്ച് അറിയുമോ? എനിക്കുറപ്പില്ല. സ്വന്തം ആഹാരരീതിപോലെ സ്വാഭാവികമായറിയാവുന്നതും ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമാണോ മറ്റൊരു രീതി? അല്ലെങ്കിൽ തന്നെ, “ഇൻഡ്യൻ” ഭക്ഷണം, “ഗ്രീക്” ഭക്ഷണം എന്നൊക്കെ പറയുമ്പോൾ സത്യത്തിൽ എന്താണ് നമ്മൾ ഉദ്ദേശിക്കുന്നത്?
ഇൻഡ്യ, 1986
ന്യൂ ഡെൽഹി വൈഎംസിഎ-യിൽ തന്റെ ഭക്ഷണപാത്രത്തിലേക്കു ദുഃഖത്തോടെ നോക്കിക്കൊണ്ട് ലോറ പറഞ്ഞു: “ഈ മീൻ ഇങ്ങനെയൊന്നിനു വേണ്ടിയാണല്ലോ ജീവൻ വെടിഞ്ഞത്!” എനിക്ക് അവളോടു യോജിക്കേണ്ടിവന്നു. വൈഎംസിഎ-യിൽ ഞങ്ങൾ സാധാരണ കഴിച്ചിരുന്നത് നന്നായുണ്ടാക്കിയ ആഹാരമാണ്. ഞങ്ങളുടെ പാത്രങ്ങളിലുണ്ടായിരുന്ന മീനും നല്ലവണ്ണം പാചകം ചെയ്തതായിരുന്നു. അതിനുപയോഗിച്ച റെസിപ്പിയോടാണ് ഞങ്ങൾക്ക് എതിർപ്പുണ്ടായിരുന്നത്. ഒരു മത്സ്യവിഭവത്തിൽ ഇത്രയുമധികം മസാല ചേർക്കുന്നത് ആവേശമുണർത്തുന്ന രീതിയിൽ വ്യത്യസ്തമായ ഒരു പാചകരീതിയായല്ല ഞങ്ങൾക്കു തോന്നിയത്; മീനിന്റെ പ്രകൃതത്തെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയായാണ്. അതിനാനെങ്കിൽ കഴിക്കാൻ പറ്റാത്തത്ര എരിവുമുണ്ടായിരുന്നു.
ഏഷ്യയിൽ യാത്രചെയ്യുകയായിരുന്ന എന്റെ കോളെജ് സുഹൃത്ത് ലോറയോടൊപ്പം ചേരാൻ പെട്ടെന്നുണ്ടായ ഒരു തോന്നലിൽ അവളെ ഇൻഡ്യയിലെത്താൻ പ്രേരിപ്പിച്ചതായിരുന്നു ഞാൻ. ഡെൽഹിയിൽ. മെയ് മാസത്തിൽ.
ഇൻഡ്യയിൽ പോകാനുള്ള എന്റെ വാഞ്ഛയെ ഒന്നിനും തടഞ്ഞുനിർത്താൻ കഴിയാത്ത ഒരു ഘട്ടമായിരുന്നു അത്. അത്യുഷ്ണത്തെക്കുറിച്ചുള്ള വാർത്തകൾ എന്നെ പിൻതിരിപ്പിച്ചില്ല; ചൂടുള്ള ഒരു നാട്ടിൽനിന്നാണ് ഞാനും വരുന്നത് എന്ന് സ്വയം ഓർമ്മിപ്പിച്ച് ഞാൻ ധൈര്യം നേടി. പക്ഷെ, അവിടെ എനിക്കു തെറ്റി. തീച്ചൂളയുടെ തീവ്രതയുള്ള ഉത്തരേൻഡ്യൻ വേനലിന്റെ ഭീകരത ഞാൻ ഭയന്നതിലും അപ്പുറത്തായിരുന്നു. റോളിയുടെ മോൺട്രിയോൾ അടുക്കളയിൽ വച്ച് എന്റെ നാവിനെ ഞെട്ടിച്ച എരിവുപോലെതന്നെ ഈ ചൂട് എന്റെ ത്വക്കിന് താങ്ങൻ കഴിയുന്നതായിരുന്നില്ല. ഗ്രീസിൽ ഭ്രാന്തൻ നായ്ക്കളും വിനോദസഞ്ചാരികളും മാത്രമാണ് ഉച്ചവെയിലത്തു നടക്കുന്നത് എന്ന നിരീക്ഷണം ഞാൻ എങ്ങനെയോ മറന്നിരുന്നു. ഇപ്പോൾ, ഗതികേടിന്, ഞാനാണ് ആ വിനോദസഞ്ചാരി. തളർത്തുന്ന ഈ ചൂടിൽ ആഹാത്തിന്റെ ആസ്വാദ്യതയല്ല, ആവശ്യകതയാണ് മുന്നിട്ടുനിന്നത്. ഇത്രയും ഉഷ്ണമുള്ള ഒരു പ്രദേശത്ത് അതിസങ്കീർണ്ണമായ പാചകരീതികൾ വികസിപ്പിക്കുന്നതിന് ആളുകൾ മിനക്കെടുന്നതിൽ എനിക്കതിശയം തോന്നി. കഴിയുന്നത്ര ദ്രാവകങ്ങൾ അകത്താക്കുക എന്ന ആഗ്രഹം മാത്രമാണ് എനിക്കുണ്ടായത്; ചൂടുള്ള ചായയും ഇളം ചൂടുള്ള ലിംകയും ഞാൻ അമിതമായി കുടിച്ചു. രണ്ടാമത്തെ ദിവസം വാരണാസി കാണാനുള്ള പദ്ധതിയുപേക്ഷിച്ച് പകരം കുന്നുകളിലേക്കു പോകുവാൻ ഞങ്ങൾ തീരുമാനിച്ചു. റ്റിക്കെറ്റെടുക്കാൻ കഴിവുള്ളവരെല്ലാം അതുതന്നെയാണു തീരുമാനിച്ചതെന്ന് ഇൻഡ്യൻ എയർലൈൻസിന്റെ ഓഫീസിലെത്തിയപ്പോൾ മനസ്സിലായി; കഷ്മീരിലേക്കുള്ള റ്റിക്കറ്റ് ബുക് ചെയ്യുന്നതിനുവേണ്ടി ഞങ്ങൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. സ്വകാര്യവൽകരണത്തിനു മുൻപുള്ള അക്കാലത്ത് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അവസാനം ക്ലാർക് മുഖമുയർത്തി നോക്കി ചോദിച്ചു: കഷ്മീരിലേക്ക് ഒന്നുമില്ല; ഡാർജിലിങ്ങിൽ പോകാൻ താല്പര്യമുണ്ടോ?
ഞങ്ങൾക്ക് താല്പര്യമുണ്ടായിരുന്നു. ഡാർജിലിങ്ങിലെ തണുത്ത വായു ഞങ്ങളെ പുനരുജ്ജീവിപ്പിച്ചു; ചായ അമൃതതുല്യമായിരുന്നു. മുൻപിലെത്തിയ ഭക്ഷണം ചുറ്റുമുള്ള മറ്റെല്ലാം പോലെതന്നെ കൂടുതൽ വ്യക്തമായി കാഴ്ചയിൽ വന്നു.
വഴിയരികിലെ ഒരു തട്ടുകടയിൽ നിന്ന് ഞാൻ എന്റെ ആദ്യത്തെ ഛോലെ കഴിച്ചു. അതിലുള്ളത് കടലയായിരുന്നു എന്ന് അപ്പോൾ മനസ്സിലായിരുന്നോ എന്ന് എനിക്ക് ഓർമ്മയില്ല; ശരിക്കറിയാത്ത ഏതെങ്കിലും ഒരു പയർവർഗ്ഗമാണതെന്ന് കരുതിയിരിക്കാനും ഇടയുണ്ട്. അത് ഒരു ഹിമാലയൻ വിഭവമാണൊ അതോ താഴെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണോ എന്നന്വേഷിക്കുവാൻ ഞാൻ ശ്രമിച്ചുവോ എന്നും നിശ്ചയമില്ല. രണ്ടാമതും അത് ഓർഡർ ചെയ്യാതെ സ്വയം നിയന്ത്രിക്കേണ്ടിവന്നു എന്നുമാത്രം ഓർമ്മയുണ്ട്. പശ്ചാത്തലത്തിൽ സംഗീതമുണ്ടായിരുന്നു. പാട്ടുകാരൻ ആരാണെന്ന് ഞാനന്വേഷിച്ചു; പിന്നിട് ആ കസ്സെറ്റ് വാങ്ങുകയും ചെയ്തു. അതിനുശേഷം എപ്പോൾ ഛോലെ കഴിക്കുമ്പോഴും അതോടൊപ്പം ‘ലാ പിലാദേ സാഖിയ’ എന്ന പങ്കജ് ഉദ്ദാസിന്റെ പാട്ട് എന്റെ മനസ്സിലുണ്ടാകും. പിന്നീട് മറ്റൊരു തട്ടുകടയിൽ നിന്ന് ഞാൻ ശരിക്കും പ്രാദേശികാഹാരമായ മോമോ കഴിച്ചു. ഇൻഡ്യാ റ്റുഡേയിൽ എം എസ് സുബ്ബലക്ഷ്മിയെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കുകയായിരുന്നു ഞാനപ്പോൾ. ആ ദിവസം ഞാൻ പുറത്തുപോയി എം എസ്സിന്റെ ഒരു കസ്സെറ്റും വാങ്ങി. അതോടെ കീർത്തനങ്ങളും മോമോസും എന്റെ മനസ്സിൽ വേർതിരിക്കാൻ കഴിയാത്ത രീതിയിൽ ഇണങ്ങിച്ചേർന്നു. സംഗീതത്തിന്റെയും ആഹാരത്തിന്റെയും രുചികളുടെ സംയോജനം എല്ലായ്പോഴും അർത്ഥമുള്ളതായിരിക്കണമെന്നില്ലെന്നു തോന്നുന്നു.
അത്തവണ നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ എന്റെ ആദ്യത്തെ ഇൻഡ്യൻ പാചകപുസ്തകം വാങ്ങിച്ചു.
ഇൻഡ്യൻ പാചകം ചെയ്യുമ്പോൾ (അതോ “ഇൻഡ്യൻ” പാചകമോ?)
ചൈനയിലുള്ള ഒരു ഫ്രെഞ്ച് പാചകവിദഗ്ദ്ധയ്ക്ക് ഫ്രാൻസിലുള്ള ഒരു ചൈനീസ് പാചകക്കാരിയെക്കാൾ നന്നായി ചൈനീസ് ഭക്ഷമുണ്ടാക്കാൻ കഴിയും എന്നു പറയാറുണ്ട്. പ്രാദേശികമായി ലഭിക്കുന്ന ചേരുവകളുടെ പ്രാധാന്യമാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാൽ അതുമാത്രമല്ല ഇവിടെ വിഷയം. അതുപോലെതന്നെ, ഗ്രീസിൽ വച്ച് ഇൻഡ്യൻ പാചകം ചെയ്യുമ്പോൾ എളുപ്പം കിട്ടാത്തതും പെട്ടെന്നു കേടുവരുന്നതുമായ ചേരുവകളില്ലാത്തതുമാത്രമല്ല പ്രശ്നം; ഇൻഡ്യൻ അന്തരീക്ഷത്തിന്റെ അഭാവവും ഒരു പരിമിതിയാണ്.
ചെറുപ്പത്തിലേ പരിചയമില്ലാത്ത ആഹാരമുണ്ടാക്കുന്നതിൽ ഭക്ഷണകലയോടു ബന്ധപ്പെട്ട അമിതമായൊരു ആത്മവിശ്വാസമുണ്ട്. എന്റെ അതിഥികളാകട്ടെ, ഒന്നിനെക്കുറിച്ചും ഉറപ്പില്ലാത്ത നിലയിലായിരുന്നു. ഞാൻ വിളമ്പിയ വിഭവങ്ങളൊന്നും അവർക്കു പരിചിതമായിരുന്നില്ല; പാചകം ചെയ്തയാളിൽനിന്നോ അതിഥിയിൽ നിന്നോ എന്താണു പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല. ഞങ്ങളുടെ നാട്ടിലുള്ള ചെമ്മീനും വഴുതനങ്ങയും ഇൻഡ്യയിലുള്ളവയുടെ രുചികൾ ഉളവാക്കുന്നുണ്ടോ എന്ന് അവർക്ക് പറയാൻ കഴിയുമായിരുന്നില്ല. ഞാനുണ്ടാക്കിയ ചെമ്മീൻ കറി ഉഷ്ണമേഖലാപ്രദേശമായ മലബാർ തീരത്തുനിന്നുള്ളതാണ് എന്നും വഴുതനങ്ങ വിഭവം മരുഭൂമിയുടെ പരിസരത്തുനിന്നുള്ളതാണെന്നും അവരറിഞ്ഞതേയില്ല. എന്റെ ആദ്യത്തെ ഇൻഡ്യൻ ഭക്ഷണത്തിൽ യോഗെട് ഇല്ലാത്തതിനോട് ഞാൻ പ്രതികരിച്ച അതേ രീതിയിൽ തന്നെയാകും ദാലിന്റെ അഭാവത്തോട് അവർ പ്രതികരിച്ചിട്ടുണ്ടാവുക. പക്ഷെ അതൊന്നും വിഷയമായിരുന്നില്ല: എന്റെ ഡിന്നർ പാർടികൾക്ക് നല്ല പ്രീതിയുണ്ടായിരുന്നു; അവയിലേക്കു ക്ഷണിക്കപ്പെടുന്നതിന് ആളുകൾ കാത്തുനിന്നു. ഇരുപതുകളിലെത്തിയതിനുശേഷമാണ് ഞാൻ പാചകം പഠിച്ചത് എന്നതുകൊണ്ട് ഈ വിജയം എന്റെ തൊപ്പിയിൽ ഒരു തൂവലായിത്തീർന്നു.
അസ്ഥാനത്തായിരുന്ന എന്റെ അഹങ്കാരം തകർന്നത് ഞാൻ അതിഥികൾക്ക് ആദ്യമായി ഗ്രീക് ഭക്ഷണം വിളമ്പിയപ്പോഴായിരുന്നു. സംതൃപ്തിയുടെ ആഹ്ലാദശബ്ദങ്ങളോടൊപ്പം രണ്ടാമതും മൂന്നാമതും വിളമ്പുന്നതിന് ആവശ്യപ്പെടുന്നതുകൂടി കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലായി. എത്രയൊക്കെ എന്റെ ഇൻഡ്യൻ അവതരണങ്ങൾ ആസ്വദിച്ചിരുന്നുവെങ്കിലും എന്റെ സുഹൃത്തുക്കൾക്ക് കൂടുതൽ അർത്ഥപൂർണ്ണമായിരുന്നത് ലളിതമായ ആ സ്പിനച് പൈയും ഉള്ളി ചേർത്ത പോർക്കുമായിരുന്നു. “വിദേശരുചിയുള്ള ഇന്നത്തെ ഭിൺഡി വിഭവം നന്നായിട്ടുണ്ട്, പക്ഷേ എന്റെ അമ്മയുണ്ടാക്കുന്ന വെണ്ടയ്ക്കയുടെ അടുത്തുവരില്ല ഇത്” എന്ന് അവർ ഓരോ തവണയും ചിന്തിച്ചിരുന്നുവോ എന്ന് ഞാൻ സന്തോഷമില്ലാതെ അതിശയിച്ചു. പെട്ടെന്ന് കാര്യങ്ങൾക്ക് ഇൻഡ്യക്കാരല്ലാത്തവർ സാരിയുടുത്തതുപോലെയുള്ള ഒരു പരിവേഷം വന്നതായി എനിക്കുതോന്നി—ഒരു അവശ്യവസ്ത്രം പ്രച്ഛന്നവേഷമായതുപോലെ, അല്ലെങ്കിൽ തനിയെ നിൽക്കുന്ന ഒരു സാംസ്കാരികരുപം ഒരു അലങ്കാരവസ്തുവായി ചുരുങ്ങിയതുപോലെ, ഭുബനേശ്വറിൽ നിന്ന് കൊണ്ടുവന്ന് എന്റെ ഭക്ഷണമുറിയിൽ വച്ചിട്ടുള്ള സരസ്വതീവിഗ്രഹം തിരിച്ചറിയപ്പെടാതെ, അലങ്കാരവും ആരാധനയുമില്ലാതെ നിൽക്കുന്നതുപോലെ.
പക്ഷേ, അങ്ങനെ ചിന്തിക്കുന്നതിൽ കാര്യമുണ്ടോ? ഒരു പ്രതിമ സുന്ദരമായിത്തോന്നുന്നതിന് അത് ആരാധിക്കപ്പെടണമെന്നുണ്ടോ? ആഴത്തിൽ മനസ്സിലാക്കാതെ തന്നെ ഒരു പാചകരീതി ആസ്വദിച്ചുകൂടേ? പാചകരീതിയിൽ കൂടി ഒരു സംസ്കാരം തന്നെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നു കരുതുന്നത് അതിരുകടന്ന കാര്യമല്ലേ? പരിപ്പുകൊണ്ടുള്ള ഒരു ഗ്രീക് വിഭവത്തിൽ വെളുത്തുള്ളിയും വഴനയിലയും തക്കാളിയും ഒലിവെണ്ണയും മാത്രം ചേരുമ്പോൾ ഇൻഡ്യയിലെ ദാൽ വിഭവങ്ങൾക്ക് ദീർഘമായ വറുത്തെടുക്കലും മസാലമിശ്രിതങ്ങളും ആവശ്യമുണ്ട് എന്നതിന് ആഴമേറിയ എന്തെങ്കിലും അർത്ഥമുണ്ടോ?
ഒരുപക്ഷേ, ഉണ്ടായിരിക്കാം. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ നൽകുന്ന ഡിന്നർ പാർട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു; എങ്കിലും ഞാൻ എനിക്കുവേണ്ടി പലപ്പോഴും ഇൻഡ്യൻ ഭക്ഷണം ഉണ്ടാക്കാറുണ്ട്. എന്നാൽ, പാൻഡെമിക് സമയത്ത് അപ്രതീക്ഷിതമായ ഒരു മാറ്റമുണ്ടായി: ഞാൻ എന്റെ മസാല ശേഖരം ഉപയോഗിക്കുന്നത് കുറച്ചു. പയർ വിഭവങ്ങളുണ്ടാക്കുമ്പോൾ അത് പലപ്പോഴും ഗ്രീക് ലെന്റിൽ സൂപ്പോ വെള്ളപ്പയർ സാലഡോ ആയിരിക്കും, രാജ്മാ ചാവൽ ആയിരിക്കില്ല. എന്റെ സസ്യവിഭവങ്ങൾ കൂടുതൽ കൂടുതലായി മെഡിറ്ററേനിയൻ രീതിയോട് അടുത്തുവന്നു. ഇൻഡ്യനാണ് എന്റെ ആശ്വാസഭക്ഷണം എന്ന ധാരണയിൽ എത്രമാത്രം അതിശയോക്തിയുണ്ടായിരുന്നുവെന്നു മനസ്സിലാക്കിത്തരാൻ ഒരു പ്രതിസന്ധി വേണ്ടിവന്നു എന്നർത്ഥം.
ഒരുപക്ഷെ എന്റെ താമസസ്ഥലം മാറിയതാവാം ഇതിനു കാരണമായത്. ലോക്ഡൗൺ സമയത്ത് അമ്മയോടൊപ്പം കഴിയുന്നതിനുവേണ്ടി ഞാൻ നാട്ടിൻപുറത്തേക്കു വന്നിരുന്നു. അവിടെവച്ചാണ് ഗ്രീൻ ബീൻസിനോടൊപ്പം തോട്ടത്തിൽ നിന്നുള്ള പാഴ്സ്ലിക്കു പകരം എന്തിനാണ് ഉത്തരേൻഡ്യയിൽ നിന്നുള്ള പാഞ്ച് ഫൊറാൻ ചേർക്കുന്നത് എന്ന് ഞാൻ സ്വയം ചോദിക്കാൻ തുടങ്ങിയത്. ആയിരക്കണക്കിനു മൈലുകൾക്കപ്പുറത്തുനിന്ന് കപ്പലിലെത്തുന്ന രുചിക്കൂട്ടുകളുപയോഗിക്കുന്നത് ധാരളിത്തമായും വിഡ്ഢിത്തരമായും എനിക്കു തോന്നി; ശ്രദ്ധയോടെ ശേഖരിച്ച എന്റെ കറിക്കൂട്ടുകൾക്കു പകരമാകാവുന്നതെല്ലാം തന്നെ എന്റെ കിടപ്പുമുറിയുടെ ജനലിൽ നിഴൽ വീഴ്ത്തുന്ന മരങ്ങളിലോ, അമ്മയുടെ അടുക്കളത്തോട്ടത്തിലോ വളരുന്നുണ്ടായിരുന്നു; അല്ലെങ്കിൽ അടുത്തുതന്നെയുള്ള കർഷകരുടെ മാർക്കറ്റിൽ അവയെല്ലാം കിട്ടുമായിരുന്നു.
മറ്റൊരു സംസ്കാരത്തിലെ പാചകത്തിലും അതുവഴി അപരിചിതമായ ഒരു സസ്യജാലത്തിലും കാലാവസ്ഥയിലുമുള്ള എന്റെ കടന്നുകയറ്റം നഗരങ്ങളിൽ കാണുന്ന ഉപഭോക്തൃസംസ്കാരത്തിന്റെ മറ്റൊരു ലക്ഷണം മാത്രമായിരുന്നോ?
മുതിർന്നവർ ശീലിപ്പിച്ച ആഹാരം മാത്രം, അല്ലെങ്കിൽ നമ്മുടെ ഭൂപ്രദേശവും പതിവുകളും സൃഷ്ടിച്ച വിഭവങ്ങൾ മാത്രം പാകം ചെയ്യുക എന്നും എളുപ്പത്തിനും സമയലാഭത്തിനും വേണ്ടിയുള്ള ഇക്കാലത്തെ ശ്രമങ്ങളും അഭിലാഷപൂർവ്വമായ ഫൂഡ് റ്റൂറിസവും മറക്കുക എന്നും ഞാൻ ചിലപ്പോൾ തീരുമാനിക്കാറുണ്ട്. മുൻപുതന്നെ ഇല്ലാതെയായ ഓറഞ്ജ് വകഭേദങ്ങളുടെയും ‘പൈതൃകം’ എന്ന് ഇപ്പോൾ വിശേഷിപ്പിക്കുന്ന തക്കാളിയിനത്തിന്റെ നഷ്ടമായ സുഗന്ധത്തിന്റെയും ഓർമ്മകൾ ഒരു ഹെറാക്ലിറ്റൻ മുന്നറിയിപ്പാണു നൽകുന്നത്: ഒരേ പാചകരീതിയിലേക്ക് നിങ്ങൾക്ക് രണ്ടു തവണ പ്രവേശിക്കാൻ കഴിയില്ല. വിത്തുകൾപോലും ഏതാനും ചില മൾടിനാഷനലുകൾ നിയന്ത്രിക്കുകയും, മണ്ണുകൊണ്ടുണ്ടാക്കിയ വിറകടുപ്പിന്റെ സ്ഥാനം അപാർട്മെന്റിലെ ഇലക്ട്രിക് കുക്കിങ് റെയ്ഞ്ച് ഏറ്റെടുക്കുകയും ചെയ്യുമ്പോൾ നമ്മുടെ മുത്തശ്ശിമാരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചി എങ്ങനെയാണ് വീണ്ടെടുക്കാൻ കഴിയുക? അതേസമയം തന്നെ, ഗ്രാമഭംഗിയുടെ ആ ചിത്രത്തിൽനിന്ന് അവരുടെ കഠിനാദ്ധ്വാനം എന്ന ഘടകം മാറ്റിനിർത്തുന്നതിന് നമുക്കു താല്പര്യമുള്ളതും എന്തുകൊണ്ടാവാം?
പുതിയ തലമുറകൾക്ക് നമ്മുടെ സാമ്പ്രദായികമായ അടുക്കളകളെക്കുറിച്ച് വലിയ അഭിപ്രായമൊന്നും ഉണ്ടായിരിക്കില്ല. അധികം മുൻപല്ലാതെ ഒരു ഗ്രീക് പരസ്യചിത്രത്തിൽ, അമ്മയുണ്ടാക്കുന്നത് ഒരു കടലവിഭവമാണെന്നു മനസ്സിലാക്കിയ ഒരു പെൺകുട്ടി പീറ്റ്സ ഓർഡർചെയ്യാൻ തീരുമാനിക്കുന്നത് കാണുകയുണ്ടായി. പത്തുവർഷങ്ങൾക്കു മുൻപു പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു അത്. പക്ഷെ, ഭക്ഷണം കൊണ്ടെത്തിക്കുന്ന മോട്ടോർസൈക്കിളുകൾ നിരത്തിൽ ധാരാളമായുള്ള ഇക്കാലത്ത്, വീട്ടിലിരുന്നു പണിയെടുക്കുന്ന IT ജോലിക്കാർ രാവിലത്തെ കപ്പൂച്ചിനോ തന്നെ കോഫീഷോപ്പുകളിൽ നിന്ന് ഓർഡർ ചെയ്യുന്നതും കുട്ടികളുടെ സ്കൂളുകളിലേക്ക് ഭക്ഷണശാലകളിൽ നിന്ന് ഹാംബർഗറുകൾ എത്തിച്ചുകൊടുക്കാൻ ഏർപ്പാടുചെയ്യുന്നതും സാധാരണമാകുമ്പോൾ, പരസ്യത്തിലെ പെൺകുട്ടി ചെയ്തതും സ്വാഭാവികമാണെന്നു പറയാം.
എന്തു കഴിച്ചാണ് ഇൻഡ്യയിലെ മദ്ധ്യവർഗ്ഗകുടുംബങ്ങളിലെ കുട്ടികൾ വളരുന്നത് എന്ന് ഞാൻ അതിശയിക്കാറുണ്ട്. അത് വീട്ടിലുണ്ടാക്കിയ ആഹാരമായിരിക്കുമോ? അതോ, കൊൽകത്തയിലെ തന്റെ അടുക്കളയിൽ മനോഹര വിഭവങ്ങളുണ്ടാക്കാറുള്ള ശന്തനു പരിഹാസപൂർവം പറഞ്ഞ ‘ഹിന്ദു ഫാസ്റ്റ് ഫൂഡ്’ ആയിരിക്കുമോ? അതുമല്ല, മറ്റിടങ്ങളിലുള്ളവരുടെ മേൽ അടിച്ചേല്പിക്കപ്പെടുന്ന ദാരുണമായ ഫാസ്റ്റ് ഫൂഡ് തന്നെയായിരിക്കുമോ അത്?
എന്റെ കഴിഞ്ഞ യാത്രയിൽ ഇതെക്കുറിച്ച് ഒരു സൂചന ലഭിച്ചു. അതിശയകരമായ ആഹാരമാണ് ആ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നത്: ഒരു ഫാമിലി റെസ്റ്റോറന്റിലെ മറാത്തി താലി, ഒരു കോർപൊറെയ്റ്റ് വിരുന്നിലുണ്ടായിരുന്ന പട്ടുപോലത്തെ കീമ, കൊൽകത്തയിലെ ദുർഗ്ഗപൂജാ സൽക്കാരങ്ങളും വൈകിയ രാത്രിയിലെ ഫൂച്കയും, കടൽത്തീരത്തു കിട്ടിയ ഭേൽപുരി, മുംബൈയിലെ സീഫുഡ് കറികളും ഉദാത്തമായ ഗുജറാത്തി സസ്യവിഭവങ്ങളും. എന്നിട്ടും എന്റെ ഓർമ്മയിൽ ബലമായി നിൽക്കുന്നത് ഈ വിശിഷ്ടാഹാരങ്ങളൊന്നുമല്ല. അത് രാജ്‌ധാനി എക്സ്പ്രസ്സിൽ തന്റെ ആറു വയസ്സുള്ള കുട്ടിക്ക് പ്രാതലിന് ഉരുളക്കിഴങ്ങ് ചിപ്സ് കൊടുത്ത ഒരു യുവതിയായ അമ്മയെക്കുറിച്ചുള്ളതാണ്—പാകം ചെയ്ത ആഹാരത്തിനും മധുരപലഹാരങ്ങൾക്കും പുറമെ, അത്തരം രണ്ടു പാക്കറ്റ് തലേന്നു വൈകുന്നേരവും അവർ കുട്ടിക്ക് നൽകിയിരുന്നു.
പാവപ്പെട്ട ആർക്കെങ്കിലും കുട്ടികൾക്ക് ഇത്തരം ഭക്ഷണം കൊടുക്കാൻ കഴിയുമോ? മാളുകളിലും എയർപോർട് ലൗഞ്ജുകളിലും സ്ഥലക്കച്ചവടത്തെക്കുറിച്ചും സ്വകാര്യസ്കൂളുകളെക്കുറിച്ചും സംസാരിക്കുന്ന അമിതഭാരമുള്ള മനുഷ്യർ തിങ്ങിനിറയുന്നു. പക്ഷേ, അവരുടെ ഡ്രൈവർമാരും വീട്ടുജോലിക്കാരും, പഴക്കച്ചവടക്കാരും കെട്ടിടനിർമ്മാണത്തൊഴിലാളികളുമെല്ലാം കൂടുതലും മെലിഞ്ഞ് ഉറച്ച ശരീരമുള്ള മനുഷ്യരാണ്. ഈ ലോകത്ത്, ട്രെയിനിൽ കളിക്കുന്നതുകൊണ്ടുമാത്രം കിതച്ചുപോകുന്ന, ആറുവയസ്സുള്ള, ശരീരഭാരം കൂടിയ കുട്ടികൾ അഭിലഷണീയമായ ഒരു കാര്യമായി ഒരുപക്ഷേ മാറിയേക്കാം.
അത്തരം ആറുവയസ്സുകാരെ കാണാൻ ഗ്രീസിലും ബുദ്ധിമുട്ടില്ല. ബീച്ചിൽ വച്ച് ഏതാനും ദശാബ്ദങ്ങളായെടുത്തിട്ടുള്ള കുടുംബങ്ങളുടെ ചിത്രങ്ങൾ കാണിക്കുന്നത് ശരീരവ്യാസം കൂടിവരുന്ന കുട്ടികളെയും മാതാപിതാക്കളേയുമാണ്. ഇഷ്ടാഹാരം കൊടുത്ത് കുട്ടികളെ പ്രീതിപ്പെടുത്തുന്നത് ഇവിടെ സാധാരണവുമാണ്. പോഷകാഹാരക്കുറവിന്റെയും പട്ടിണിയുടെയും പൊതുവായ ഓർമ്മകളും ഇപ്പോഴുള്ള സമൃദ്ധി ഒറ്റ രാത്രികൊണ്ട് ഇല്ലാതെയാകും എന്ന ഭയവും ബാധിച്ചിട്ടുള്ള ഒരു സമൂഹമാണിത്. പക്ഷെ, ഗ്രീസിൽ ശരീരഭാരം കൂടുന്ന പ്രവണത തൊഴിലാളികൾക്കിടയിലാണുള്ളത്. ദൈർഘ്യം കൂടിയ തൊഴിൽദിനങ്ങളും സ്കൂൾദിനങ്ങളും പൊതുഭക്ഷണത്തുനുള്ള അവസരങ്ങൾ കുറയ്ക്കുകയും ഇടയ്ക്കിടെടെയുള്ള ലഘുഭക്ഷണങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. കൃഷിക്കാരുടെ മാർക്കറ്റുകൾ സജീവമാണ്; പക്ഷേ അവിടങ്ങളിൽ കൂടുതലും വരുന്നത് പെൻഷൻ വാങ്ങുന്നവരും വാർദ്ധക്യത്തിലെത്തിയവരും അല്ലെങ്കിൽ ജോലിക്കുപോകുന്ന കുടുംബങ്ങൾക്കുവേണ്ടി ആഹാരം പാകം ചെയ്യുന്നവരുമാണ്. ഭേദപ്പെട്ട വരുമാനത്തോടെ ജോലിചെയ്യുന്നവർ സൂപ്പർമാർക്കറ്റുകളിൽനിന്ന് തിരക്കിട്ട് സാധങ്ങൾ വാങ്ങുകയാണു ചെയ്യുക—തങ്ങളുടെ ട്രോളികളിൽ പാക്കേജ് ചെയ്ത ഉല്പന്നങ്ങൾ നിറച്ചുകൊണ്ടും പണം കൊടുക്കുന്ന കൗണ്ടറിനടുത്തു പ്രദർശിപ്പിച്ചിട്ടുള്ള മിഠായികളെക്കുറിച്ച് കുട്ടികളുമായി തർക്കിച്ചുകൊണ്ടും.
അത്തരം കൗണ്ടറുകളിലൊന്നിനടുത്ത് ഈയാഴ്ച മറ്റൊന്ന് എന്റെ ശ്രദ്ധയിൽ പെട്ടു: ആഹാരവിഷയം പ്രതിപാദിക്കുന്ന ഗ്രീസിലെ ഒരു പ്രമുഖ ആനുകാലികപ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കം. ഇൻഡ്യൻ പാചകത്തെക്കുറിച്ചായിരുന്നു അതിന്റെ കവർ സ്റ്റോറി. ഞാനത് പെട്ടെന്നെടുത്ത് വായിക്കാൻ തുടങ്ങി; സ്വന്തം സംസ്കാരത്തെപ്പറ്റി ഒരു വിദേശപ്രസിദ്ധീകരണം എഴുതിയതു വായിക്കുന്ന ഒരാൾക്ക് ഉടമാവകാശബോധത്തിൽ നിന്നുണ്ടാകുന്നതുപോലെയുള്ള ഒരു സംശയമായിരുന്നു എന്റെ മനസ്സിൽ. റെസ്റ്റോറന്റുകളിൽ നിന്നുമാത്രമല്ല, ആതെൻസിൽ വസിക്കുകയും വീട്ടിലുള്ളവർക്കുവേണ്ടി ഭക്ഷണമുണ്ടാക്കുകയും ചെയ്യുന്ന ഇൻഡ്യക്കാരിൽ നിന്നുകൂടി വിവരം ശേഖരിച്ചാണ് സ്റ്റോറി ചെയ്തിരിക്കുന്നതെന്നു മനസ്സിലായപ്പോൾ എനിക്ക് ആശ്വാസം തോന്നി. ദാൽ വിഭവങ്ങളെക്കുറിച്ച് ഒരു പ്രത്യേകഭാഗമുണ്ടെന്നുകണ്ട് ഞാൻ സംതൃപ്തിയോടെ പുഞ്ചിരിച്ചു. ഇൻഡ്യക്കാരിൽ അറുപതുശതമാനത്തോളം ആളുകൾ സസ്യാഹാരികളാണെന്ന് അഭിമുഖസംഭാഷണത്തിൽ ഒരാൾ പറയുന്നത് എനിക്ക് പരിഹാസ്യമായിത്തോന്നി—എവിടെനിന്നാണ് ആ സംഖ്യ വന്നത്? അതിൽ കണ്ട ദേവനാഗിരി ലിപിയുടെ കപടാനുകരണം പുച്ഛമാണുണ്ടാക്കിയത്. പ്രിയപ്പെട്ട ചില വിഭവങ്ങളുടെ വർണ്ണശബളമായ ചിത്രങ്ങൾ സന്തോഷം നൽകുന്നവയായിരുന്നു. പ്രത്യേക സാധങ്ങൾ വിൽക്കുന്ന കടകളുടെ വിലാസങ്ങൾ ഞാൻ അതിൽനിന്ന് ശ്രദ്ധയോടെ കുറിച്ചെടുത്തു. ആതെൻസിൽ ദോശ കിട്ടുന്ന ഒരു സ്ഥലമുണ്ടെന്നറിഞ്ഞ സന്തോഷത്തിൽ മുഴുകി ഞാൻ കുറച്ചുനേരം നിൽക്കുകയും ചെയ്തു.
പ്രാദേശികഭക്ഷണം മാത്രം പാകം ചെയ്യാനുള്ള എന്റെ നിശ്ചയത്തിനെന്തു സംഭവിച്ചു? ദേശീയ പാചകരീതികളെയും ഫൂഡ് റ്റൂറിസത്തെയും കുറിച്ചുള്ള എന്റെ ഗൗരവമേറിയ ചിന്തകൾ എവിടെപ്പോയി? ബിരിയാനിയുടെ സുഗന്ധമാർന്ന പുകയിൽ ഉയർന്നുപോയി അവ അപ്രത്യക്ഷമായിട്ടുണ്ടാവണം.
ഇൻഡ്യൻ ആഹാരമുണ്ടാക്കുന്നതോ ഇൻഡ്യക്കാരുണ്ടാക്കിയ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നതോ ഞാൻ എപ്പോഴെങ്കിലും അവസാനിപ്പിക്കുമെന്നു തോന്നുന്നില്ല. ഫ്രെഞ്ച് അല്ലെങ്കിൽ ഇറ്റാലിയൻ പാചകശൈലികളെക്കാളുപരിയായി എന്റെ തന്നെ പാചകരീതികളും ധാരണകളും മനസ്സിലാക്കുന്നതിന് എന്നെ സഹായിച്ചിട്ടുള്ളത് ഇൻഡ്യൻ ഭക്ഷണത്തിലുള്ള ഇടപെടലുകളാണ്. അല്ലെങ്കിൽ തന്നെ പാശ്ചാത്യയൂറോപ്പിൽ കാണാത്ത ചില സ്വഭാവവിശേഷങ്ങൾ ഇൻഡ്യയും ഗ്രീസും ആഹാരകാര്യത്തിൽ പങ്കിടുന്നുണ്ട്: വേറിട്ടുനിൽക്കുന്ന കോഴ്സുകളെക്കാൾ ചേർത്തുകഴിക്കുന്ന വിഭവങ്ങളാണ് ഈ രണ്ടിടങ്ങളിലും സാധാരണം. അതുപോലെതന്നെ, പച്ചക്കറികളും പയർവർഗ്ഗങ്ങളും ഒരു ഉപദംശമെന്നതിലുപരി ഒരു ഭോജനത്തിന്റെ മുഖ്യഭാഗമാവുകയോ ഒരു ഭോജനം തന്നെയാവുകയോ ചെയ്യുന്ന പതിവും ഇവിടങ്ങളിലുണ്ട്. ഈ രണ്ടു ഭക്ഷണസമ്പ്രദായങ്ങളിലും ഞാൻ ഏറ്റവും ആദരിക്കുന്ന മറ്റൊരു സവിശേഷതകൂടിയുണ്ട്: തീവ്രരുചികളില്ലാത്ത ചേരുവകളുപയോഗിച്ച് വളരെയധികം രുചിയുള്ള വിഭവങ്ങളുണ്ടാക്കുന്നതിനുള്ള കഴിവാണത്. (എനിക്കു മറക്കാൻ കഴിയാത്ത മുംബൈയിലെ ഗുജറാത്തി റെസ്റ്റോറന്റ് ദാലിൽനിന്നും ചോളത്തിൽ നിന്നും പുറത്തുകൊണ്ടുവരുന്നത്ര സ്വാദ് നിങ്ങൾക്കു സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ട്രഫ്‌ൾസും സോസേജും പോലെ വളരെയധികം രുചിയുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് ഒരു ഭോജനം നിർമ്മിക്കുന്നതിലും വിഷമമുള്ള ഒരു കാര്യമാണ് നിങ്ങൾ ചെയ്തത് എന്നു ഞാൻ പറയും.)
ഇൻഡ്യൻ പാചകങ്ങളിലേക്ക് ഇനി ഒരു വിരുന്നുകാരിയായി മാത്രമേ പോവുകയുള്ളൂ എന്ന തീരുമാനവുമായി ഞാൻ പൊരുത്തപ്പെട്ടു. (പാചകങ്ങൾ, ബഹുവചനം: ഒരു സംസ്കാരത്തെ, ഒരു ദേശീയ ഭക്ഷണം എന്ന സങ്കൽപ്പത്തിലേക്ക് ചുരുക്കി കാണരുത് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കാരണം, പ്രാദേശിക ജീവിതാനുഭവങ്ങളിൽ അങ്ങനെയൊന്നില്ല.) ഒരു അന്യദേശത്തെ ഏറ്റവും ലളിതമായി പാചകം ചെയ്ത വിഭവം പോലും ആ ദേശത്തിന്റെ സാമൂഹിക, സാംസ്കാരിക യാഥാർത്ഥ്യങ്ങളേയും ആശയങ്ങളേയും പ്രതിനിധീകരിക്കുണ്ടെന്നും അവയൊരു ഒരു വലിയ വൃന്ദമായി കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ്, അതിനെ വിനയത്തോടെ സമീപിക്കുകയാണു വേണ്ടത്. നിങ്ങൾക്ക് ചെയ്യുവാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അത് ആസ്വദിക്കുക എന്നതാണ്.
വർഷങ്ങൾക്ക് മുമ്പ്, ലണ്ടനിലെ ദക്ഷിണേഷ്യാ പഠന കോഴ്സ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ (അവിടെ എല്ലാവരും എന്നോട് ചോദിക്കുമായിരുന്നു, “ഗ്രീസിൽ നിന്നൊരാൾ ഇൻഡ്യൻ ചരിത്രം പഠിക്കുകയോ? ഇതെങ്ങനെ സംഭവിച്ചു?” ബ്രിട്ടിഷുകാരോടോ ജർമൻകാരോടോ ഇതാരും ചോദിക്കാറില്ല) ഞാൻ അച്ഛനുമമ്മയ്ക്കും ഇന്ത്യൻ മധുരപലഹാരങ്ങൾ നിറച്ച ഒരു പെട്ടി സമ്മാനിച്ചു—ബർഫി, ഗുലാബ് ജാമുൻ, കാരറ്റ് ഹൽവ.
എന്റെ അച്ഛൻ, കുടുംബത്തിലെ ഭക്ഷണപ്രിയൻ, അവയൊന്നും വായിൽ വയ്ക്കാൻ കൊള്ളില്ല എന്ന് വിധിയെഴുതി. “സോപ്പിന്റെ സ്വാദ്,” എന്നാണ് എന്റെ പ്രിയപ്പെട്ട പിസ്റ്റാ ബർഫിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. എനിക്ക് ദേഷ്യം വന്നു. ഇനി ഒരിക്കലും ഒരു പുതിയ വിഭവവും വീട്ടിൽ കൊണ്ട് വരില്ല എന്ന് ഞാൻ തീരുമാനിച്ചു. സംശയമില്ല, അച്ഛൻ അത് അർഹിക്കുന്നില്ല!
പിറ്റേന്ന്, ഉച്ചഭക്ഷണത്തിന് ശേഷം തന്റെ കാപ്പിയുണ്ടാക്കുന്നതിടയിൽ അച്ഛൻ പറഞ്ഞു, “ആ സോപ്പ് കുറച്ച് കിട്ടിയാൽ വിരോധമില്ല.”